ഇസ്താംബുൾ: തന്റെ ഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളഭരണകൂടം സ്ഥാപിക്കാനുള്ള ശ്രമത്തെ തന്ത്രപൂർവം അട്ടിമറിക്ക് അധികാരം തിരിച്ച് പിടിക്കാൻ സാധിച്ചിരിക്കുകയാണ് തുർക്കി പ്രസിഡന്റ് റികെപ് എർഡോജൻ. വെള്ളിയാഴ്ച നടന്ന സംഭവത്തെ ദൈവത്തിൽ നിന്നുള്ള വരദാനം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ തന്റെ സൈന്യത്തെ തുടച്ച് വെടിപ്പാക്കാനുള്ള അവസരം ലഭിച്ചുവെന്നാണ് അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്.

തനിക്കെതിരെയുള്ള നടപടിയിൽ പ്രതികാരാഗ്‌നിയിൽ ജ്വലിച്ച അദ്ദേഹം 3000 ജഡ്ജിമാരെ അടക്കം അനേകം പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജനക്കൂട്ടമാകട്ടെ പട്ടാളക്കാരെ തെരുവിൽ കശാപ്പ് ചെയ്താണ് വെറുപ്പ് തീർത്തിരിക്കുന്നത്. പ്രസിഡന്റിനെ അട്ടിമറിച്ച് ബദൽ ഭരണകൂടം സ്ഥാപിക്കാൻ ശ്രമിച്ച റിബൽ സേനാമേധാവികൾ ജീവൻ ഭയന്ന് നാട് വിട്ട് ഗ്രീസിൽ അഭയം പ്രാപിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

തന്നെ പിന്തുണയ്ക്കുന്നവരുടെ സഹായത്തോടെയാണ് അദ്ദേഹം തിരിച്ച് വന്നിരിക്കുന്നത്. മെഡിറ്ററേനിയനിലെ മാർറിസിലായിരുന്ന എർഡോജൻ തിരിച്ച് ഇസ്താംബുളിലെത്തി തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യവെയാണ് ഈ പട്ടാളഅട്ടിമറി ദൈവത്തിന്റെ വരദാനമാണെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. സായുധരായ ബോഡിഗാർഡുകളുടെ അകമ്പടിയിൽ ശക്തമായ സുരക്ഷയിലായിരുന്നു പ്രസിഡന്റ് പ്രത്യക്ഷപ്പെട്ടിരുന്നത്.

പൊലീസും സായുധസേനകളുമായുള്ള പോരാട്ടത്തിനിടയിൽ 265 പേരാണ് വെള്ളിയാഴ്ചത്തെ സംഭവത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. നിരവധി സിവിലിയന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നു.റിബൽ നേതാവായ ജനറൽ എർഡൽ ഒസ്തുർക്കിനെ ഇസ്താബുളിൽ വച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.അട്ടിമറിയിൽ പങ്കെടുത്ത നിരവധി പട്ടാളക്കാരെ എർഡോജന്റെ അനുയായികൾ തെരുവിൽ വച്ച് വധിക്കുകയും ക്രൂരമായ മർദനങ്ങൾക്ക് വിധേയരാക്കുകയും ചെയ്തിരുന്നു.

തന്റെ പഴയ സുഹൃത്തായ ഫെതുല്ലാഹ് ഗുലെനാണ് അട്ടിമറി ഗൂഢാലോചന നടത്തിയതെന്നാണ് പ്രസിഡന്റ് ആരോപിക്കുന്നത്. ഗുലെൻ ഇപ്പോൾ പെൻസിൽവാനിയയിലാണ്. ശത്രുക്കൾ തന്നെ വധിക്കാൻ വേണ്ടി പിന്തുടർന്ന് ബോംബിട്ടിരുന്നുവെന്നും എർഡോജൻ അനുയായികളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇസ്താംബുളിലെ അറ്റാതുർക്ക് എയർപോർട്ടിലെത്തിയ മിലിട്ടറി ടാങ്കുകളെ മുന്നോട്ട് നീങ്ങാൻ സമ്മതിക്കാതെ പ്രസിഡന്റിനെ പിന്തുണയ്ക്കുന്നവർ തടയുകയായിരുന്നു. ഇതിന് വേണ്ടി സിവിലിന്മാർ റോഡിൽ കിടക്കുക വരെ ചെയ്തിരുന്നു. എയർപോർട്ട് സുരക്ഷിതമാകുന്നത് വരെ പ്രസിഡന്റ് കയറിയ വിമാനം ഇസ്താംബുളിന് തെക്ക് ഭാഗത്ത് 30 മിനുറ്റോളം വട്ടം ചുറ്റുകയും ചെയ്തിരുന്നു. സൈനിക അട്ടിമറിക്ക് ശ്രമിച്ച പട്ടാളക്കാരെയെല്ലാം രാജ്യദ്രോഹികളായി കണക്കാക്കി ശിക്ഷിക്കുമെന്നാണ് വിമാനമിറങ്ങിയ പാടെ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ തെക്ക്കിഴക്ക് ഭാഗത്തുള്ള ഇൻകിർലിക്ക് എയർബേസിലുള്ളവരാണ് ചില അട്ടിമറിക്കാരെന്ന് തുർക്കിഷ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. ഇവിടെ വച്ചാണ് നോർത്തേൺ സിറിയയിലെ ഐസിസിനെതിരെ യുഎസ് ബോംബിങ് ദൗത്യങ്ങൾ നടത്തുന്നത്. പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന പതിനായിരക്കണക്കിന് പേരാണ് തുർക്കിയിലെ വിവിധ നഗരങ്ങളിൽ ഒത്ത് കൂടിയിരുന്നത്. പട്ടാള അട്ടിമറിക്ക് ശ്രമിച്ചവർക്കെല്ലാം അർഹിക്കുന്ന ശിക്ഷ നൽകുമെന്നാണ് തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദിറിം പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ നിരോധിക്കപ്പെട്ട വധശിക്ഷയെ പട്ടാള അട്ടിമറിക്ക് ശ്രമിച്ചവരെ കൊല്ലാനായി പൊടിതട്ടിയെടുക്കാൻ പ്രസിഡന്റും പ്രധാനമന്ത്രിയും ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്.

