ആലപ്പുഴ: പണത്തിന് മീതെ പരുന്തും പറക്കില്ല. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം ഇവർക്ക് മുമ്പിൽ വളയും. എന്നാൽ ചിലരെത്തുമ്പോൾ ഈ പഴംപാട്ട് അപ്രസക്തമാകും. നളിനി നെറ്റോ, ജേക്കബ് തോമസ് ഈ ഗണത്തിൽ പെടുന്ന നിരവധി പേർ ഇപ്പോഴുമുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കുന്നവർ. കേരളത്തിലെ ഏറ്റവും അപ്രധാനമായ തസ്തികയായിരുന്നു ഭക്ഷ്യ സുരക്ഷാ കമ്മീഷണർ. പക്ഷേ ഇവിടെ ടിവി അനുപമയെത്തിയപ്പോൾ സർക്കാരുകൾ വെള്ളം കുടിച്ചു. പണം നൽകിയ മാഫിയയ്ക്ക് വേണ്ടി അവർക്ക് ഒന്നും ചെയ്യാനായില്ല. ജനരോഷം ഭയന്ന അനുപമയെ തൊടാനും കഴിഞ്ഞില്ല. ഇതിനിടെയാണ് അനുപമ പ്രസവാവധിയിൽ പോയത്. ഇതോടെ ഭക്ഷ്യസുരക്ഷയിൽ പുതിയ ഉദ്യോഗസ്ഥരെത്തി. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ അനുപമയ്ക്ക് കാര്യമായ വകുപ്പൊന്നും നൽകിയതുമില്ല.

ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ മായം ചേർക്കലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെ നവമാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും കയ്യടി വാങ്ങിയയാളാണ് അനുപമ. ഭരണത്തലപ്പത്തുള്ളവരുടെ കയ്യേറ്റമുൾപ്പെടെയുള്ള വിഷയങ്ങൾ ആലപ്പുഴയിൽ സജീവ ചർച്ചയാകുമ്പോളാണ്, ധീരയായ ഈ വനിതാ ഐഎഎസ് ഉദ്യോഗസ്ഥ ആലപ്പുഴയുടെ സാരഥ്യമേൽക്കുന്നത്. അതിൽ പ്രതിസ്ഥാനത്ത് മന്ത്രി തോമസ് ചാണ്ടിയാണ്. കോടികളുടെ ആസ്തിയുള്ള രാഷ്ട്രീയക്കാരൻ. ഇതോടെ ആലപ്പുഴയിൽ കളക്ടറുടെ നടപടികളിൽ എത്രത്തോളം കരുത്തുണ്ടാകുമെന്ന ചർച്ച നവമാധ്യമങ്ങൾ തുടങ്ങി കഴിഞ്ഞു. സമൂഹി നീതി വകുപ്പിലും മറ്റും തളയ്ക്കപ്പെട്ട അനുപമയ്ക്ക് കഴിവ് തെളിയിക്കാനുള്ള അവതരമാണ് അർഹതപ്പെട്ട പ്രമോഷൻ. അതുകൊണ്ട് മാത്രമാണ് അവരെ കളക്ടറാക്കേണ്ടി വന്നത്.

മന്ത്രിയ്‌ക്കെതിരെ കൈയേറ്റ ആരോപണങ്ങൾ സജീവമാകുമ്പോഴാണ് ആലപ്പുഴയിലെ റവന്യൂ വകുപ്പിന്റെ തലപ്പത്ത് അനുപമ എത്തിയത്. കൈയേറ്റ ഭൂമിയെന്ന് ആരോപണമുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിൽ ജില്ലാ കലക്ടർ ടി.വി. അനുപമയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തി.തോടെ കാര്യങ്ങൾ തെളിയുകയാണ്. തോമസ് ചാണ്ടിയെയാണ് കളക്ടർ നോട്ടമിടുന്നത്. ആർക്കും വഴങ്ങാത്ത ഉദ്യോഗസ്ഥ കൈയേറ്റത്തിൽ ഒരാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകും. ലേക്ക് പാലസ് റിസോർട്ടിനു സമീപത്തെ വിവാദമായ റോഡു നിർമ്മാണം, കായൽ കയ്യേറ്റം, ദേശീയ ജലപാത ആഴംകൂട്ടലിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണു നിക്ഷേപിച്ച സംഭവം എന്നിവയാണു പരിശോധിച്ചത്.

ഈ റിപ്പോർട്ട് എതിരായാൽ മന്ത്രിക്ക് രാജിവയ്‌ക്കേണ്ടിയും വരും. തന്നെ കുടുക്കാനാണ് സി.പി.എം അനുപമയെ തന്നെ ആലപ്പുഴയിൽ എത്തിച്ചതെന്ന ആക്ഷേപവും മന്ത്രിക്കുണ്ട്. എന്നാൽ അനുപമ അനുകൂല റിപ്പോർട്ട് കൊടുത്താൽ എല്ലാ പ്രശ്‌നവും തീരും. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മന്ത്രി. ചൊവ്വാഴ്ച ചുമതല എടുത്ത ജില്ലാ കലക്ടർ തൊട്ടടുത്ത ദിവസം തന്നെ മന്ത്രിയുടെ ഭൂമി ഇടപാടുകൾ പരിശോധിച്ചതു റവന്യൂ വകുപ്പിന്റെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നു കരുതുന്നു. അതുകൊണ്ട് തന്നെയാണ് അനുപമയുടെ നീക്കങ്ങളിൽ തോമസ് ചാണ്ടിക്ക് ആശങ്ക കൂടുന്നത്. എൻസിപിയിലെ ഒരു വിഭാഗവും മന്ത്രിക്കെതിരെ ഉണ്ട്. അവരും തോമസ് ചാണ്ടിക്കെതിരായ പോരാട്ടത്തിന് അനുപമയെ ഒപ്പം കൂട്ടാനുള്ള തീരുമാനത്തിലാണ്.

