ങ്ങൾ ഏറെക്കാലമായി കൊതിക്കുന്ന യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് നേരെ പാശ്ചാത്യ രാജ്യങ്ങൾ വേണ്ടത്ര താൽപര്യം പുലർത്താത്ത സാഹചര്യത്തിൽ നാറ്റോയും വിടാൻ തുർക്കി ആലോചിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുർക്കിയിൽ അടുത്തിടെ ഉണ്ടായ പരാജയപ്പെട്ട അട്ടിമറി ശ്രമത്തിൽ നാറ്റോ സജീവമായി ഇടപെടാത്ത സാഹചര്യത്തിൽ തങ്ങൾ നാറ്റോ വിട്ട് പോകാൻ സാധ്യതയേറെയാണെന്ന ഭീഷണിയുമായി തുർക്കിയുടെ വിദേശകാര്യമന്ത്രിയായ മെവ്ലുട്ട് കാവുസോഗ്ലു രംഗത്തെത്തിയിട്ടുണ്ട്. തുർക്കി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അനഡോളു ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.നിലവിൽ തുർക്കിക്കെതിരായ വികാരവും പ്രസിഡന്റ് തയിപ് എർഡോജന് നേരെയുള്ള എതിർപ്പും യൂറോപ്യൻ യൂണിയനിൽ വളർത്തപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രി ആരോപിക്കുന്നു. ഈ ഒരു സാഹചര്യത്തിൽ റഷ്യയുമായി കൂടുതൽ അടുക്കാനും തുർക്കി നീക്കം ആരംഭിച്ചിട്ടുണ്ട്. തൽഫലമായി യൂറോപ്പ് ദുർബലമായിക്കൊണ്ടിരിക്കുകയുമാണ്.

തുർക്കിയിലുണ്ടായ അട്ടിമറി ശ്രമത്തോട് യൂറോപ്യൻ യൂണിയൻ നടത്തിയ പ്രതികരണത്തിൽ പാളിച്ചകളേറെയുണ്ടായിട്ടുണ്ടെന്നും പാശ്ചാത്യ സഖ്യത്തിന് തുർക്കിയെ നഷ്ടപ്പെടുകയാണെങ്കിൽ അതിന്റെ പൂർണമായ ഉത്തരവാദിത്വം അവർക്ക് തന്നെയായിരിക്കുമെന്നും കാവുസോഗ്ലു മുന്നറിയിപ്പേകുന്നു.നാറ്റോയിൽ യുഎസ് കഴിഞ്ഞാൽ സൈനിക ശക്തിയുടെ കാര്യത്തിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് തുർക്കി. മിഡിൽ ഈസ്റ്റുമായി പാശ്ചാത്യ രാജ്യങ്ങൾക്കുള്ള അഭിപ്രായവ്യത്യാസങ്ങളിലെയും ഉരസലുകളിലെയും നിർണായകമായ മധ്യവർത്തിയുമാണ് തുർക്കി.എന്നാൽ ഈ ഒരു സാഹചര്യത്തിലും നാറ്റോയിലെ തുർക്കിയിലെ അംഗത്വത്തെക്കുറിച്ച് അനിശ്ചിതത്വങ്ങളൊന്നുമില്ലെന്നാണ് ഇന്നലെ നാറ്റോ പ്രതികരിച്ചിരിക്കുന്നത്. തുർക്കിയിൽ നടന്ന അട്ടിമറിയിൽ രാജ്യത്തിന് സ്വയം ഐക്യവും സമാധാനവും വീണ്ടെടുക്കാൻ സാധിക്കുമെന്നും നാറ്റോ പറയുന്നു.

തുർക്കി നാറ്റോയിലെ വിലയേറിയ അംഗമാണെന്നും നാറ്റോയുടെ സംയുക്ത പരിശ്രമങ്ങളിൽ നിർണായകമായ സംഭാവനകളാണ് തുർക്കി നൽകുന്നതെന്നും നാറ്റോ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. നാറ്റോയുടെ പിന്തുണ തുർക്കിക്ക് തുടർന്നും പ്രതീക്ഷിക്കാമെന്നും ഈ പ്രസ്താവന ഉറപ്പ് നൽകുന്നു.തുർക്കി സർക്കാർ നേരിട്ട അട്ടിമറി ശ്രമത്തിന് ശേഷം നാറ്റോയുടെ സെക്രട്ടറി ജനറൽ ഇതിനെക്കുറിച്ച് തുർക്കിയുടെ വിദേശകാര്യമന്ത്രിയുമായും പ്രസിഡന്റുമായും ചർച്ച ചെയ്തിരുന്നുവെന്നും അപലപിച്ചിരുന്നുവെന്നും പൂർണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നുവെന്നുമാണ് നാറ്റോ പറയുന്നത്.എന്നാൽ സിറിയയിലെ പ്രശ്നത്തിൽ ഒരു ശാശ്വത പരിഹാരം കാണുന്നതിനായി റഷ്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ തുർക്കി ഒരുങ്ങുന്നുവെന്നാണ് തുർക്കി വിദേശകാര്യമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ചർച്ച നടത്താനായി വിദേശകാര്യമന്ത്രാലയം, സൈന്യം, ഇന്റലിജൻസ് എന്നിവയുടെ ഒഫീഷ്യലുകൾ റഷ്യയിലേക്ക് പോകുന്നുണ്ടെന്നും കാവുസോഗ്ലു പറയുന്നു.

തുർക്കിയിൽ നിന്നുള്ള ഉൽപന്നങ്ങളെ നിറഞ്ഞ മനസോടെ സ്വീകരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും പുരോഗതിച്ച് കൊണ്ടിരിക്കുന്ന തുർക്ക്സ്ട്രീം ഗ്യാസ് പൈപ്പ്ലൈൻ പ്രൊജക്ടിന് വേണ്ടി റഷ്യയുമായി പുതിയ കരാർ ഉണ്ടാക്കുമെന്നും കാവുസോഗ്ലു പറയുന്നു. പരസ്പരമുള്ള വ്യാപാര, ഊർജബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്ന സംയുക്ത പ്രസ്താവന പുട്ടിനും എർഡോജനും ചൊവ്വാഴ്ച പുറപ്പെടുവിച്ചിരുന്നു. സിറിയൻ അതിർത്തിയിൽ തുർക്കി റഷ്യൻ വിമാനം വെടിവച്ച് വീഴ്‌ത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമീപകാലത്ത് വഷളായിരുന്നു. ഇതിന് ശേഷം ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ഇരുനേതാക്കളും ആദ്യമായി ചർച്ച നടത്തിയിരിക്കുന്നത്. സെന്റ് പീറ്റേഴ്സ്ബർഗിൽ വച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ചയുണ്ടായത്.