'മണ്ടത്തരം മാത്രം ചെയ്യുന്നയാൾ' എന്നാണത്രേ തുർക്കി എന്ന വാക്കിന് കേംബ്രിജ് ഡിക്ഷനറിയിൽ അർഥം കൊടുത്തിരുക്കുന്നത്. ഈവർഷം ജൂണിൽ തുർക്കി എന്ന രാജ്യത്തിന്റെ പേര് തുർക്കിയ എന്നാക്കി മാറ്റിയ എർദോഗാൻ സർക്കാറിന്റെ നടപടിയെ പിന്തുണച്ച് സർക്കാർ ചാനലായ ടിആർടി വേൾഡ് പറഞ്ഞത് ഈ വാക്കിലെ അർഥ വ്യത്യാസങ്ങളാണ്. ടർക്കിക്കോഴിയുടെയും മറ്റും ഓർമയുണർത്തുന്നതും മറ്റു നിഷേധസൂചനകളുള്ളതുമായ തുർക്കി എന്ന പേരു രാജ്യത്തിനു വേണ്ടെന്നാണു തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂദ് കവുസോഗ്ലു ചൂണ്ടിക്കാട്ടിയത്. നമ്മൾ ഇപ്പോഴും തുർക്കി എന്ന് വിളിക്കുന്ന തുർക്കിഷ് റിപ്പബിക്ക് എന്ന രാജ്യത്തിന്റെ പുതിയപേര് തുർക്കിയ എന്നാണ്. പക്ഷേ ഈ രാജ്യത്ത് സംഭവിക്കുന്ന സമകാലീന കാര്യങ്ങളും പ്രസിഡന്റ് റജബ് ത്വയിബ്ബ് എർദോഗാന്റെ നടപടികളും ഓർത്തുനോക്കുമ്പോൾ, 'മണ്ടത്തരം മാത്രം ചെയ്യുന്നയാൾ' എന്ന പേര് അന്വർഥമാവുകയാണ്.

8.9 ശതമാനം സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയ ലോകത്തിലെ മികച്ച, 15 രാജ്യങ്ങളിൽ ഒന്നായിരുന്നു തുർക്കി. ഏതാനും വർഷങ്ങൾക്കകം രാജ്യത്തെ ആളോഹരി വരുമാനം മൂന്നിരട്ടിയായി വർധിച്ചു. പക്ഷേ എന്നിട്ടും ഒരു ഇസ്ലാമിക സാമ്പത്തിക അന്ധവിശ്യാസത്തിന്റെ ഫലമായി അതിന്റെ ഗുണഫലങ്ങൾ ഒന്നും തന്നെ രാജ്യത്തിന്റെ ജനങ്ങൾക്ക് കിട്ടാതെപോവുകയാണ്. നാണ്യപ്പെരുപ്പം 65 ശതമാനമാണ്. അവശ്യസാധനങ്ങളുടെ വില റോക്കറ്റുപോലെ കുതിക്കുന്നു. ഇതിനൊക്കെ ഇടയാക്കിയത് ഒരു സാമ്പത്തിക അന്ധവിശ്വാസമാണ്. അതായത്, പലിശവാങ്ങുന്നത് ഹറാമാണെന്ന ഇസ്ലാമിക വിശ്വാസം.

നേരത്തെതന്നെ ആഭ്യന്തര കാര്യത്തിലും വിദേശ നയത്തിലുമെല്ലാം എർദോഗാൻ മത ഭീകര നയമാണ് നടപ്പാക്കിയത്്. ഹാഗിയ സോഫിയ വിഷയത്തിലും, ഫ്രാൻസിലെ മതനിന്ദാ വിവാദത്തിലും, ഇന്ത്യയിലുണ്ടായ പ്രവാചകനിന്ദാ വിവാദത്തിലുമെല്ലാം മതം എടുത്തിട്ടാണ് എർദോഗാൻ കളിച്ചത്. ഇപ്പോൾ സാമ്പത്തികശാസ്ത്രത്തിലേക്കും അയാൾ മതം കടത്തി. അതിന് അനുഭവിക്കേണ്ടി വന്നതാവട്ടെ, തുർക്കി ജനതയും.


തല തിരിഞ്ഞ സാമ്പത്തിക നയം

നാണ്യപെരുപ്പം വർദ്ധിക്കുമ്പോൾ പലിശനിരക്ക് കൂട്ടി സേവിങ്‌സ് കൂട്ടി മണി സർക്കുലേഷൻ കുറയ്ക്കുക എന്നത് ലോകമെമ്പാടും പിന്തുടരുന്ന സ്റ്റാൻഡേർഡ് നടപടി ക്രമം മാത്രമാണ്. പക്ഷെ ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ദ്ധർ പറയുന്നതിന് നേർവിപരീതമായി പ്രവർത്തിച്ച് വിജയം നേടാമെന്നാണ്, തുർക്കിയിലെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപതി എർദോഗൻ കരുതുന്നത്. കഴിഞ്ഞ രണ്ടരവർഷമായി തുർക്കി കേന്ദ്രബാങ്കിന്റെ മൂന്ന് മേധാവികളെയാണ് എർദേഗാൻ മാറ്റിയത്. കാരണം എർദോഗന്റെ മതവിശ്വാസപ്രകാരം പലിശ കൊടിയ പാപമാണ്. അപ്പോൾ പലിശ വേണ്ടെന്ന് വെക്കണോ? വേണ്ട, അത് കുറയ്ക്കണം. അങ്ങനെ പാപഭാരം കുറയ്ക്കണം! തുർക്കി സെട്രൽ ബാങ്കിനോട് ബാങ്ക് റേറ്റ്(കേന്ദ്ര ബാങ്ക് കീഴിലുള്ള ബ്രാഞ്ചുകൾക്ക് നൽകുന്ന ലോണിന്റെ പലിശ) കുറയ്ക്കാനായി എർദോഗൻ പലതവണം സമ്മർദ്ദം ചെലുത്തി വിജയിച്ചു. 2011 ൽ രണ്ട് തവണ അങ്ങനെ കുറച്ചു, 18 ശതമാനത്തിൽ നിന്ന് 14 ശതമാനമാക്കി. ഫലമോ നാണ്യപെരുപ്പവും വിലക്കയറ്റവും റോക്കറ്റ് പോലെ കുതിക്കുന്നു. നിലവിൽ 65 ശതമാനം ആണ് തുർക്കിയിലെ നാണ്യപെരുപ്പനിരക്ക്!

