ഭോപ്പാൽ: മധ്യപ്രദേശിൽ 2000 കോടി രൂപയുടെ പ്രൊഫഷണൽ പരീക്ഷാ ബോർഡ് (വ്യവസായിക് പരീക്ഷാ മണ്ഡൽ-വ്യാപം) കുംഭകോണവുമായി ബന്ധപ്പെട്ടുള്ള മരണങ്ങൾ തുടർകഥയാകുന്നു. ഇന്നലെ കുഭകോണവുമായി ബന്ധപ്പെട്ട വാർത്തകൾ നൽകിയ മാദ്ധ്യമപ്രവർത്തകൻ അക്ഷയ് സിങ്ങും പെട്ടെന്ന് മരിച്ചതോടെ ജനങ്ങൾ ആകെ ഭയപ്പാടിലാണ്.

അതിനിടെ, നിയമന അഴിമതിയുമായി ബന്ധപ്പെട്ട ഒരാൾ കൂടി ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ടു പുറത്തുവന്നു. ജബൽപുർ മെഡിക്കൽകോളജ് ഡീനിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഡൽഹിയിലെ ഹോട്ടലിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.

കുംഭകോണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തും സാക്ഷിപട്ടികയിലുമുള്ള 41 പേർ ഇതിനകം ദുരൂഹസാഹചര്യത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. 25 പേർ മരിച്ചെന്ന് സർക്കാർ സമ്മതിക്കുന്നു. രണ്ടുവർഷമായി അന്വേഷണം തുടരുന്ന കുംഭകോണവുമായി ബന്ധപ്പെട്ട് ഇത്രയും മരണം നടന്നത് ആരെയും ഞെട്ടിക്കുന്നതാണ്.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിവി ടുഡെ വാർത്താ ചാനലിന്റെ റിപ്പോർട്ടറാണ് കഴിഞ്ഞ ദിവസം മരിച്ച അക്ഷയ് സിങ്ങ്. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ടു പേരുയർന്നതിനെ തുടർന്ന് റയിൽവേ ട്രാക്കിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മാതാപിതാക്കളുടെ അഭിമുഖവും ഇയാൾ എടുത്തിരുന്നു. മേഘ് നഗറിലെ വീട്ടിൽ ഇവരുടെ അഭിമുഖം കഴിഞ്ഞയുടനെ കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വായിൽ നിന്നു പെട്ടെന്നുതന്നെ നുരയും പതയും വന്ന അക്ഷയ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉജ്ജൻ ജില്ലയിലെ റയിൽവേ ട്രാക്കിനു സമീപം ദുരൂഹമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇൻഡോർ മെഡിക്കൽ കോളജ് വിദ്യാർത്ഥി നമൃത ദാമറിന്റെ മാതാപിതാക്കളുമായിട്ടായിരുന്നു അക്ഷയ് സിങിന്റെ അഭിമുഖം.

വിവിധ കോഴ്‌സുകളിലേക്കും സർക്കാർ തസ്തികകളിലേക്കും പ്രവേശനത്തിനും നിയമനത്തിനുമുള്ള പരീക്ഷകൾ നടത്താൻ ചുമതലപ്പെട്ട മധ്യപ്രദേശ് പ്രൊഫഷണൽ പരീക്ഷാ ബോർഡിൽ (മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡൽ)നടന്ന പരീക്ഷ നിയമന തട്ടിപ്പാണ് വ്യാപം കുംഭകോണം. 2008 മുതൽ 2013 വരെ ബോർഡ് നടത്തിയ വിവിധ പരീക്ഷകളിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തി. മെഡിക്കൽ പ്രവേശനപരീക്ഷാതട്ടിപ്പാണ് ഇതിൽ പ്രധാനം. മെഡിക്കൽ പരീക്ഷയിൽ തട്ടിപ്പ് നടന്നതായി 2013ലാണ് ആക്ഷേപം ഉയർന്നത്. പരാതി പരിശോധിച്ച ഇൻഡോർ പൊലീസ് 2008 മുതൽ തട്ടിപ്പ് നടന്നുവരുന്നതായി കണ്ടെത്തി. ബോർഡ് ഉദ്യോഗസ്ഥരുമായി ചേർന്ന് തട്ടിപ്പ് നടത്താൻ സംസ്ഥാനവ്യാപകമായി ഒരു റാക്കറ്റുതന്നെ പ്രവർത്തിക്കുന്നതായും പല പ്രമുഖർക്കും ഇതിൽ പങ്കുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

രാഷ്ട്രീയ നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരുമുൾപ്പെടെ 3000ൽ പരം പേർക്കെതിരെയാണ് കേസിൽ ആരോപണമുയർന്നത്. മുൻവിദ്യാഭ്യാസമന്ത്രി ലക്ഷ്മികാന്ത് ശർമയുൾപ്പെടെ ഒട്ടേറെപ്പേർ അറസ്റ്റിലായിരുന്നു. നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനോടകം 2000 പേരാണ് ഈ കേസിൽ അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് 23 പേർ മരിച്ചതായി അന്വേഷണസംഘം കഴിഞ്ഞമാസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