തുർക്കിയിലെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ എർഡോജനെ അട്ടിമറിക്കാൻ ശ്രമിച്ചതെന്നാണ് പീസ് കൗൺസിൽ എന്ന് സ്വയംവിശേഷിപ്പിക്കുന്ന റിബലുകൾ പ്രതികരിച്ചിരിക്കുന്നത്. രണ്ട് ബസ് നിറയെ പട്ടാളക്കാർ സർക്കാർ ഉടമസ്ഥതയിലുള്ള ടിആർടി ന്യൂസ് ഏജൻസിയിലേക്ക് ഇരച്ച് കയറുകയും തങ്ങൾ അധികാരം പിടിച്ചെടുത്തെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. തുടർന്ന് തുർക്കിഷ് മിലിട്ടറി കർഫ്യൂ പ്രഖ്യാപിക്കുകയു ആരും പുറത്തിറങ്ങരുതെന്ന് ഉത്തരവിടുകയുമായിരുന്നു. എന്നാൽ തന്റെ അനുയായികളോട് തെരുവിലിറങ്ങാനും നിയന്ത്രണം പിടിച്ചെടുക്കാനും എർഡോജനും ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അവർ സൈന്യത്തിൽ നിന്നും അധികാരം പിടിച്ചെടുത്തിരിക്കുന്നത്.

തുർക്കിയിലെ ഏറ്റവും ഉന്നതനായ ജനറൽ ഹുലുസി അകാറിനെ അങ്കാറയിലെ മിലിട്ടറി ഹെഡ്ക്വാർട്ടേഴ്‌സിൽ ബന്ദിയായി പിടിച്ചിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.ഒരു ക്യാപ്റ്റൻ, രണ്ട് മേജർമാർ, മറ്റ് അഞ്ച് പേർ എന്നിവരാണ് മോഷ്ടിച്ച ബ്ലാക്ക്ഹാക്ക് ഹെലികോപ്റ്ററിൽ പറന്ന് ഗ്രീസിൽ അഭയം തേടിയിരിക്കുന്നത്.അവരെ എത്രയും പെട്ടെന്ന് തിരിച്ച് നൽകണമെന്ന് ഗ്രീസിനോട് തുർക്കി ആവശ്യപ്പെടുന്നുണ്ട്. ഈ എട്ട് പേരുടെ അസൈലം അപേക്ഷകൾ പെട്ടെന്ന് പരിഗണിക്കുമെന്നാണ് ഗ്രീസ് പ്രധാനമന്ത്രി അലെക്‌സിസ് സിപ്രാസ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം സൈനിക അട്ടിമറിയെ അപലപിച്ച് തുർക്കിയിലെ മതനേതാക്കൾ രംഗത്തെത്തി. മുസ് ലിം, യഹൂദ, ക്രൈസ്തവ മതമേലധ്യക്ഷന്മാർ സംയുക്ത വാർത്താകുറിപ്പിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. തീവ്രവാദി ആക്രമണത്തിന് ശേഷമുള്ള വലിയ ദുഃഖമാണ് സൈനിക അട്ടിമറി ശ്രമം. ഈ നീക്കം രാജ്യത്തിന്റെയും ലോകത്തിന്റെയും സമാധാനത്തെ താറുമാറാക്കുകയാണ്. തുർക്കി മതകാര്യ വകുപ്പ് പ്രസിഡന്റ്, ഇസ്താംമ്പൂളിലെ ഗ്രീക് ഓർത്തഡോക്‌സ് പാർത്തിയാർക്കീസ് ബാവ ബർത്തിലോമിയോസ്, തുർക്കിയിലെ മുഖ്യ യഹൂദ പുരോഹിതൻ എന്നിവരാണ് സംയുക്ത വാർത്താകുറിപ്പിൽ ഒപ്പുവച്ചത്.

അട്ടിമറി ശ്രമത്തെ തുടർന്ന് തുർക്കി എയർലൈൻസിന്റെ 925 അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ അധികൃതർ റദ്ദാക്കി. കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർ 444 0 849 എന്ന നമ്പറിൽ വിളിക്കുകയോ www.turkishairlines.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

തുർക്കിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ സർക്കാർ

ന്യൂഡൽഹി: തുർക്കിയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ കഴിയുന്നത്ര പുറത്തിറങ്ങാതിരിക്കാനും പൊതുസ്ഥലങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനും അവിടത്തെ ഇന്ത്യക്കാരോട് കേന്ദ്രസർക്കാർ അഭ്യർത്ഥിച്ചു. ഇന്ത്യയിൽനിന്ന് തുർക്കിയിലേക്കുള്ള യാത്ര തൽക്കാലം ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സഹായം ആവശ്യമെങ്കിൽ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

അങ്കാറയിൽ +905303142203, ഇസ്തംബൂളിൽ +905305671095 എന്നീ നമ്പറുകളിൽ സഹായത്തിന് ബന്ധപ്പെടാമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ഇതിനിടെ, ജനാധിപത്യത്തിനും ജനവിധിക്കും പിന്തുണ നൽകി രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എല്ലാ വിഭാഗത്തോടും ഇന്ത്യ അഭ്യർത്ഥിച്ചു.