ചരിത്രം നിങ്ങളോട് പൊറുക്കില്ല, മറക്കുകയും ഇല്ല; സങ്കുചിത താൽപര്യങ്ങൾക്കായി ഫലസ്തീനിയൻ ജനതയെ വഞ്ചിച്ചു; ഇസ്രയേലുമായുള്ള ബന്ധത്തിൽ യുഎഇയുമായി ഉടക്കി തുർക്കി; ഏകപക്ഷീയമായ നീക്കത്തിലൂടെ അറബ് ലീഗിന്റെ 2002 ലെ അറബ് സമാധാന പദ്ധതിയെ ഇല്ലാതാക്കാനുള്ള നടപടി ആശങ്കാജനകമെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം; യുഎഇയ്ക്ക് പുറമേ മറ്റൊരു രാജ്യവും ഇസ്രയേലുമായി അടുക്കുന്നതായി സൂചന; വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങൾ ഇസ്രയേൽ പക്ഷത്തേക്കെന്നും സൂചന
- Share
- Tweet
- Telegram
- LinkedIniiiii
അങ്കാറ: ഇസ്രയേൽ -യുഎഇ ധാരണ പശ്ചിമേഷ്യൻ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചലനം സൃഷ്ടിക്കുന്നു.ഇസ്രഈൽ- യു.എ.ഇ അനുനയ ധാരണയ്ക്ക് പിന്നാലെ പ്രതികരണവുമായി തുർക്കി രംഗത്തെത്തി. യു.എ.ഇയുടെ ഈ നീക്കത്തിന് ചരിത്രം മാപ്പു തരില്ലെന്നാണ് തുർക്കി വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. 'യു.എ.ഇയുടെ ഈ കപട സ്വഭാവത്തെ ചരിത്രവും മേഖലയിലെ ജനങ്ങളുടെ മനസാക്ഷിയും ഒരിക്കലും മറക്കുകയോ മാപ്പു നൽകുകയോ ഇല്ല സങ്കുചിത താൽപര്യങ്ങൾക്കായി ഫലസ്തീനിയൻ ജനതയെ വഞ്ചിച്ചു,' തുർക്കി വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു.
ഏകപക്ഷീയമായ നീക്കത്തിലൂടെ അറബ് ലീഗിന്റെ 2002 ലെ അറബ് സമാധാന പദ്ധതിയെ ഇല്ലാതാക്കാനുള്ള നടപടി ആശങ്കാ ജനകമാണെന്നും തുർക്കി പ്രതികരിച്ചു. നേരത്തെ വിഷയത്തിൽ ഫലസ്തീൻ നേതൃത്വം രംഗത്തു വന്നിരുന്നു. യു.എ.ഇയും ഇസ്രയേലും യു.എസും ഒരുമിച്ച് നടത്തിയ ഈ പ്രഖ്യാപനത്തെ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹമ്മുദ് അബ്ബാസിന്റെ വക്താവ് അറിയിച്ചു. ഫലസ്തീനെ ചതിക്കുകയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു. സമാനമായി ഫലസ്തീനിലെ ഹമാസ് നേതൃത്വവും പ്രതികരിച്ചു. ഫലസ്തീൻ ജനതയുടെ അവകാശ നിഷേധത്തിനും ഇസ്രയേൽ അധിനിവേശത്തിനും ഇത് കാരണമാവുമെന്ന് ഹമാസ് പ്രതിനിധി ഹസിം ഖാസിം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ഇസ്രയേലും യു.എ.ഇയും തമ്മിലുള്ള സൗഹൃദത്തിന് ധാരണയായതിനു പിന്നാലെ മറ്റൊരു അറബ് രാജ്യവും ഇസ്രഈലുമായി അടുക്കാനൊരുങ്ങുന്നു എന്ന സൂചനയും പുറത്തുവരുന്നുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേശകനായ ജാരെദ് കുഷ്നറാണ് മാധ്യമങ്ങളോട് ഇക്കാര്യം സൂചിപ്പിച്ചത്. 'വരും ദിവസങ്ങളിൽ മറ്റൊരു രാജ്യവും ഇസ്രയേലുമായി കരാറിലാവാനുള്ള നല്ല സാധ്യതയുണ്ട്,' ജാരേദ് കുഷ്നർ മാധ്യമങ്ങളോട് പറഞ്ഞു.
