ന്യൂഡൽഹി: തുർക്കിയിലുള്ള മലയാളി കായികതാരങ്ങൾ സുരക്ഷിതർ. അതിനിടെ പട്ടാള അട്ടിമറി ശ്രമത്തെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന തുർക്കിയിലെ ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി.

ഇന്ത്യക്കാർ പൊതുസ്ഥലങ്ങളിൽ ഇറങ്ങരുതെന്ന് തുർക്കി തലസ്ഥാനമായ അങ്കാരയിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിദേശകാര്യ വാക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സ്ഥിതിഗതികൾ സാധാരണ നിലയിൽ എത്തുന്നതുവരെ ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനാണ് എംബസിയുടെ നിർദ്ദേശം. ഇന്ത്യക്കാർക്ക് ബന്ധപ്പെടാനായി തുർക്കിയിലെ അടിയന്തര നമ്പറുകളും നൽകിയിട്ടുണ്ട്. അങ്കാരയിലേക്ക് +905303142203 എന്ന നമ്പറിലും ഇസ്താംബുളിലേക്ക് +905305671095 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.

ലോക സ്‌കൂൾ മീറ്റിൽ പങ്കെടുക്കാനാണ് മലയാളി വിദ്യാർത്ഥികൾ ഇവിടെയെത്തിയത്. ഇവർ സുരക്ഷിതരെന്നു ടീം മാനേജർ ചാക്കോ ജോസഫും പറഞ്ഞു. ഇവരെ തിങ്കളാഴ്ച നാട്ടിലെത്തിക്കും. 13 മലയാളികൾ ഉൾപ്പെടെ 190 പേരാണ് ഇന്ത്യൻ ടീമിലുള്ളത്. ട്രാബ്‌സൺ എന്ന സ്ഥലത്താണ് ടീമുള്ളത്. ഇവരെ വിമാനമാർഗ്ഗം നാട്ടിലേക്ക് കൊണ്ടുവരും. ഇസ്താംബൂൾ വിമാനത്താവളം നിലവിൽ സുരക്ഷിതമാണ്. അല്ലെങ്കിൽ ഇവരെ അയൽരാജ്യത്തേക്ക് മാറ്റുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അതിനിടെ സൈന്യത്തിന്റെ അട്ടിമറി ശ്രമം ജനങ്ങളുടെ പിന്തുണയോടെ സർക്കാർ തകർക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഉടൻ ആശങ്കമാറുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. അട്ടിമറി ശ്രമത്തിൽ പങ്കുണ്ടെന്നു വ്യക്തമായ 754 സൈനികരെ അറസ്റ്റ് ചെയ്തു. ഇതിൽ കേണൽ റാങ്കിലുള്ള 29 പേരും ജനറൽ റാങ്കിലുള്ള അഞ്ചുപേരുമുണ്ട്. ഇവരെ തൽസ്ഥാനത്തുനിന്നു നീക്കിയെന്ന് തുർക്കി സർക്കാരും അറിയിച്ചു.