2004-2008 കാലഘട്ടത്തിൽ കുറഞ്ഞ പലിശനിരക്കിൽ ടർക്കിഷ് സമ്പദ് വ്യവസ്ഥ മികച്ചനേട്ടം ഉണ്ടാക്കി എന്നതാണ് എർദഗോന്റെ ഈ ആത്മവിശ്വാസത്തിന് കാരണം. പക്ഷെ അക്കാലത്ത് ലോകമെമ്പാടും ശരാശരി നാണ്യപെരുപ്പ നിരക്ക് കുറവായിരുന്നു. തുർക്കിയിലും അങ്ങനെ തന്നെയായിരുന്നു. മെച്ചപെട്ട കയറ്റുമതി റെക്കോഡുള്ള രാജ്യമെന്ന നിലയിൽ തുർക്കിയുടെ സമ്പദ് വ്യവസ്ഥ അക്കാലത്ത് താരതമ്യേന നല്ല പ്രകടനം കാഴ്ചവെച്ചു. ഇപ്പോൾ അതല്ല അവസ്ഥ. ലോകമെമ്പാടും കോവിഡിന് ശേഷം നാണ്യപെരുപ്പവും വിലവർദ്ധനയും ഭീതിദമായി വർധിക്കുകയാണ്. യൂറോപ്യൻ യൂണിയനും അമേരിക്കയും ഇന്ത്യും തുടങ്ങി മിക്ക രാജ്യങ്ങളിലും നാണ്യപെരുപ്പ നിരക്ക് വർധിക്കുകയാണ്. തുർക്കിയിൽ നാണ്യപെരുപ്പം 2020 ൽ 29 ശതമാനവും 2021 അവസാനം 40 ശതമാനവും ആയിരുന്നുവെങ്കിൽ ഇപ്പോൾ കൈവിട്ട അവസ്ഥയാണ്. വില വർധന താങ്ങാനാവാതെ തുർക്കി ജനത നട്ടം തിരിയുന്നു.


പലിശ കൊടിയ പാപമെന്ന് എർദോഗാൻ

സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങൾ അറിയുന്ന ആർക്കും അറിയാം പലിശ എന്നത്, അതിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ്. കൊള്ളപ്പലിശയെയാണ് ആധുനിക സമൂഹം എതിർക്കുന്നത്. എന്നാൽ ഇസ്ലാമിക വിശ്വാസ പ്രകാരം കൊടിയ പാപമാണ് ഇത്. പലിശ പാപമാണെന്നും അത് കൂട്ടിയാൽ പാപത്തിന്റെ നിരക്ക് കൂടുമെന്നും തനിക്ക് സ്വർഗ്ഗം കിട്ടാതെയാകുമെന്നും എർദഗോൻ ഭയക്കുന്നു. അദ്ദേഹം അത് തുറന്ന് പറയുന്നുമുണ്ട്.

പ്രശ്സത സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ സി രവിചന്ദ്രൻ ഇങ്ങനെ നിരീക്ഷിക്കുന്നു. ' മതം സമ്പദ് വ്യവസ്ഥയിൽ ചെലുത്തുന്ന ദുഷിച്ച സ്വാധീനത്തിന് ഒരുദാഹരണമാണ് ഈ തല തിരിഞ്ഞ പോളിസി. കഴിഞ്ഞ രണ്ടരവർഷമായി ഈ പോളിസിമൂലം തുർക്കി ജനത കഷ്ടപെടുമ്പോൾ കഴിഞ്ഞവർഷം കയറ്റുമതി മൂന്നിലൊന്ന് വർധിച്ചെന്നും സമ്പദ് വളരുന്നുണ്ടെന്നുമാണ് എർദോഗൻ പക്ഷം വാദിക്കുന്നത്. ഒരു വികസിതരാജ്യത്തെ സംബന്ധിച്ചിടത്തോളം കയറ്റുമതി വർദ്ധന പുതിയ കാര്യമല്ല. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ബംഗ്‌ളാദേശ് കൈവരിച്ച നേട്ടം പരിഗണിച്ചാൽ തുർക്കിയുടെ നേട്ടം ഒന്നുമല്ല. കയറ്റുമതി വർധന ബാലൻസ് ഓഫ് ട്രേഡ് സാഹചര്യങ്ങളെയാണ് നേരിട്ട് നിയന്ത്രിക്കുന്നത്. ആഭ്യന്തര സമ്പദ് വ്യവസ്ഥയിലെ മണി സർക്കുലേഷനും നാണ്യപെരുപ്പവും തടയാൻ കയറ്റുമതി വർധന കൊണ്ട് സാധിക്കില്ല. കയറ്റുമതിയിലൂടെ കൂടുതൽ ഡോളർ നേടിയെടുക്കാൻ തുർക്കിക്ക് സാധിക്കുന്നുണ്ടെങ്കിലും അവിടെയും കാതലായ ചില പ്രശ്‌നങ്ങളുണ്ട്. വർദ്ധിച്ചുവരുന്ന ഇറക്കുമതിയാണ് പ്രധാന വില്ലൻ. ഊർജ്ജോത്പാദനത്തിനായി പ്രകൃതിവാതക ഇറക്കുമതിയെ വല്ലാതെ ആശ്രയിക്കുന്ന രാജ്യമാണ് തുർക്കി. അസർബെയ്ജാൻ, റഷ്യ, ഇറാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് കനത്ത തോതിൽ നടത്തുന്ന ഇറക്കുമതി മൂലം ബില്യൺ കണക്കിന് അമേരിക്കൻ ഡോളറാണ് വർഷംതോറും വേണ്ടിവരുന്നത്. അതുകൊണ്ട് തന്നെ കയറ്റുമതിയിലെ വർദ്ധന നിഷ്പ്രഭമാക്കി അമേരിക്കൻ ഡോളറിനും യൂറോയ്ക്കും എതിരെ ഇടിഞ്ഞിറങ്ങുന്ന ടർക്കിഷ് ലിറയെ ആണ് കാണാനാവുന്നത്. 2021 ജൂണിൽ ഒരു ഡോളറിന് 8.28 ടർക്കിഷ് ലിറ കൊടുത്താൽ മതിയായിരുന്നുവെങ്കിൽ ഇപ്പോൾ 17.30 ലിറ കൊടുക്കണം.''- രവിചന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

