- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മർസൂക്കിന്റെ രാജി കണ്ണിൽ പൊടിയിടാൻ; പ്രതിസന്ധി തുടരുമെന്നും വേണ്ടവർ മാത്രം ജോലി ചെയ്താൽ മതിയെന്നും പറയുന്ന ചാനൽ വീണ്ടും ലോഗോ മാറ്റത്തിന്; ടിവി ന്യൂവിൽ സർവ്വത്ര ആശയക്കുഴപ്പം
കൊച്ചി: കേരളത്തിലെ വ്യവസായ ലോകത്തിന്റെ ജിഹ്വ എന്ന പേരിൽ തുടങ്ങിയ ടി വി ന്യൂ ചാനൽ വീണ്ടും ലോഗോ മാറ്റാനൊരുങ്ങുന്നു. ഒന്നര വർഷത്തിനിടെ ഇതു മൂന്നാം തവണയാണ് ലോഗോ മാറ്റുന്നത്. ചാനലിന്റെ രണ്ടാം റീ ലോഞ്ചിന്റെ ഭാഗമാണ് ഇത്. അടുത്തകാലത്തു ചാനലിൽ ചുമതലയേറ്റ പുതിയ വാർത്താവിഭാഗം മേധാവിയുടെ നിർദേശപ്രകാരമാണ് നീക്കം. ചാനൽ ഇപ്പോഴത്തെ രീതിയിൽ പ്ര
കൊച്ചി: കേരളത്തിലെ വ്യവസായ ലോകത്തിന്റെ ജിഹ്വ എന്ന പേരിൽ തുടങ്ങിയ ടി വി ന്യൂ ചാനൽ വീണ്ടും ലോഗോ മാറ്റാനൊരുങ്ങുന്നു. ഒന്നര വർഷത്തിനിടെ ഇതു മൂന്നാം തവണയാണ് ലോഗോ മാറ്റുന്നത്. ചാനലിന്റെ രണ്ടാം റീ ലോഞ്ചിന്റെ ഭാഗമാണ് ഇത്. അടുത്തകാലത്തു ചാനലിൽ ചുമതലയേറ്റ പുതിയ വാർത്താവിഭാഗം മേധാവിയുടെ നിർദേശപ്രകാരമാണ് നീക്കം.
ചാനൽ ഇപ്പോഴത്തെ രീതിയിൽ പ്രതിസന്ധികളിലൂടെ മാത്രമേ മുന്നോട്ടു പോകൂ എന്നും വേണ്ടവർ മാത്രം ജോലിയിൽ തുടർന്നാൽ മതിയെന്നും മാനേജ്‌മെന്റ് ജീവനക്കാർക്കു നിർദ്ദേശവും നൽകിയിട്ടുണ്ട്. കുറച്ചു നാളുകൾ മുമ്പു ചാനലിന്റെ ചെയർമാൻ കെ എൻ മർസൂക്ക് രാജിവച്ചതു തട്ടിപ്പാണെന്നും വ്യക്തമാവുകയാണ്. ഇപ്പോഴും ചാനലിന്റെ കാര്യങ്ങൾ നോക്കി നടത്തുന്നതും ചെക്കുകളിൽ ഒപ്പിടുന്നതും മർസൂക്ക് തന്നെയാണ്. ചാനലിന്റെ നേതൃത്വത്തിൽ മർസൂക്ക് തുടരുന്നതുമായി ബന്ധപ്പെട്ടും കേരള ട്രേഡ് സെന്റർ തട്ടിപ്പുമായി ബന്ധപ്പെട്ടും ഉള്ള കേസുകളിൽനിന്നു മർസൂക്കിന് തലയൂരാനായിരുന്നു എല്ലാവരുടെയും കണ്ണിൽപൊടിയിട്ടുള്ള രാജിയെന്നാണ് സൂചന. ഇപ്പോഴും ചാനലിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ മർസൂക്ക് സജീവമാണ്.
കഴിഞ്ഞദിവസം കൊച്ചിയിലെ ചാനൽ ആസ്ഥാനത്തു ചേർന്ന ജീവനക്കാരുടെ യോഗത്തിൽ ചാനലിലെ പ്രതിസന്ധി തുടരുമെന്നും വേണ്ടവർ മാത്രം ജോലിയിൽ തുടർന്നാൽ മതിയെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ വ്യക്തമാക്കുകയും ചെയ്തു. സെപ്റ്റംബർ മാസത്തെ ശമ്പളം വരെയാണ് ഇതുവരെ നൽകിയിരിക്കുന്നത്. അതും ഇരുപത്തയ്യായിരം രൂപയിൽ അധികം ശമ്പളമുള്ളവർക്കു പകുതി മാത്രമാണ് നൽകിയിട്ടുള്ളത്. ഒക്ടോബറിലെ ശമ്പളം ഇതുവരെ ആർക്കും നൽകിയിട്ടില്ല. പരസ്യ ഇനത്തിൽ ഓണത്തിനു ലഭിച്ച ലക്ഷക്കണക്കിനു രൂപയടക്കം വഴിമാറ്റിയതായും സൂചനയുണ്ട്. ജോലിയിൽ പ്രവേശിച്ച് ഈ ഡിസംബറിൽ രണ്ടു വർഷമാകുന്ന ജീവനക്കാർക്ക് ഇതുവരെ സ്ഥിരനിയമനം നൽകാനും ചാനൽ തയാറായിട്ടില്ല.
സ്ഥിര നിയമനം ചോദിക്കുന്നവരോട് വേണമെങ്കിൽ നിന്നാൽ മതിയെന്നാണ് പറയുന്നത്. നേരത്തേ ഭഗത് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചാനലിൽനിന്നു സംപ്രേഷണം തുടങ്ങി മാസങ്ങൾക്കുള്ളിൽ ഭഗത്പുറത്തായിരുന്നു. ഭഗതിനു പിന്നാലെ നിരവധി മാദ്ധ്യമപ്രവർത്തകരും സാങ്കേതിക വിദഗ്ധരും ചാനൽ വിട്ടിരുന്നു. തുടർന്നു വീണ ജോർജ് ചുമതലയേറ്റെങ്കിലും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യമില്ലാത്തതിന്റെ പേരിൽ ചാനൽ വിട്ടു റിപ്പോർട്ടർ ടിവിയിൽ ചേർന്നു. അതിനു ശേഷം ഇന്ത്യാവിഷൻ ചാനലിൽ നിന്നു കെ പി അഭിലാഷ് വരികയും ചാനലിന്റെ വാർത്താവിഭാഗത്തിന്റെ ദൈനംദിന കാര്യങ്ങൾ നോക്കുകയുമാണ് ചെയ്യുന്നത്. അതിനിടയിൽ മറ്റൊരു ചാനലിൽനിന്ന് ഒരു മാദ്ധ്യമപ്രവർത്തകൻ വാർത്താവിഭാഗം തലവനായി ചാനലിലെത്താനുള്ള സാധ്യതയേറി.
ഈ മാദ്ധ്യമപ്രവർത്തകന്റെ നിർദേശപ്രകാരമാണ് ലോഗോ മാറ്റുന്നത്. ചാനലിൽ മുതിർന്ന നാലു മാദ്ധ്യമപ്രവർത്തകരും ട്രെയിനികളും മതിയെന്നാണ് മാനേജ്‌മെന്റ് നിലപാട്.