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള മാർത്താണ്ഡം കായലിലെ നിലം നികത്തൽ, ഹാർബർ എൻജിനീയറിങ് വകുപ്പു ലേക്ക് പാലസ് റിസോർട്ടിനു സഹായകമാകുന്ന തരത്തിൽ റോഡ് നിർമ്മിച്ചത്, ഖനനം ചെയ്ത മണ്ണു പാടശേഖരത്തിൽ നിക്ഷേപിച്ചത് എന്നിവ വിവാദമായിരുന്നു. ഇതു സംബന്ധിച്ചു മുൻ ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൈയേറ്റത്തിൽ കർശനക്കാരനാണ് റവന്യൂ മന്ത്രി. അതുകൊണ്ട് തന്നെ അനുപമയ്ക്ക് കൃത്യമായ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വിശദ പരിശോധന പുതിയ ജില്ലാ കലക്ടർ ചുമതല എടുത്ത ശേഷം മതിയെന്നു മന്ത്രി നിർദ്ദേശിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. സിപിഎമ്മിനൊപ്പം അനുപമയെ ആലപ്പുഴയിലേക്ക് നിയോഗിച്ചത് ചന്ദ്രശേഖരന്റെ കൂടി കരുനീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.

ഭൂമി ഇടപാടുകൾ സംബന്ധിച്ചു വിശദവും ശക്തവുമായ റിപ്പോർട്ട് വേണമെന്നാണു നിർദ്ദേശം. നിലം പൂർവസ്ഥിതിയിലാക്കണം ലേക്ക് പാലസ് ഹോട്ടലിലേക്കുള്ള റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ചില സ്ഥലങ്ങളിൽ പാടം നികത്തിയതിനെ കുറിച്ചു ജില്ലാ കലക്ടർ ആരാഞ്ഞു. റോഡു പണി പൂർത്തിയാകുന്നതോടെ നിലം പൂർവസ്ഥിതിയിലാക്കാമെന്നു ബന്ധപ്പെട്ടവർ ഉറപ്പു നൽകി. 2011 ൽ തന്നെ നികത്തിയ സ്ഥലം പൂർവസ്ഥിതിയിൽ ആക്കാൻ റവന്യൂ വകുപ്പ് നിർദ്ദേശം നൽകിയിരുന്നതെന്നു മുല്ലയ്ക്കൽ വില്ലേജ് ഓഫിസർ അറിയിച്ചു. ലേക്ക് പാലസ് നിൽക്കുന്ന സ്ഥലത്തിന്റെ ഭൂമി രേഖകൾ, ഭൂമി കൈമാറ്റ രേഖകൾ, സർവേ സ്‌കെച്ച് എന്നിവ അടക്കം പരിശോധന നടത്താൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി. അതിനിടെ മാർത്താണ്ഡം കായൽ സംബന്ധിച്ചു ലാൻഡ് റവന്യു ഡപ്യൂട്ടി കലക്ടർ അതുൽ എസ്. നാഥ് ജില്ലാ കലക്ടർക്കു പ്രാഥമിക റിപ്പോർട്ട് നൽകി. അടുത്ത ദിവസം ഇവിടെയും സന്ദർശനം നടത്തിയേക്കും.

മാർത്താണ്ഡം കായൽ നികത്തിലിനു പുറമെ മിച്ചഭൂമി ചട്ടങ്ങളുടെ ലംഘനം, സർക്കാർ പുറമ്പോക്കു കയ്യേറ്റം, ഉദ്യോഗസ്ഥരുടെ ഒത്താശ എന്നിവയാണു പരിശോധിക്കുന്നത്. ഇതു സംബന്ധിച്ച പരാതികളിൽ ഭാഗികമായി കഴമ്പുണ്ടെന്നാണു പ്രാഥമിക റിപ്പോർട്ട്. ഇതും തോമസ് ചാണ്ടിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. മാലിന്യം കലർന്ന കറിപൗഡറുകൾ വിറ്റ നിറപറയുടേയും വിഷം തെളിച്ച പച്ചക്കറി കച്ചവടക്കാരുടേയും നീക്കങ്ങളാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ സ്ഥാനത്ത് നിന്ന് ടി വി അനുപമയെ തെറിപ്പിച്ചത്. കേരളത്തിലെ തിന്മേശകളിൽ വിഷം വിളമ്പുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത ഉദ്യോഗസ്ഥായായിരുന്നു ടിവി അനുപമ. ഈ നിലപാട് തുടർന്നാൽ തോമസ് ചാണ്ടി വെള്ളംകുടിക്കുമെന്നാണ് വിലയിരുത്തൽ.