യൂറോക്ക് എതിരെയും ലിറ തകർന്നു. 2021 ജൂണിൽ 9.82 ലിറയ്ക്ക് ഒരു യൂറോ കിട്ടുമായിരുന്നു. ഇപ്പോൾ വേണ്ടത് 18.74 ലിറ. നൂറ് ശതമാനത്തിലേറെ തകർച്ചയാണ് ഒരു വർഷം കൊണ്ട് ഉണ്ടായതെന്ന് പറയുമ്പോൾ അത് അസാമാന്യമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്തിനെറെ അത്രത്തോളം വ്യാപാരബന്ധമില്ലാത്ത ഇന്ത്യൻ രൂപയ്‌ക്കെതിരെ പോലും ടർക്കിഷ് ലിറ തകരുകയാണ്. 2021 ജൂണിൽ ഒരു ടർക്കിഷ് ലിറ കിട്ടാൻ 8.90 രൂപ വേണമായിരുന്നുവെങ്കിൽ ഇന്നലെ ക്ലോസ് ചെയ്തത് ഒരു ലിറ സമം 4.5 രൂപ എന്ന നിരക്കിലാണ്. അവിടെയും ഇടിവ് നൂറ് ശതമാനത്തിലേറെ.

പിടിച്ചു നിൽക്കുന്നത് ഡോളറൈസേഷൻ മൂലം

നാണ്യപ്പെരുപ്പം ഇങ്ങനെ വർധിച്ചിട്ടും, മറ്റ്രാജ്യങ്ങളിൽ സംഭവിച്ചതുപോലെയുള്ള വലിയ സാമ്പത്തിക കുഴപ്പത്തിലേക്ക്, തുർക്കി പോയിട്ടില്ല. അതിന് കാരണമായി പറയുന്നത് ടർക്കിഷ് സമ്പദ് വ്യവസ്ഥയുടെ വർദ്ധിച്ചുവരുന്ന ഡോളറൈസേഷൻ പ്രക്രിയ ആണത്. ഡോളറൈസേഷൻ എന്നുപറഞ്ഞാൽ ഒരു സമ്പദ് വ്യവസ്ഥയിൽ ഡോളർ കൂടുതലായി ആധിപത്യം ചെലുത്തുന്നു എന്നർത്ഥം. കയറ്റുമതി-ഇറക്കുമതിക്ക് പുറമേ ദൈനംദിന വിനിമയങ്ങൾപോലും അമേരിക്കൻ ഡോളറിലാണ് നടക്കുന്നതെന്ന് വന്നാൽ ടർക്കിഷ് ലിറയുടെ മേൽ എർദോഗൻ ചെലുത്തുന്ന മോണിട്ടറി സമ്മർദ്ദത്തിന് ഫലപ്രാപ്തി കുറയും. അതാണ് ശരിക്കും ഇപ്പോൾ തുർക്കിയിൽ നടക്കുന്നത്. പ്രസിദ്ധ ധനകാര്യ വിദഗ്ധ ഏജൻസിയായ മൂഡീസ് അനാലെറ്റിക്‌സിന്റെ കണക്ക് പ്രകാരം 2020 തുർക്കി സമ്പദ് വ്യവസ്ഥയിൽ 45 ശതമാനം വിനിമയവും നടന്നത് അമേരിക്കൻ ഡോളറിലായിരുന്നു. 2021 അവസാനം ഇത് 65 ശതമാനം വരെയായി. 2022 അവസാനം ഈ നിരക്ക് വർദ്ധിക്കുമെന്നും അവർ പ്രവചിക്കുന്നുണ്ട്. ചുരുക്കത്തിൽ തുർക്കി സമ്പദ് വ്യവസ്ഥയിൽ മൂന്നിൽ രണ്ട് വിനിമയവും നടക്കുന്നത് അമേരിക്കൻ ഡോളറിലാണ്. പിന്നെ യൂറോയിലും.

ടർക്കിഷ് ലിറ രാജ്യത്ത് ആർക്കും വേണ്ടാത്ത അവസ്ഥയാണ്. ജനങ്ങൾക്ക് ലിറയിൽ വിശ്വാസം ഇല്ല. കയ്യിലുള്ള ഡോളറും സ്വർണ്ണവും കേന്ദ്രബാങ്കിൽ നിക്ഷേപിച്ച് പകരം ടർക്കിഷ് ലിറ വാങ്ങാൻ കേന്ദ്രബാങ്ക് ജനങ്ങളോട് അഭ്യർത്ഥിക്കുന്നുണ്ട്. ലിറയ്ക്ക് ഭാവിയിൽ വീണ്ടും വിലയിടിഞ്ഞാൽ നികത്തി കൊടുക്കാമെന്ന വാഗ്ദാനവുമുണ്ട്. പക്ഷെ ജനത്തിന് വിശ്വാസം പോര. കോർപ്പറേറ്റ് സ്ഥാപനങ്ങളോട് തങ്ങളുടെ വിദേശനാണ്യ ശേഖരത്തിന്റെ 25 ശതമാനം കേന്ദ്രബാങ്കിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചെങ്കിലും നീക്കം ഫലപ്രാപ്തിയിലെത്തുന്നില്ല. ഡോളറൈസേഷൻ കടുത്തതോടെ തുർക്കിയിലെ കേന്ദ്രബാങ്കിന്റെ മോണിട്ടറി പോളിസികളെക്കാൾ കൂടുതൽ അമേരിക്കയിലെ ഫെഡറൽ ബാങ്കിന്റെ മോണിട്ടറി പോളിസികൾക്ക് തുർക്കി സമ്പദ് വ്യവസ്ഥയിൽ പ്രസക്തി കൈവന്നു.

