വീട്ടിൽ ചില അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി നിലം കുഴിക്കുന്നതിനെടെയാണ് തുർക്കിയിലെ കപ്പഡോഷ്യക്കാരനായ ഒരാൾ ആ അത്ഭുതം കണ്ടെത്തിയത്. നിലം തുറന്നപ്പോൾ കണ്ടത് അത്ഭുതകരമായ കാഴ്ചകളിലേക്ക് നയിച്ച തുരങ്കം. ആയിരം വർഷമെങ്കിലും പഴക്കമുള്ള അത്ഭുത നഗരത്തിന്റെ ശേഷിപ്പിക്കുകളിലേക്കായാരുന്നു ആ തുറക്കൽ. ഡെരിൻകുയു എന്ന അത്ഭുത നഗരം അങ്ങനെയാണ് ലോകം കാണുന്നത്. 20,000 പേരെങ്കിലും താമസിച്ചിരുന്ന 18 നിലക്കെട്ടിടമാണ് അവിടെ അന്ന് കണ്ടെത്തിയത്.

ബൈസാന്റിൻ കാലത്ത് എ.ഡി. 780-1180 കാലയളവിൽ നിർമ്മിച്ച അത്ഭുത നഗരമാണിത്. അടുക്കളകളും തോട്ടങ്ങലും കിണറുകളും ശവകുടീരങ്ങലും പള്ളികളുമൊക്കെയായി ആധുനിക നഗരജീവിതത്തിന്റെ ചിഹ്നങ്ങളെല്ലാം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 600-ഓളം വാതിലുകൾ ഈ നഗരത്തിലേക്ക് കടക്കാനും പുറത്തേയ്ക്ക് പോകാനും പണിതീർത്തിരുന്നു. ശത്രുക്കൾ കടക്കാതിരിക്കാനുള്ള മുൻകരുതലുകളും ഇവിടെ സ്വീകരിച്ചിരുന്നു. ശത്രുക്കൾ കടക്കാതിരിക്കുന്നതിന് കല്ലുകൾ പതിച്ച വാതിലുകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

തുർക്കിയിൽ ഭൂമിക്കടിയിൽ വേറെയും നഗരങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഡെരിൻകുയുവിന്റെ അത്രയും വലിപ്പമുള്ള നഗരം വേറെ കണ്ടെത്താനായിട്ടില്ല. ഇപ്പോഴും ഇതിന്റെ പകുതി ഭാഗത്തുമാത്രമേ പ്രവേശിക്കാനായിട്ടുള്ളൂ. കപ്പഡോഷ്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇതിനകം ഈ അധോലോക നഗരം മാറിക്കഴിഞ്ഞു.

പാറകൾ പ്രകൃത്യാതന്നെ ശില്പങ്ങൾ പോലെ രൂപം മാറിയ പ്രദേശമാണ് കപ്പഡോഷ്യ. പൗരാണികമായ സംസ്‌കാരം ഇവിടെ നിലനിന്നിരുന്നുവെന്നതിന്റെ സൂചനകളായി ഒട്ടേറെ അവശിഷ്ടങ്ങളും ഇവിടെ നേരത്തെതന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഡുരുൻകുയുവിന്റെ കണ്ടെത്തലോടെയാണ് കപ്പഡോഷ്യയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്. പുരാവസ്തുക്കളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരും ഇവിടെയെത്താറുണ്ട്. വളർത്തുമൃഗങ്ങളടക്കമുള്ള സർവസജ്ജീകരങ്ങളോടുംകൂടിയ ജീവിതമാണ് ഇവിടടെ നിലനിന്നിരുന്നതെന്നാണ് വിലയിരുത്തുന്നത്.