വ്യാപം അഴിമതിക്കേസുമായി ബന്ധമുള്ളവരുടെ ദുരൂഹ മരണങ്ങൾ നേരത്തെയും വിവാദമായിരുന്നു. മധ്യപ്രദേശ് ഗവർണ്ണർ രാം നരേഷ് യാദവിന്റെ മകനും കേസിലെ പ്രതിയുമായ ശൈലേഷ് യാദവും മരിച്ചവരിൽ ഉൾപ്പെടുന്നു. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ രാം നരേഷിന്റെ വസതിയിൽ ഇക്കൊല്ലം മാർച്ച് 25നാണ് ഇയാളെ മരിച്ചനിലയിൽ കണ്ടത്. മറ്റൊരു പ്രതി വിജയ് സിങ്ങിനെ മരിച്ചനിലയിൽ ഛത്തീസ്‌ഗഢിലെ കങ്കേർ ജില്ലയിൽ ഏപ്രിൽ 28നും കണ്ടെത്തി. ഫാർമസിസ്റ്റായ ഇയാളുടെ മൃതദേഹം ബിജെപി. എംഎൽഎയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലാണ് കണ്ടത്. മറ്റൊരുപ്രതിയും ജബൽപുർ മെഡിക്കൽ കോളേജ് ആശുപത്രി ഡീനുമായ ഡോ. ഡി.കെ. സാകല്ലി പൊള്ളലേറ്റു മരിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച ഇൻഡോറിലും ഗ്വാളിയോറിലുമായും രണ്ട് മരണം നടന്നിരുന്നു. ഇൻഡോർ ജില്ലാ ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന നരേന്ദ്രസിങ് തോമറും(30) ജാമ്യത്തിലിറങ്ങിയ ഡോ. രാജേന്ദ്ര ആര്യ(40)യുമാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്നാണ് തോമറിന്റെ മരണമെന്ന് ജയിൽ അധികൃതർ അവകാശപ്പെട്ടു. സഹോദരൻ കൊല്ലപ്പെട്ടതാണെന്ന് തോമറിന്റെ സഹോദരൻ വിക്രം ആരോപിച്ചു. കേസ് ഇല്ലാതാക്കാൻ പ്രതികളെയും സാക്ഷികളെയും കൂട്ടത്തോടെ കൊലപ്പെടുത്തുകയാണ്. സഹോദരന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. കേസന്വേഷണം സിബിഐക്ക് വിടണം വിക്രം ആവശ്യപ്പെട്ടു.

വെറ്ററിനറി ഓഫീസറായ തോമറെ മധ്യപ്രദേശ് പ്രൊഫഷണൽ പരീക്ഷാബോർഡ് നടത്തിയ 2008ലെ മെഡിക്കൽ പ്രവേശനപരീക്ഷയിൽ തട്ടിപ്പ് നടത്തിയെന്ന കുറ്റത്തിനാണ് പ്രതിചേർത്തത്. മെഡിക്കൽ പരീക്ഷയിൽ ആളുമാറി പരീക്ഷ എഴുതാൻ പറ്റുന്നവരെ കുംഭകോണ ഏജന്റുമാർക്ക് എത്തിച്ചുകൊടുത്തെന്ന ആക്ഷേപമാണ് തോമറിനെതിരെയുള്ളത്. ഗ്വാളിയോറിലെ ബിർള ആശുപത്രിയിലായിരുന്നു ഡോ. രാജേന്ദ്ര ആര്യയുടെ മരണം. 2008 ലെ മെഡിക്കൽ പ്രവേശനപരീക്ഷയിൽ തട്ടിപ്പ് നടത്തിയ കുറ്റത്തിനാണ് ആര്യയെ പ്രതിയാക്കിയത്. പൊള്ളലേറ്റും, വാഹനാപകടത്തിലും ആത്മഹത്യ ചെയ്ത നിലയിലും ഒക്കെയാണ് കേസിലുൾപ്പട്ടവർ മരിക്കുന്നത്. എന്നാൽ, ഒരു മരണവും കൊലപാതകമാണെന്ന് അന്വേഷണങ്ങളിൽ തെളിഞ്ഞിട്ടില്ലെന്നതാണ് അതിലേറെ അത്ഭുതം.

ജൂലൈ 15ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കേസിൽ കുറ്റപത്രം നൽകുമെന്നാണ് കരുതുന്നത്. ഇതിനിടെയാണ് കൂടുതൽ ദുരൂഹമരണങ്ങളുണ്ടാകുന്നത്. അക്ഷയ് സിങ്ങിന്റെ മരണം കൂടി ആയതോടെ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അക്ഷയ് സിങ്ങിന്റെ മരണകാരണം പോസ്റ്റ്മാർട്ടത്തിനു ശേഷമേ പറയാൻ കഴിയൂ എന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബുലാൽ ഗൗർ അറിയിച്ചു. മുഖ്യമന്ത്രി ശിവ് രാജ്‌സിങ് ചൗഹാനടക്കം ഉന്നതരുടെ അറിവോടെയാണ് മരണങ്ങൾ എല്ലാമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

കുംഭകോണവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ മരിക്കുന്നത് സ്വഭാവികമാണെന്ന് ആഭ്യന്തര മന്ത്രി ബാബുലാൽ ഗൗർ പറഞ്ഞതും വ്യാപം കേസിൽ ഏറെ വിവാദമായിരുന്നു. പല പ്രതികളുടെയും മരണം സംബന്ധിച്ചുള്ള അന്വേഷണം നടക്കുമ്പോഴും യാതൊരു തുമ്പും പൊലീസിന് ലഭിക്കാതെ പല കേസുകളും തേഞ്ഞുമാഞ്ഞുപോവുകയാണ് ചെയ്യുന്നത്.