കോതമംഗലം; അത്യപൂർവ ഇനത്തിൽപ്പെട്ടതും അമൂല്യഔഷധഗുണങ്ങളുമുള്ളതുമായ ആമകളെ സൂക്ഷിച്ചതിന് കേസിൽ കുടുങ്ങിയ ആദിവാസി വൈദ്യൻ മുത്തുവിനെ രക്ഷിക്കാൻ ഉന്നതതലത്തിൽ നീക്കം നടന്നതിൽ ദുരൂഹതയും വിസ്മയവും. കസ്റ്റഡിയിലായി നിമിഷങ്ങൾക്കകം ഒരു ഡസനിലധികം ഭരണ-രാഷ്ട്രീയ -ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖർ മുത്തുവിനെതിരെ നടപടി സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതോടെ സംഭവം സംബന്ധിച്ചുള്ള അന്വേഷണം കാര്യക്ഷമമാക്കാൻ ഉന്നതതലത്തിൽ തീരുമാനമായി.

ഇയാളുടെ നാടുവിട്ടുള്ള യാത്രകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമെല്ലാം വിശദമായ അന്വേഷണം നടത്തുന്നതിനാണ് അധികൃതരുടെ നീക്കം. മുത്തുവിനു വേണ്ടി ഫോണിൽ ബന്ധപ്പെട്ട പ്രമുഖരിൽ ചിലർ അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ എൻ മുഹമ്മദ് റാഫിയെ ഭീഷിണിപ്പെടുത്തിയതായും ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായുമുള്ള സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കേസ് നടപടികൾ പൂർത്തിയായി വരവെ വനപാലകർക്കെതിരെ മുത്തുവിന്റെ മകൻ മനോജ് പരാതിയുമായി രംഗത്തെത്തിയിരുന്നു.റെയിഞ്ചോഫീസർ മർദ്ദിച്ചെന്നായിരുന്നു മനോജിന്റെ ആരോപണം. എന്നാൽ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നും മുത്തുവിനെതിരെയുള്ള കേസ് നിസാരവൽക്കുന്നതിനുള്ള സമ്മർദ്ദതന്ത്രത്തിന്റെ ഭാഗായിട്ടായിരുന്നു മനോജിന്റെ ആശുപത്രിവാസമെന്നുമാണ് തുടർന്നു നടന്ന സംഭവങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. മുത്തുവിനെതിരെയുള്ള കേസിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാൽ മനോജ് നൽകിയ പരാതി പിൻവലിക്കാമെന്നുള്ള ഓഫറുമായി ഭരണപക്ഷത്തെ പ്രമുഖ രാഷ്ട്രീയ നേതാവ് രംഗത്തെത്തിയിരുന്നെന്നും ഇതിന് വഴങ്ങാതിരുന്നതിനെത്തുടർന്ന് രാഷ്ട്രീയ സ്വാധീനം പ്രയോജനപ്പെടുത്തി ഇയാൾ റെയിഞ്ചോഫീസറെ പൊലീസ് കേസിൽ കുടുക്കാൻ നീക്കം നടത്തുകയായിരുന്നെന്നും ആരോപണമുണ്ട്.

നിയമങ്ങളേക്കുറിച്ചുള്ള അജ്ഞത മൂലമായിരിക്കാം മുത്തു ആമകളെ സൂക്ഷിച്ചിരുന്നതെന്നാണ് വനംവകുപ്പധികൃതർ ആദ്യം കരുതിയത്. എന്നാൽ പിന്നീട് ഈ കേസിലുണ്ടായിട്ടുള്ള ഉന്നതതല സമ്മർദ്ദവും ഇടപെടലും ഇതേത്തുന്ന് നടന്ന അന്വേഷണവും ഈ ധാരണ പാടെ തിരുത്തി. ആമകളുടെ സവിശേഷതകളേക്കുറിച്ച് വർഷങ്ങൾക്കു മുൻപെ മുത്തുവിന് വ്യക്തമായ അറിവുണ്ടായിരുന്നെന്നും ഇവയെ ഉപയോഗപ്പെടുത്തി ഇയാൾ സാമ്പത്തികനേട്ടമുണ്ടാക്കിയിട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ പ്രാഥമിക നിഗമനം. സംസ്ഥാനവ്യാപകമായി ഉന്നതരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി മുത്തു വൻതുക കൈപ്പറ്റി ആമകളെ കൈമാറ്റം ചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല.