യു.എ.ഇ- ഇസ്രഈൽ ധാരണയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ ഒമാനും ബഹ്റിനും ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനൊരുങ്ങുന്നെന്നാണ് പേരു വെളിപ്പെടുത്താത്ത യു.എസിലെ ഒരു ഉദ്യോഗസ്ഥൻ അൽ ഖുദ്സ് പത്രത്തോട് പ്രതികരിച്ചിരിക്കുന്നത്. അതേ സമയം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇവയിൽ ഒരു രാജ്യത്തിന്റെ പേരും പരാമർശിച്ചിട്ടില്ല. അതേ സമയം ഇതിന്റെ സൂചന ട്രംപ് നൽകിയിരുന്നു.
'ചില കാര്യങ്ങൾ നടക്കുന്നുണ്ട്. പക്ഷെ എനിക്ക് പറയാൻ കഴിയില്ല,' ട്രംപ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്. യുെഇ-ഇസ്രഈൽ ധാരണയ്ക്ക് പിന്നാലെ അടുത്ത മൂന്നാഴ്ചക്കുള്ളിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ വൈറ്റ് ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ, സുരക്ഷ, ടെലി കമ്യൂണിക്കേഷൻ എന്നീ മേഖലകളിൽ വിവിധ കരാറുകളിൽ ഒപ്പു വെക്കും.
നിലവിൽ ജോർദാൻ, ഈജിപ്ത്, യു.എ.ഇ എന്നീ അറബ് രാജ്യങ്ങൾക്കു മാത്രമേ ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉള്ളൂ. ഇസ്രഈലുമായി ബന്ധമുള്ള ഒരേ ഒരു ഗൾഫ് രാജ്യം കൂടിയാണ് നിലവിൽ യുഎ.ഇ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇസ്രഈലും യു.എ.ഇയും തമ്മിൽ നയതന്ത്ര ബന്ധത്തിന് ധാരണയായത്. വെസ്റ്റ് ബാങ്ക് ഭാഗങ്ങൾ പിടിച്ചടക്കുന്നത് നിർത്തുമെന്ന ഇസ്രഈലിന്റെ ഉറപ്പിന്റെ പുറത്താണ് ധാരണയായത്.
വരും ആഴ്ചകളിൽ യുഎഇയും ഇസ്രയേലും ഊർജം, നിക്ഷേപം, ടൂറിസം, നേരിട്ടുള്ള വിമാന സർവീസുകൾ, സുരക്ഷ, ടെലികോം അടക്കമുള്ള മേഖലകളിൽ ഉഭയകക്ഷി കരാറുകൾ ഒപ്പുവയ്ക്കും. വൈകാതെ എംബസികളും തുറക്കും. കോവിഡ് വാക്സീൻ വികസിപ്പിക്കാൻ ഇസ്രയേൽ കമ്പനിയുമായി യുഎഇ കഴിഞ്ഞ മാസം ധാരണയിലെത്തിയിരുന്നു. മക്കയും മദീനയും കഴിഞ്ഞാൽ ഏറ്റവും വിശുദ്ധമായി മുസ്ലിം സമൂഹം കരുതുന്ന ജറുസലം പഴയ നഗരത്തിലെ അൽ അഖ്‌സ പള്ളിയിലേക്കു കൂടുതൽ പേർക്കു തീർത്ഥാടന അനുമതി ലഭിക്കും. അബുദാബി ടെൽ അവീവ് വിമാന സർവീസ് ആരംഭിക്കുന്നതോടെ ഇതു സാധ്യമാകും.
മറുനാടന് ഡെസ്ക്