അമേരിക്കയിൽ ഇപ്പോൾ നാണ്യപെരുപ്പം ഏഴര ശതമാനത്തിലധികമാണ്. അത് കുറച്ച് കൊണ്ടുവരാൻ ഫെഡറൽ ബാങ്ക് റിപോ നിരക്ക് കൂട്ടിയിട്ടുണ്ട്, ഇനിയും കൂട്ടിയേക്കാം. സ്വാഭാവികമായും മറ്റ് രാജ്യങ്ങളിൽ നിന്ന് ഡോളർ നിക്ഷേപങ്ങൾ അമേരിക്കയിലേക്ക് പോകാൻ സാധ്യത ഏറും. ഈയിടെ ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിൽ 47 ബില്യന്റെ കുറവ് വന്നതിന്റെ ഒരു പ്രധാനകാരണം ഇതായിരുന്നുവല്ലോ. തുർക്കിയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. അവർക്ക് ഡോളർ കൂടുതലായി നഷ്ടപെടുന്നു. പക്ഷെ ആഭ്യന്തര വിനിമയത്തിന് പോലും ഡോളർവേണം. ഇന്ത്യയ്ക്ക് ആ പ്രശ്‌നമില്ല. നമ്മുടെ മൊത്തംവിനിമയത്തിന്റെ രണ്ട് ശതമാനം മാത്രമാണ് ഡോളറിൽ, അതാകട്ടെ കൂടുതലും ഇറക്കുമതിക്ക് വേണ്ടിയാണ്. പക്ഷെ തുർക്കിയിലെ സ്ഥിതി അതല്ല. സ്വാഭാവികമായും ഡോളർ-ലിറ വിനിമയനിരക്കിൽ ഡോളർ വല്ലാതെ ശക്തിപെടുന്നു. ഇങ്ങനെപോലായാൽ തുർക്കി സമ്പദ് വ്യവസ്ഥയിൽ ലിറ ക്രമേണ പാർശ്വവൽക്കരിക്കപെടും.

 

സി രവിചന്ദ്രൻ ഇങ്ങനെ നിരീക്ഷിക്കുന്നു. ''ഡോളറൈസേഷന്റെ ഒരു പ്രശ്‌നം ഒരിക്കൽ അമ്പത് ശതമാനം കഴിഞ്ഞാൽ പിന്നെ തിരികെ പിടിക്കാൻ എളുപ്പമല്ലെന്നതാണ്. അസർബെയ്ജാനിലും ഉറുഗ്വേയിലുമൊക്കെ ഡോളറെസേഷൻ അമ്പത് ശതമാനം കഴിഞ്ഞിട്ട് തിരികെ പോയില്ല. തുർക്കി എക്കോണമിയുടെ കാര്യവും ഭിന്നമല്ല. അവസാനം സിംബാബെയെപ്പോലെ തത്വത്തിൽ അമേരിക്കൻ ഡോളർ എക്കോണമിയായി മാറുമോ എന്നേ അറിയാനുള്ളൂ. നാണ്യപെരുപ്പം ബില്യൺ കണക്കിൽ കുതിച്ചപ്പോഴാണ് പൂജ്യം എഴുതി കൈകുഴഞ്ഞപ്പോഴാണ്, സിംബാബെക്കാർ സ്വന്തം ഡോളർവിട്ട് അമേരിക്കൻ ഡോളർ അവരുടെ കറൻസിയായി ഉപയോഗിക്കാൻ തുടങ്ങിയത്. തുർക്കിയിൽ എർദോഗാന്റെ പലിശ എന്ന പാപത്തിനെതിരെയുള്ള യുദ്ധം ടർക്കിഷ് എക്കോണമിയെ പാതാളത്തിലേക്ക് വലിച്ചെറിയാത്തതിന്റെ പ്രധാന കാരണങ്ങൾ റിപ്പോ നിരക്ക് തന്നെ 14 ശതമാനമാണെന്നതും റിപ്പോനിരക്ക് ഒഴികെയുള്ള പലിശനിരക്കുകൾ കൂടുതലാണെന്നതും സമ്പദ് വ്യവസ്ഥയിൽ നടക്കുന്ന മൂന്നിൽ രണ്ട് വിനിമയങ്ങൾ ഡോളറിലാണെന്നതുമാണ്. അപ്പോഴും സിംബാബെയും വെനിസ്വലയും പിന്നിട്ട വഴിത്താരകളെകുറിച്ച് സ്മരണവേണം. മതംതിന്ന് സമ്പത്ത് പ്രസവിക്കാനാവില്ല.''- സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.


ആഭ്യന്തര വിദേശ രംഗങ്ങളിലും മത ഭീകരനയം

കഴിഞ്ഞ കുറേ വർഷങ്ങളായി ആഭ്യന്തര വിദേശരംഗങ്ങളിൽ ഇസ്ലാമിക നയം തന്നെയാണ് എർദോഗാൻ പുറത്തെടുത്തിട്ടുള്ളത്. അത്താ തുർക്കിന്റെ രാജ്യം. ലോകത്തെ ഞെട്ടിച്ച ഖിലാഫത്ത് മൂവ്മെന്റിന് കാരണമായ രാജ്യം. കമാൽപാഷയുടെ കാലത്ത് തീർത്തും മതേതരമായിരുന്ന രാജ്യം. എന്നാൽ 2003ൽ അധികാരത്തിലേറിയ എർദോഗാൻ പതുക്കെ പതുക്കെ, ആ മതരാജ്യത്തെ പുർണ്ണമായും ഇസ്ലാമികവത്ക്കരിക്കയാണ് ചെയ്തത്.

ഇസ്ലാമിക രാജ്യമാക്കി തുർക്കിയെ പ്രഖ്യാപിക്കാൻ ഭരണഘടന തന്നെ മാറ്റി എഴുതുകയും ശരി അത്ത് നിയമം പ്രാബല്യത്തിലാക്കിയുമാണ് എർദ്ദോഗൻ ഭരണം നടത്തുന്നത്. കടുത്ത ഇസ്ലാമികത മാത്രം മുൻനിർത്തിയുള്ള പ്രസിഡന്റിന്റെ നയം വിദേശരാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളെ കുഴയ്ക്കുകയാണ്. അറബ് രാജ്യങ്ങൾ പോലും കൂടെ നിൽക്കാത്തവിധം ഇസ്ലാമിക ഭീകരതയെ ഭരണനയമാക്കിയുള്ള എർദോഗാന്റെ നീക്കമാണ് പ്രതിസന്ധികൂട്ടുന്നത്. രാജ്യത്തിന്റെ നയം വ്യക്തമായി പറയാൻ വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർക്ക് പോലും കഴിയുന്നില്ല.

ഇതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പള്ളി മോസ്‌ക്ക് ആക്കി മാറ്റിയത്. ലോക വ്യാപകമായി പ്രതിഷേധം അലയടിച്ചിട്ടും, മാർപ്പാപ്പവരെ പ്രസ്താവന പുറപ്പെടുവിച്ചിട്ടും, എർദോഗാൻ നിലപാട് മാറ്റിയില്ല. അതേ എർദോഗാൻ അയോധ്യ പ്രശ്നത്തിൽ ഇന്ത്യക്കെതിരെ അലറും. സാമ്പത്തിക രംഗത്തെ പോരായ്മകൾ എർദോഗാൻ മറച്ചതും ഇത്തരം നടപടികളിലൂടയായിരുന്നു. ക്രിസ്ത്യൻ പള്ളിയെ മുസ്ലിം പള്ളിയാക്കിയ നടപടി, ആഗോള മുസ്ലിം ലോകത്തിൽ തന്നെ ഹീറോ പരിവേഷമാണ് അയാൾക്ക് ഉണ്ടാക്കിക്കൊടുത്തത്. സ്വന്തം രാജ്യത്തും സമാനമായ അവസ്ഥ. മതം അങ്ങോട്ട് ഇട്ടുകൊടുത്താൽ, മറ്റെല്ലാം മറന്ന് ജനം അതിൽ കയറിപ്പിടിക്കുമെന്ന് എർദോഗാന് നന്നായി അറിയാം.

ആഭ്യന്തര രംഗത്ത് സാമ്പത്തിക നയങ്ങളിലും തുർക്കി പ്രതിസന്ധിയിലാണ്. ലോക രാഷ്ട്രങ്ങൾ വേണ്ടപോലെ സഹായിക്കാത്തതിനാൽ സാമ്പത്തിക മേഖലയാകെ പ്രതിസന്ധിയിലാണ്.കടുത്ത പലിശ നിരക്കിൽ ജനങ്ങളും വ്യാപാര സ്ഥാപനങ്ങളും നട്ടം തിരിയുകയാണ്. 2003ൽ അധികാരത്തിലെത്തിയ എർദോഗാന് അന്ന് ഭീഷണി സ്വന്തം നാട്ടിലെ കമാൽ അനുകൂല സൈന്യമായിരുന്നു. എന്നാൽ ജനങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള തന്ത്രങ്ങൾ പയറ്റിയാണ് എർദോഗാൻ മുന്നേറിയത്. തുടക്കത്തിൽ അതിനായി യൂറോപ്പിനേയും അമേരിക്കയേയും വിശ്വാസത്തിലെടുക്കുന്ന തന്ത്രം വിജയിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് പതുക്കെ തന്റെ കയ്യിലേക്ക് ഭരണം ലഭിച്ചതോടെ റഷ്യയെ വിശ്വാസ ത്തിലെടുത്ത് ആണവ സംവിധാനങ്ങൾ ശക്തമാക്കിയാണ് തുർക്കി നീങ്ങുന്നത്. ഇതിനിടെ പ്രതിസന്ധി രൂക്ഷമായതോടെ അറബ് ലോകവുമായുള്ള ഏറ്റുമുട്ടൽ മയപ്പെടുത്താനുള്ള നീക്കമാണ് എർദോഗാൻ നടത്തി. പക്ഷേ സൗദിയും ഈജിപ്തും എർദോഗാനെ ഇപ്പോഴും ഒട്ടും ഇഷ്ടപ്പെടുന്നില്ല.

ആഗോള മുസ്ലിം നേതൃത്വം എന്നത് സൗദിയുടെയും ഇറാന്റെയും കൈയിൽനിന്ന് തിരിച്ച് പിടിക്കാനുള്ള നീക്കാണ് തുർക്കി ഇപ്പോൾ നടത്തുന്നത്. അടുത്തകാലത്തായി ഇസ്ലാമിനെതിരെ ഉയരുന്ന ശബ്ദങ്ങളെ നിയന്ത്രിക്കാനുള്ള ഫത്വകൾ വരുന്നത് ഇറാനിൽനിന്നോ സൗദിയിൽനിന്നോ അല്ല തുർക്കിയിൽനിന്നാണ്. ഇസ്ലാമിക ഭീകരവാദത്തെക്കൊണ്ട് പൊറുതി മുട്ടി, ചില കർശന നടപടികൾ എടുത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ അതിശക്്തമായി രംഗത്തുവന്നത് എർദോഗാനാണ്.


പാക്കിസ്ഥാനൊപ്പം ചേർന്ന് കടുത്ത ഇന്ത്യാവിരുദ്ധത

കടുത്ത ഇന്ത്യാ വിരുദ്ധൻ കൂടിയാണ് തുർക്കി പ്രസിഡന്റ് എർദോഗാൻ. അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതും മതവൈരാശ്യം അല്ലാതെ മറ്റൊന്നുമല്ല. ഇന്ത്യയിൽ ബിജെപി മുൻ വക്താവ് നുപുർ ശർമ്മ നടത്തിയെന്ന് പറയുന്ന പ്രവാചക നിന്ദാ പ്രശ്നം കത്തിക്കാനും തുർക്കി നോക്കി. നുപുർ ശർമ്മക്കെതിരെ ബിജെപി നടപടി എടുത്തിട്ടും എർദേഗാൻ ഇന്ത്യയെ വെറുതെ വിട്ടില്ല. പ്രവാചകനോട് കളിച്ചാൽ ഇന്ത്യ അനുഭവിക്കുമെന്നൊക്കെയാണ് അദ്ദേഹം തട്ടിവിടുന്നത്. സംഭവത്തിൽ ഇന്ത്യൻ അംബാസിഡറെ വിളിച്ചു വരുത്തി തുർക്കി പ്രതിഷേധം അറിയിച്ചിരുന്നു. അപ്പോഴും നുപുർ ശർമ്മക്കെതിരെ നടപടി എടുത്തകാര്യമൊന്നും പറഞ്ഞിട്ടും അവർ അത് അംഗീകരിച്ചിട്ടില്ല. ഇനി മറ്റുമതസ്ഥരുടെ ആരാധനാലയങ്ങൾപോലും പിടിച്ചെടുക്കുന്ന തുർക്കിക്ക് ഇത്തരം കാര്യങ്ങളിൽ നിലപാട് പറയാൻ എന്ന് ധാർമ്മികത എന്നത് വേറെ കാര്യം.