വിജയചാലീസ് സിൽവാറ്റിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ചൂരൽ ആമകളെയാണ് മുത്തു വീട്ടിൽ സംരക്ഷിച്ചുവന്നിരുന്നത്. നാല് പെൺ ആമകളേയും ഒരു ആൺആമയെയും ഒരു കുഞ്ഞിനെയുമാണ് മുത്തുവിന്റെ വീട്ടിൽ നിന്നും വനം വകുപ്പധികൃതർ കണ്ടെടുത്തത്. അന്താരാഷ്ട്ര മാർക്കറ്റിൽ വൻതുകക്ക് വിറ്റുപോകാൻ സാധ്യതയുള്ള ഈ ഇനത്തിൽപ്പെട്ട ആമകളേ ഇയാൾ ആവശ്യക്കാർക്ക് വിൽപ്പന നടത്തിയിരിക്കാൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പധികൃതരുടെ കണക്കുകൂട്ടൽ. വീട്ടിൽ ഒറ്റമൂലി ചികത്സാകേന്ദ്രം നടത്തിവരുന്ന മുത്തുവിന് ആമകളെ ലഭിച്ചത് എവിടെ നിന്നാണെന്നും ഏതൊക്കെ വിധത്തിൽ ഇതിനെ മരുന്നുകൾക്കായി ഉപയോഗിച്ചു എന്നതിനെ കുറിച്ചും വനപാലക സംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിട്ടുമാറാത്ത വേദനകൾക്കുള്ള മരുന്നിൽ ആമകളുടെ മുട്ട ചേർത്തിരുന്നതായിട്ടാണ് മുത്തുവിന്റെ വെളിപ്പെടുത്തൽ

മനുഷ്യരിലെ നിരവധി രോഗങ്ങൾക്കു ഫലപ്രദമായ മരുന്നുകൾക്കുപയുക്തമാവാൻ ഇതിന്റെ ഓരോഭാഗവും അമൂല്യമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളിൽ നിന്നും പുറത്തുവന്നിട്ടുള്ള വിവരം. ഇത്തരം ആമകളേക്കുറിച്ച് പുറം ലോകമറിഞ്ഞാൽ ഇവയെ കൂട്ടത്തോടെ പികൂടാൻ മാഫിയകൾ രംഗത്തിറങ്ങുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പധികൃതർ ആമകളെ സംബന്ധിച്ചും അവയുടെ ഔഷധമൂല്യം സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായിട്ടില്ല.

1912-ലാണ് ഈയിനത്തിൽപ്പെട്ട ആമകളെ സമുദ്രനിരപ്പിൽനിന്നും 1500-ൽപ്പരം അടി ഉയരത്തിലുള്ള പശ്ചിമഘട്ടമലനിരകളിൽ ആദ്യം കണ്ടെത്തിയത്്. പിന്നീട് 70 വർഷത്തേക്ക് ഇവയെക്കുറിച്ച് ശാസ്ത്രലോകത്തിന് യാതൊരറിവുമില്ലായിരുന്നു.1983-ൽ പശ്ചിമഘട്ടത്തിലെ ആനമല വനപ്രദേശത്തുനടന്ന പഠനങ്ങളിലാണ് ഈ ഇനത്തെ വീണ്ടും കണ്ടെത്തിയത്. ഇവിടെ 35 ആമകളെയാണ് കണ്ടെത്തിയത്. 23 ആൺ ആമകളേയും 9 പെൺ ആമകളേയും 3 കുഞ്ഞുങ്ങളേയുമാണ് ഇവിടെ കണ്ടെത്തിയത്. 2007-2009 വരെ വിവിധ ഘട്ടങ്ങളായി നടത്തിയ പഠനത്തിൽ പശ്ചിമഘട്ടത്തിന്റെ താഴ്‌വാരമായ ചാലക്കുടി വനമേഖലയിൽ ഈ ഇനത്തിൽപ്പെട്ട 135 ആമകളെ കണ്ടത്തിയിരുന്നു.1390 ഹെക്ടറിൽ ഒന്ന് എന്ന കണക്കിലായിരുന്നു ഇനത്തിൽപ്പെട്ട ആമകളുടെ എണ്ണം. 2010-ൽ ഈ മേഖലയിൽ തന്നെ നടന്ന സർവ്വേയിൽ ഇവയുടെ എണ്ണം 0.83 ആയി കുറഞ്ഞു.

ആദിവാസികൾ മാംസത്തിനായി ഇവയെ വളർത്തുനായ്ക്കളെ ഉപയോഗിച്ച് വേട്ടയാടിയിരുന്നു.വന നശീകരണവും കൈയേറ്റവും മൂലം വംശനാശ ഭീഷണിനേരിടുന്ന ഇനത്തിൽപ്പെട്ട ഇവയെ സംരക്ഷിക്കാൻ നിരവധി പദ്ധതികൾ കേരളത്തിൽ നിലവിലുണ്ട്. ഈ ആമകളെ 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ-1 ഇനത്തിൽപ്പെടുത്തി സംരക്ഷിച്ചു വരുന്നതാണ്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഔഫ് നേച്ചർ 2000 മുതൽ ഈ ഇനത്തിൽപ്പെട്ട ആമകളെ റെഡ് ലിസ്റ്റിൽ പെടുത്തി. ഇവയ്ക്ക് ദോഷകരമാകുന്ന നീക്കങ്ങൾ നടത്തുന്നത് ഏഴുവർഷം വരെ തടവും 25000 രൂപ പിഴയും ചുമത്താവുന്ന കുറ്റകൃത്യമാണ്.