യെരുശലേം: പശ്ചിമേഷ്യയിലെ സമാധാനജീവിതത്തെ ആശങ്കയുടെ മുൾമുനയിലേക്ക് തള്ളിവിട്ട് ജറുസലേം പ്രശ്‌നം കൂടുതൽ വഴിത്തിരിവിലേക്ക്. യഹൂദരുടെയും ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും പുണ്യഭൂമിയായ ജറുസലേമിനെ ഏകപക്ഷീയമായ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ മുസ്ലിം രാജ്യങ്ങളുയർത്തിയ കടുത്ത പ്രതിഷേധം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. കിഴക്കൻ ജറുസലേമിനെ ഫലസ്തീന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് തുർക്കി അതിന് തുടക്കമിട്ടു. ലോകമെമ്പാടുമുള്ള മുസ്ലിം രാജ്യങ്ങളോട് തങ്ങളുടെ മാതൃക പിന്തുടരാനും തുർക്കി പ്രസിഡന്റ് റീസെപ്പ് തായിപ്പ് എർഡോഗൻ ആവശ്യപ്പെട്ടു.

ഇസ്രയേലിന്റെ പൂർണനിയന്ത്രണത്തിലുള്ള ജറുസലേമിൽ തുർക്കിയുടെ പ്രഖ്യാപനം എങ്ങനെ നടപ്പിലാക്കുമെന്ന് വ്യക്തമല്ല. എന്നാൽ, ആ പ്രഖ്യാപനം ജറുസലേമിനെച്ചൊല്ലി ലോകത്തെ രണ്ടുചേരിയിലാക്കുമെന്ന് ഉറപ്പാണ്. ജറുസലേം നഗരം മുഴുവനായും തലസ്ഥാനമാണെന്ന നിലപാടിലാണ് ഇസ്രയേൽ. എന്നാൽ, ഫലസ്തീനാകട്ടെ, അവരുടെ വാഗ്ദത്ത രാജ്യത്തിന്റെ തലസ്ഥാനമായി കാണുന്നത് കിഴക്കൻ ജറുസലേമിനെയാണ്. 1967-ലെ യുദ്ധത്തിൽ ഇസ്രയേൽ അധിനിവേശം നടത്തി കൈവശപ്പെടുത്തിയതാണിവിടം. ലോകത്തെ മറ്റു രാജ്യങ്ങളൊന്നും അതംഗീകരിച്ചിട്ടുമില്ല.

കിഴക്കൻ ജറുസലേമിൽ സ്ഥാനപതി കാര്യാലയം തുറക്കാനുദ്ദേശിക്കുന്നതായും എർഡോഗൻ പറഞ്ഞിട്ടുണ്ട്. മറ്റു മുസ്ലിം രാജ്യങ്ങളും ഇതേ പാത പിന്തുടർന്നാൽ അത് പ്രതിസന്ധിക്ക് വഴിവെക്കും. ടെൽ അവീവിലാണ് നിലവിൽ തുർക്കിയുടെ സ്ഥാനപതി കാര്യാലയം. ഈ മാസമാദ്യമാണ് ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. ടെൽ അവീവിലുള്ള അമേരിക്കൻ സ്ഥാനപതി കാര്യാലയം ജറുസലേമിലേക്ക് മാറ്റുമെന്നും ട്രംപ് പറഞ്ഞിരുന്നു.

ജറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ച നടപടി ഉചിതമായില്ലെന്ന ലോകരാജ്യങ്ങളെല്ലാം അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കയുടെ സഖ്യകക്ഷികളടക്കം തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ, തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ ഉറച്ചുനിന്ന ട്രംപ്, അമേരിക്കയുടെ മുൻ പ്രസിഡന്റുമാർ ഇക്കാര്യത്തിൽ പിന്തുടർന്ന നയതന്ത്രം പോലും പരിഗണിച്ചിരുന്നില്ല. ട്രംപിന്റെ ഈ നടപടിക്ക് കടുത്ത തിരിച്ചടിയാണ് തുർക്കി ഇപ്പോൾ നൽകിയിരിക്കുന്നത്.

തുർക്കിയിലെ കരാമനിൽ തന്റെ പാർട്ടിയായ എ.കെ.പാർട്ടിയുടെ സമ്മേളനത്തിൽ സംസാരിക്കവെയാണ് എർഡോഗൻ നിലപാട് വ്യക്തമാക്കിയത്. കിഴക്കൻ ജറുസലേമിൽ എംബസി തുറക്കുന്ന ദിനം അകലെയല്ലെന്ന് അദ്ദേഹം പറഞ്ഞു. ജറുസലേമിലേക്ക് അംബാസഡറെ അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം രാജ്യങ്ങളോട് ഇതേ മാതൃക പിന്തുടരണമെന്നും എർഡോഗൻ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയൊരു സ്ഥിതി വിശേഷം വന്നാൽ പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമാകുമെന്നുറപ്പാണ്.

ഈയാഴ്ചയാദ്യം ഇസ്താംബുളിൽ ചേർന്ന മുസ്ലിം രാജ്യങ്ങളുടെ സംഘടനയായ ഇസ്ലാമിക് കോ-ഓപപ്പറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടി ട്രംപിന്റെ പ്രഖ്യാപനം നിലനിൽക്കുന്നതല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. 54 രാജ്യങ്ങൾ അംഗങ്ങളായുള്ള സംഘടനയുടെ അസാധാരണ ഉച്ചകോടിയാണ് ഇസ്താംബുളിൽ ചേർന്നത്. പശ്ചിമേഷ്യയിലെ സമാധാന ചർച്ചകൾ നടക്കുമ്പോൾ നിഷ്പക്ഷനായ ഇടനിലക്കാരന്റെ വേഷം അണിയാൻ അമേരിക്കയ്ക്ക് ഇനി സാധിക്കില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

ജറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ, പശ്ചിമേഷ്യയിലെ രക്തച്ചൊരിച്ചിലിൽ അമേരിക്കയും പങ്കാളികളായിരിക്കുകയാണെന്ന് സമ്മേളനത്തിൽ എർഡോഗൻ വ്യക്തമാക്കിയിരുന്നു.