നേരത്തെയും പാക്കിസ്ഥാനെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ വ്യാജപ്രചാരണവുമായി തുർക്കി രംഗത്ത് എത്തിയിരുന്നു. ജമ്മുകശ്മീർ വിഷയം മുൻനിർത്തിയാണ് തുർക്കിയുടെ പ്രചാരണം നടക്കുന്നത്. യുദ്ധസമാനമായ കുറ്റകൃത്യവും മനുഷ്യാവകാശ ലംഘനവുമാണ് ഇന്ത്യൻ സൈന്യം ജമ്മുകശ്മീരിൽ നടത്തുന്നതെന്നും ആഗോള തലത്തിൽ മുസ്ലിം വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന ക്രൂരതകളുടെ ഉദാഹരണമാണ് കശ്മീരിൽ ഇന്ത്യൻ സൈന്യവും നടത്തുന്നതെന്നാണ് തുർക്കി പറയുന്നത്.

ജമ്മുകശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ ക്രൂരതകൾ അന്താരാഷ്ട്രതലത്തിൽ അന്വേഷണ വിധേയമാക്കണമെന്നാണ് തുർക്കിയുടെ ആവശ്യം. ബ്രിട്ടന്റെ മെട്രോപോളീറ്റൻ പൊലീസ് വാർ ക്രൈം വിഭാഗത്തിന്, ഇന്ത്യക്കെതിരായ അന്വേഷണം നടത്തണമെന്ന് കാണിച്ച് ഇവർ നേരത്തെ അപേക്ഷ നൽകിയിരുന്നു.

ഇതിന് കുടപിടിക്കാൻ സ്റ്റോക് വൈറ്റ് ഇന്റർനാഷണൽ ലോ ഫേം എന്ന സംഘടനയാണ് ഇസ്താൻബുൾ കേന്ദ്രീകരിച്ച് ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. എന്നാൽ തുർക്കിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് ഇന്ത്യൻ എംബസി രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാൻ സ്ഥിരമായി ഉന്നയിക്കുന്ന വിഷയമാണിതെന്നും എംബസി അധികൃതർ പറഞ്ഞു. യമനിലെ ഇസ്ലാമിക ഭീകരർക്കെതിരെ സൗദിയും യു.എ.ഇയും നടത്തിയ ആക്രമണങ്ങൾ അന്വേഷിക്കണമെന്ന ആവശ്യവുമായി ഇതേ സംഘടന രംഗത്തെത്തിയതും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

ഡൽഹി കലാപ കാലത്ത് മുസ്ലിങ്ങളെ ഡൽഹിയിൽ കൂട്ടക്കൊല ചെയ്യുകയാണെന്ന് എർദോഗാൻ പറഞ്ഞത്. ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെയാണ് ലോകസമാധാനം കൊണ്ടു വരുകയെന്നും എർദോഗാൻ ചോദിച്ചു. ഇന്ത്യയിൽ മുസ്ലിം കൂട്ടക്കൊല സാധാരണ പോലെയായി. ഡൽഹിയിൽ മുസ്ലിങ്ങളെ അക്രമിച്ച ആൾക്കൂട്ടം സ്വകാര്യ ട്യൂഷൻ സെന്ററിൽ പഠിക്കാൻ പോയ കുട്ടികളെ പോലും ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തല്ലിച്ചതച്ചെന്നും എർദോഗാൻ പറഞ്ഞു. ഇങ്ങനെയുള്ള ഒരു രാജ്യമാണോ ലോകസമാധാനം കൊണ്ടു വരാൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.ജനസംഖ്യ കൂടിയതു കൊണ്ടു മാത്രം ഒരു രാജ്യവും ശക്തമാകില്ല. അതല്ല ഒരു രാജ്യത്തിന്റെ ശക്തിയെ നിർണയിക്കുന്നതെന്നും എർദോഗാൻ പറഞ്ഞു.

 

അവസാനമായി ഗോതമ്പ് തിരിച്ചയക്കൽ വിവാദവും ഇന്ത്യയും തുർക്കിയും തമ്മിൽ ഉണ്ടായി. മെയ് അവസാനത്തോടെ ഗോതമ്പ് ചരക്കുമായി തുർക്കിയിലെത്തിയ കപ്പലിനെ മെയ് 29 ന് തുർക്കി അധികൃതർ തിരിച്ചയക്കുകയാണ് ഉണ്ടായത്. റൂബെല്ല രോഗത്തിന് കാരണമാകുന്ന വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി എന്നാണ് തുർക്കി അധികൃതർ പറയുന്നത്. 56,877 ടൺ ഡുറം ഇനത്തിൽപ്പെടുന്ന ഗോതമ്പാണ് തുർക്കി തിരിച്ചയച്ചത്. പക്ഷേ റുബെല്ലയുമായി ഈ കപ്പലിന് ഒരു ബന്ധമില്ലെന്നുമുള്ള ഇന്ത്യയുടെ വാദം അവർ കൈക്കൊണ്ടില്ല. പക്ഷേ യാഥാർഥകാരണം റുബല്ലയല്ല, ഇന്ത്യയോടുള്ള മതപരമായ വൈരാഗ്യമാണെന്ന് വിമർശനം ഉണ്ടായിരുന്നു. ഇങ്ങനെ കുടിക്കുന്ന വെള്ളം തൊട്ട്, ശ്വസിക്കുന്ന വായുവരെ സകലതിലും മതം കലർത്തുക എന്നതാണ് എർദോഗന്റെ രീതി. ഇപ്പോൾ എക്കണോമിക്സിൽ മതം കലർത്തിയതോടെ കടുത്ത പണി കിട്ടിയെന്ന് മാത്രം.


