- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുവന്ന റിവോൾവിങ് ബീക്കൺ ലൈറ്റ് ഘടിപ്പിച്ച എൻഡവർ കാറിൽ ഇന്ത്യൻ ആർമിയായി ആൾമാറാട്ടം' ചീറിപ്പാഞ്ഞത് തലസ്ഥാന സിറ്റിയിലൂടെ; കുറ്റം സമ്മതിച്ച പ്രതികളെ 3500 രൂപ വീതം പിഴയൊടുക്കാൻ ശിക്ഷിച്ച് കോടതി
തിരുവനന്തപുരം: ചുവന്ന റിവോൾവിങ് ബീക്കൺ ലൈറ്റ് ഘടിപ്പിച്ച എൻഡവർ കാറിൽ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി തലസ്ഥാന സിറ്റിയിലൂടെ ചീറിപ്പാഞ്ഞ കേസിൽ വാഹനയുടമ അടക്കം 5 പ്രതികളെ 3500 രൂപ വീതം പിഴയൊടുക്കാൻ ശിക്ഷിച്ചു. തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികളെ പ്ലീ ബർഗയിനിംഗിലൂടെ ശിക്ഷിച്ചത്.
പിഴയൊടുക്കാത്ത പക്ഷം 6 മാസം തടവനുഭവിക്കാനും മജിസ്‌ട്രേട്ട് പി.എസ്. സുമി ഉത്തരവിട്ടു. കോടതിയിൽ ഹാജരായ പ്രതികൾ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് കുറ്റപത്രം വായിച്ചു കേൾപ്പിച്ച് പിഴയൊടുക്കാൻ ശിക്ഷിച്ചത്. ആൾമാറാട്ട കേസിലെ 1 മുതൽ 5 വരെയുള്ള പ്രതികളായ പുതുച്ചേരി സ്റ്റേറ്റ് കുറിഞ്ചി നഗർ നിവാസി രാജശേഖരൻ എന്ന രാജേഷ് (39) , മുത്തലിയാർ പേട്ട് സെന്റ്. ആന്റണീസ് സ്ട്രീറ്റിൽ രാഡ്ജ്യ കവി ദാസൻ (25) , വിളവൻകോട് സ്വദേശി എൽജിൻ സാം (44) , എൻഡവർ കാറുടമ ചെക്കടി സ്വദേശി മുരുകൻ (54) , പുതുച്ചേരി നുള്ളിയാൻ പേട്ട് സ്വദേശി ജാഫർ അലി (25) എന്നിവരെയാണ് ശിക്ഷിച്ചത്.
2016 ജൂലൈ 14 വൈകിട്ട് 4.35 മണിക്കാണ് കേസിനാസ്പദമായ സംഭവംനടന്നത്. ഇന്ത്യൻ ആർമി , നേവി , എയർ ഫോഴ്‌സ് , പാരാ മിലിട്ടറി പൊലീസ് ഫോഴ്‌സ് , സ്റ്റേറ്റ് പൊലീസ് തുടങ്ങിയ യാതൊരു സൈനിക - അർദ്ധ സൈനിക പൊലീസ് വിഭാഗങ്ങളിലും അംഗങ്ങളല്ലാത്ത പ്രതികൾ ഇന്ത്യൻ ആർമിയുടെ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടം നടത്തി വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ഏതോ വിധമുള്ള ആദായങ്ങളോ സേവനങ്ങളോ ലഭ്യമാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടി ഒന്നും രണ്ടും പ്രതികൾ ഇന്ത്യൻ ആർമി യൂണിഫോമിനോട് സദൃശമുള്ള എംബ്ലവും ലേബലും പതിപ്പിച്ച വസ്ത്രങ്ങൾ പതിച്ച് മൂന്നും നാലും അഞ്ചും പ്രതികൾ സമാന ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചും നാലാം പ്രതിയുടെ ഉടമസ്ഥതയിലുള്ള റ്റി എൻ 75 എ എച്ച് 9999 നമ്പർ ഫോർച്യൂണർ കാറിൽ പ്രതിയുടെ ഒത്താശയോട് കൂടി ഒന്നാം പ്രതി ചുവന്ന റിവോൾവിങ് ബീക്കൺ ലൈറ്റ് ഫിറ്റ് ചെയ്ത് അപായമായും ഉദാസീനമായും മനുഷ്യജീവന് ആപത്ത് വരത്തക്ക വിധത്തിൽ അമിത വേഗതയിൽ മൂന്നാം പ്രതി ബീക്കൺ ലൈറ്റ് പ്രകാശിപ്പിച്ച് പള്ളിച്ചൽ ഭാഗത്ത് നിന്നും കരമന ഭാഗത്തേക്ക് ഓടിച്ചു വന്നുവെന്നാണ് കേസ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 140 (മിലിട്ടറി, നേവി, എയർ ഫോഴ്‌സ് എന്നിവരുടേതിന് സദൃശമായ യുണിഫോം, എംബ്ലം , ലേബൽ എന്നിവ ധരിക്കുക) , 170 (പൊതുസേവകനായി ആൾമാറാട്ടം നടത്തൽ) , 279 ( അലക്ഷ്യമായും മനുഷ്യ ജീവന് ആപത്തു വരത്തക്കവിധവും സാഹസികമായും വാഹനമോടിക്കൽ) , 419 ( ചതിക്കലിനായുള്ള ആൾമാറാട്ടം) , 34 ( പൊതു ഉദ്ദേശ്യം കൈവരിക്കാനുള്ള കൂട്ടായ്മ) , 1989ൽ നിലവിൽ വന്ന സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂളിലെ ചട്ടം 177 (ട്രാഫിക് സിഗ്‌നൽ ലംഘനം) എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി കലണ്ടർ കേസെടുത്ത് പ്രതികളെ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
സംഭവം ദിവസം കൃത്യ വാഹനത്തെ തടഞ്ഞു നിർത്തി പരിശശാധിക്കുന്നതിന് പാപ്പനംകോട് ബസ് സ്റ്റാന്റ് ഹൈവേ റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നേമം കരമന റൂട്ടിൽ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി ആർ വി 6 ലെ ഡ്യൂട്ടിക്കാരായ പൊലീസുദ്യോഗസ്ഥർക്ക് സിറ്റി പൊലീസ് കൺട്രോൾ റൂമിൽ നിന്ന് വയർലെസ്സ് മുഖേന സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 2018 ലാണ് കരമന പൊലീസ് സബ് ഇൻസ്‌പെക്ടർ കേസിൽ കുറ്റപത്രം സമർപ്പിച്ചത്.