ന്യൂഡൽഹി: മീഡിയാ വണ്ണിനെ നിരോധിക്കാനുള്ള നിയമ പോരാട്ടത്തിലാണ് കേന്ദ്ര സർക്കാർ. ഇതിനൊപ്പം സർക്കാർ നയങ്ങൾക്കെതിരെ വാർത്ത നൽകുന്നവരെല്ലാം നിയന്ത്രണ പരിധിയിലാകും. റഷ്യ-യുക്രെയ്ൻ യുദ്ധം, ജഹാംഗീർപുരി സംഘർഷം എന്നിവയുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടിങ്ങിൽ ടിവി ചാനലുകൾക്കു മാർഗരേഖയുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രംഗത്ത് എത്തുന്നത് ചാനലുകളെ നിരീക്ഷിക്കാൻ വേണ്ടി കൂടിയാണ്. മാർഗ്ഗ രേഖ ലംഘിച്ചാൽ ഉടൻ നടപടിയുണ്ടാകും. മിഡീയാ വൺ നിരോധനത്തിൽ ചില പാളിച്ചകൾ പറ്റിയതായി കേന്ദ്രം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് മാർഗ്ഗരേഖ പ്രഖ്യാപിക്കൽ.

ഇരുവിഷയങ്ങളിലും പല ചാനലുകളും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതും ഉദ്വേഗജനകവുമായ വാർത്തകൾ നൽകുന്നുവെന്നും ഇത് 1995 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്‌സ് (റെഗുലേഷൻ) നിയമത്തിന്റെ ലംഘനമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധം, ക്രമസമാധാനം എന്നിവയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ കഴിയുന്ന 20ാം വകുപ്പിന്റെ ലംഘനമുണ്ടായെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാൽ ഏതെല്ലാം ചാനലുകളാണ് ലംഘനം നടത്തിയതെന്ന് പ്രഖ്യാപിക്കുന്നുമില്ല.

ടിവി ചർച്ചകളിൽ സഭ്യമല്ലാത്തതും പ്രകോപനപരവുമായ പരാമർശങ്ങൾ കാഴ്ചക്കാരിൽ തെറ്റായ സ്വാധീനം ചെലുത്തും. കുട്ടികളിൽ ഇത് ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസിക ബുദ്ധിമുട്ടുകൾക്കും കാരണമാകുമെന്ന് ഉത്തരവ് പറയുന്നു. ചില ചാനലുകൾ രാജ്യാന്തര ഏജൻസികളെ തെറ്റായി ഉദ്ധരിച്ച് വ്യാജവിവരങ്ങൾ പങ്കുവച്ചു. വാർത്തയുമായി ബന്ധമില്ലാത്തതും അപകീർത്തികരവും തെറ്റിദ്ധാരണാജനകവുമായ തലക്കെട്ടുകൾ ഉപയോഗിച്ചു. പല മാധ്യമപ്രവർത്തകരും വാർത്താഅവതാരകരും കെട്ടിച്ചമച്ചതും അതിശയോക്തി കലർന്നതുമായ പ്രസ്താവനകൾ നടത്തിയെന്നും കുറ്റപ്പെടുത്തുന്നു.

റഷ്യ യുക്രെയ്‌നിൽ ആണവായുധം ഉപയോഗിക്കാൻ പോകുന്നുവെന്ന തരത്തിൽ ഏപ്രിൽ 18 മുതൽ 20 വരെ പ്രക്ഷേപണം ചെയ്ത ചാനൽവാർത്തകളാണ് ഉദാഹരണങ്ങളായി ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പല റിപ്പോർട്ടർമാരും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്നും സർക്കുലർ പറയുന്നു. ഇതെല്ലാം ഗൗരവത്തോടെ കാണും. എന്നാൽ ജഹാംഗീർപുരി സംഘർഷമാണ് ഇത്തരത്തിലെ ഇടപെടലിന് കാരണമെന്നും സൂചനയുണ്ട്.

ഡൽഹിയിലെ ജഹാംഗീർപുരി സംഘർഷവുമായി ബന്ധപ്പെട്ട് സമുദായങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കുന്ന തരത്തിൽ ചില ചാനലുകൾ വാർത്ത നൽകി എന്നാണ് കുറ്റപ്പെടുത്തൽ. നിലവിൽ നടക്കുന്ന അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ ആധികാരികത ഉറപ്പാക്കാത്ത ചില സിസിടിവി ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു. ഇതെല്ലാം ഗൗരവത്തോടെ കേന്ദ്ര സർക്കാർ കാണും എന്നാണ് മുന്നറിയിപ്പ്.

ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം ദൃശ്യങ്ങൾ കാണിച്ച് സംഘർഷസാധ്യത വർധിപ്പിച്ചു. അധികൃതർ സ്വീകരിച്ച നടപടികൾക്കു ചില മാധ്യമങ്ങൾ വർഗീയനിറം നൽകിയെന്നും ഉത്തരവ് പറയുന്നു.