ലക്ഷ്യം ലോക മുസ്ലിം നേതൃത്വം

ഇസ്ലാമിന്റെ ആഗോള പേരാളിയായി ചിത്രീകരിക്കപ്പെട്ട് ആഗോളതലത്തിലെ ഖലീഫയെന്ന അനൗദ്യോഗിക പദവി നേടിയെടുക്കാനാണ് എർദോഗാന്റെ ശ്രമം എന്നാണ് രാജ്യന്തര മാധ്യമങ്ങൾ വിമർശിക്കുന്നത്. നേരെത്ത സൗദിക്കായിരുന്നു മുസ്ലിം ലോകത്തിന്റെ'നേതൃസ്ഥാനം. എന്നാൽ ഇന്ന് ആ രാജ്യം സാമ്പത്തികമായി അത്ര മെച്ചെപ്പെട്ട അവസ്ഥയിൽ അല്ല. സൗദിയുടെ വഹാബിസം ഇസ്ലാമിക ലോകത്ത് എടുക്കാച്ചരക്കായി മാറി. മുഹമ്മദ് ബിൻ സൽമാനാണെങ്കിൽ പരമ്പരാഗത അധികാര സമവാക്യങ്ങൾ പൊളിച്ചെറിഞ്ഞു. വഹാബിസം മാത്രമല്ല, അൽ സഊദ് രാജ കുടുംബം തന്നെ ഇന്ന് അപ്രസക്തമാണ്. പ്രമുഖർ പലരും ജയിലിലോ പൂർണമായും ഒതുക്കപ്പെട്ട അവസ്ഥയിലോ ആണ്. സൗദിയുടെ വിദേശ കടം കഴിഞ്ഞ അഞ്ചു വർഷത്തിനിടക്ക് 15 ഇരട്ടി കൂടിയപ്പോൾ ഇതേ കാലയളവിൽ കരുതൽ നാണ്യ ശേഖരത്തിൽ മൂന്നിലൊരു ഭാഗം കുറഞ്ഞു. ഈ സാഹചര്യത്തിൽ മക്ക, മദീന സാന്നിധ്യം ഒന്ന് കൊണ്ട് മാത്രം 'ആഗോള മുസ്ലിം നേതൃ' സ്ഥാനത്ത് തുടരാനാവില്ല. മരുഭൂമിയിൽ യൂറോപ്പിനെ സ്വപ്നം കാണുന്ന മുഹമ്മദ് ബിൻ സൽമാന് അതിൽ വലിയ താൽപര്യവുമില്ല.

ഈ അവസ്ഥയിൽ ലോക മുസ്ലീങ്ങളുടെ നേതാവ് ആരായിരിക്കണം. അതിനുള്ള കളികളാണ് എർദോഗാൻ നടത്തുന്നതെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ പറയുന്നത്. അതോടെ ലോകമെമ്പാടുമുള്ള ഇസ്ലാമിക സംഘടനകളുടെ ഫണ്ടിങ്ങും അങ്ങോട്ടാവും. മാത്രമല്ല അതോടെ തീവ്രവാദ സംഘടനകൾ പുനർജ്ജനിക്കാനും ഇടയുണ്ടെന്നും ലോകം കരുതുന്നു.

പക്ഷേ ഒന്നോർക്കണം, തുർക്കിയിലും ഒരു പുതിയ തലമുറ വളർന്നുവരുന്നുണ്ട്. ഹാഗിയ സോഫിയ മ്യൂസിയം പള്ളി ആക്കി മാറ്റാനുള്ള തീരുമാനം വരുന്നതിന് തൊട്ട് മുമ്പ് 'മെട്രോ പോൾ' തുർക്കിയിൽ നടത്തിയ അഭിപ്രായ സർവേ വ്യാപകമായി ഉദ്ധരിക്കപ്പെട്ടിരുന്നു. ഇതിൽ 44 % പേരും അഭിപ്രായപ്പെട്ടത് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള നീക്കമാണെന്നായിരുന്നു. 12% പേർ ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമായും വിലയിരുത്തി. വെറും 29. 5 % പേർ മാത്രമാണ് പള്ളി തിരിച്ച് പിടിക്കാനുള്ള മതപരമായ നീക്കമായി ഇതിനെ കണ്ടത്. അതായത് എർദോഗാന്റെ രാഷ്ട്രീയ തന്ത്രം തിരിച്ചറിയപ്പെടുന്നുണ്ടെന്നതാണ്. അതുമാത്രമാണ് ലോകത്തിന്റെ ആശ്വാസവും.


പ്രതിപക്ഷമൊന്നും എർദോഗാന് ഇപ്പോൾ ഒരു ഇരപോലുമല്ല. മൂന്ന് പ്രതിയോഗികളാണ് അദ്ദേഹത്തിന് ഉള്ളത്. ഒന്ന് അഭ്യസ്ത വിദ്യരായ യുവാക്കൾ, രണ്ട് പൊരുതുന്ന സ്ത്രീകൾ, മൂന്ന് സോഷ്യൽ മീഡിയ. ഇതിനെ മൂന്നിനെയും മെരുക്കി സർവാധിപതിയാനുള്ള തന്ത്രങ്ങളാണ് എർദോഗാൻ ഇപ്പോഴും സ്വീകരിക്കുന്നത്. ഹാഗിയ സോഫിയ വിഷയത്തിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് വിലങ്ങിടുകയാണ് സർക്കാർ ചെയ്തത്.

മതമൗലിക വാദത്തെ പ്രോത്സാഹിപ്പിക്കുന്ന എർദോഗന്റെ നയങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിലും രാജ്യത്തിനകത്തും പ്രതിഷേധം ശക്തമായുണ്ട്്. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധികൂടി ആയതോടെ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ഉണ്ടാവാനിടയുണ്ട്.


എക്കോണമിയിൽ മതം കലർത്തരുത്

മതേതരത്വവും സാമ്പത്തിക പുരോഗതിയും തമ്മിലുള്ള അഭ്യേദമായ ബന്ധം, പല വിദേശ സവർകലാശാലകളും നടത്തിയ പഠനത്തിൽ വ്യക്തമായതാണ്. രാഷ്ട്രത്തിന്റെ സാമ്പത്തിക പുരോഗതിക്കുകൂടി അടിസ്ഥാനം സെക്കുലറിസമാണ് എന്നതിന് ഒരിക്കൽ കുടി അടിവരയിടുകയാണ് തുർക്കിയുടെ അനുഭവം. പലിശ ഹറാമാക്കിയ മതശാസന അതേപടി പിന്തുടർന്നാൽ ദുരന്തങ്ങളായിരുക്കും ഫലം. കമ്യൂണിസ്റ്റുകളുടെ എല്ലാവരും തുല്യരാവുന്ന, സോഷ്യലിസ്റ്റ് അന്ധവിശ്വാസം പോലെയാണ്, നൂറു ശതമാനം പലിശ രഹിതമായ ഇസ്ലാമിക സമ്പദ് വ്യവസ്ഥയും. തുർക്കി മുൻകാലങ്ങളിൽ കരുത്താർജിച്ചത്, ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ അനുസരിച്ചല്ല. ക്യാപിറ്റലിസത്തിന്റെ രീതികൾ കൊണ്ടാണ്. ഇന്ന് ഗൾഫ് രാജ്യങ്ങൾ അനുഭവിക്കുന്നതും, ക്യാപ്പിറ്റലിസത്തിന്റെ സൗഭാഗ്യമാണ്.

ഇവിടെ ഇസ്ലാമിക് ബാങ്കിങ്ങ് കൊണ്ടുവരും എന്നൊക്കെ മുമ്പ് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. അതായത് പലിശരഹിത ബാങ്കിങ്ങ്. ഇത് പുർണ്ണമായും പ്രായോഗികമല്ല. ഗൾഫ് രാഷ്ട്രങ്ങളിൽ പലയിടത്തും ഇത്തരം ബാങ്കുകൾ ഉണ്ട്.പക്ഷേ നിക്ഷേപകരുടെ പണത്തിന് കൊടുക്കുന്ന പ്രതിഫലത്തിന് അവർ പലിശ എന്ന പദം മാറ്റി ലാഭം എന്നാണ് പറയുക. അതായത് നിക്ഷേപർ നിക്ഷേപിക്കുന്ന പണം വെച്ച് ബാങ്ക് പലർക്കും പണം കൊടുക്കുന്നു. അവർ അത്വെച്ച് ബിസിനസ് ചെയ്ത് ഈ ലാഭത്തിന്റെ ഒരു ഭാഗം നിക്ഷേപർക്ക് തിരിച്ചുകൊടുക്കുന്നു. ലാഭം, പലിശ എന്ന വാക്കുകളിലെ വ്യത്യാസം മാറ്റിയാൽ, ആധുനിക ബാങ്കിങ്ങ് സിസ്റ്റത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. അല്ലാതെ നിങ്ങൾ ഒരുപത്തുലക്ഷം രൂപ ലോൺ എടുത്ത്, പത്തുവർഷത്തിനുശേഷം അത്രയും തുക തിരിച്ചടച്ചാൽ മതിയെന്ന് പറഞ്ഞാൽ ഏത് ബാങ്കാണ് നിലനിൽക്കുക.

എന്നാൽ നമ്മുടെ നാട്ടിൽ അടക്കം വലിയ തട്ടിപ്പിനുള്ള മേഖലയാണ് ഇന്നും ഈ ഹലാൽ ബിസിനസ് എന്ന് പറയുന്ന സാധനം. മതപരമായ അന്ധവിശ്വാസം മൂലം പണം ബാങ്കിലിടാതെ സൂക്ഷിക്കുന്ന ഒരു വലിയ ശതമാനം ആളുകൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്. അവരെയാണ് ഇത്തരം കെണികളിൽ പെടുത്തുന്നത്. ഇതിൽ പലിശയല്ല ലാഭമാണ് എന്ന് പറഞ്ഞാണ് ആളെക്കുട്ടുന്നുത്. കാസർകോട്ട്, മുൻ മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എം സി ഖമറുദ്ദീന്റെ നേതൃത്വത്തിൽ നടന്ന ഫാഷൻഗോൾഡ് തട്ടിപ്പിന്റെയൊക്കെ പിന്നിൽ ഈ ഇസ്ലാമിക സാമ്പത്തിക അന്ധവിശ്വാസമാണ്. ബാങ്ക് പലിശ ഹറാമാണെന്ന് കരുതി ഫാഷൻഗോൾഡിൽ നിക്ഷേപിച്ചവരെല്ലാം 'ശശി'യായി. പത്തുവോട്ടിനുവേണ്ടി ഇത്തരം സാമ്പത്തിക അന്ധവിശ്വാസങ്ങളെ പ്രോൽസാഹിപ്പിക്കുന്നവർ ഇത്തരം കാര്യങ്ങൾ ഓർക്കേണ്ടതാണ്.


വാൽക്കഷ്ണം: എർദോഗാന്റെ പലിശപ്പേടി ഓർമ്മിപ്പിക്കുന്നത് കോഴിക്കോട്ടെ ഒരു ഹാജിയാരെയാണ്. അദ്ദേഹം ആർക്കും പണം പലിശക്ക് കൊടുക്കില്ല. പകരം നോട്ടുകെട്ടുകൾ കുട്ടിവെച്ച്, അതിന്റെ മുകളിൽനിന്ന് ഒരു അഞ്ചൂറിന്റെ നോട്ട് എടുത്ത് ഒരു തോണിയുണ്ടാക്കും. കുട്ടികൾ കടലാസുതോണിയുണ്ടാക്കുന്നപോലെ. എന്നിട്ട് ആ 'തോണി'യും ഒപ്പം ആക്സസറീസ് എന്ന നിലയിൽ ബാക്കി പണവും ചേർത്ത് ഉപഭോക്താവിന് കൊടുക്കും. പിന്നെപ്പറയും ഈ തോണിക്ക് മാസാമാസം ഇത്ര രൂപ വാടക തരണം എന്ന്. ഹാജിയാർ പലിശ വാങ്ങുന്നില്ല, വാടകയേ വാങ്ങുന്നുള്ളൂ! മതനിയമങ്ങളുടെ ലൂപ്പ്ഹോൾ കണ്ടെത്താനുള്ള സാധാരണക്കാരന്റെ ബുദ്ധിപോലും എർദോഗാന് ഇല്ലാതെ പോയി.

റഫറൻസ്:

യുദ്ധകാലത്തെ തുർക്കി- സി രവിചന്ദ്രൻ- വീഡിയോ ആന്റിവൈറസ് യു ട്യൂബ് ചാനൽ, ഫേസ്‌ബുക്ക് പോസ്റ്റ് -സി രവിചന്ദ്രൻ, ചരിത്രന്വേഷികൾ ഫേസ്‌ബുക്ക് കൂട്ടായ്യമിലെ വിവിധ ലേഖനങ്ങൾ.