- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാന വാതിൽ അടച്ച ശേഷം പിൻവാതിലിലൂടെ പൊതുജനത്തെ കയറ്റുന്നു; സ്ഥാപനത്തിൽ വൻതിരക്കും; പരിശോധനയിൽ പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്തെ പോത്തീസിന്റെ ലൈസൻസ് നഗരസഭ റദ്ദാക്കി; ഒന്നാം തരംഗസമയത്ത് പോത്തീസ് അടച്ചിട്ടത് രണ്ട് തവണ
തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച സംഭവത്തിൽ തിരുവനന്തപുരത്തെ പോത്തീസിന്റെ ലൈസൻസ് തിരുവനന്തപുരം നഗരസഭ റദ്ദാക്കി. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പ്രോട്ടോകോൾ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയത്.
ചൊവ്വാഴ്ചയാണ് നഗരസഭ ആരോഗ്യവിഭാഗം പൊലീസിന്റെ സഹായത്തോടെ പോത്തീസിൽ പരിശോധന നടത്തിയത്. പ്രധാന വാതിൽ അടച്ചശേഷം ജീവനക്കാർ കയറുന്ന പിൻവാതിലിലൂടെ പൊതുജനത്തെ കയറ്റി സ്ഥാപനം പ്രവർത്തിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. 1994ലെ കേരള മുൻസിപ്പാലിറ്റി ആക്ടിലെ വകുപ്പ് 447, കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ്, ദുരന്തനിവാരണ അഥോറിറ്റിയുടെ ഉത്തരവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസൻസ് റദ്ദാക്കിയിരിക്കുന്നത്.കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നഗരസഭയും സർക്കാരും നടത്തുന്ന പ്രവർത്തനങ്ങളോട് വ്യാപാരസമൂഹം സഹകരിക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു.
ഒന്നാം തരംഗകാലത്ത് 2020 ജൂലൈയിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച സംഭവത്തിൽ പോത്തീസിന്റെ ലൈസൻസ് നഗരസഭ റദ്ദാക്കിയിരുന്നു. തുടർന്ന് പിഴ അടച്ച ശേഷമാണ് സ്ഥാപനം തുറന്ന് പ്രവർത്തിച്ചത്. കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പല ഘട്ടങ്ങളിലും പാലിക്കാതെ തുറന്നു പ്രവർത്തിച്ച പേത്തീസിന് നഗരസഭ നേരത്തേ മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാതെ തുറന്നു പ്രവർത്തിക്കുകയായിരുന്നു. തുടർന്നും ഇവ പാലിക്കാതെ തുറന്നു പ്രവർത്തിക്കുകയും കോവിഡ് വ്യാപനത്തിന് ഈ സ്ഥാപനങ്ങൾ കാരണമാവുകയും ചെയ്തതിനെ തുടർന്നായിരുന്നു നഗരസഭയുടെ നടപടി. നഗരത്തിൽ സൂപ്പർ സ്പ്രഡിന് ഇടയാക്കും വിധം പ്രവർത്തിച്ചു എന്നായിരുന്നു പോത്തീസിനും മറ്റൊരു സ്ഥാപനമായ രാമചന്ദ്രൻസിനും എതിരായ ആരോപണം.
പിന്നീട് 2020 ഡിസബറിലും പോത്തീസിന് പൂട്ടുവീണിരുന്നു. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഡിസംബർ 11 ന് അനിയന്ത്രിതമായ തിരക്ക് പോത്തീസിൽ ഉണ്ടായത്. ഒരുവിധത്തിലുള്ള സാമൂഹിക അകലവും ഇവിടെയുണ്ടായിരുന്നില്ല. സന്ദർശക രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിരുന്നില്ല. മാർച്ചിൽ പോത്തീസ് ഷോ റൂം ജീവനക്കാരെ എസ്എൽ തിയേറ്ററിനടുത്തുള്ള ഗോഡൗണിൽ തിങ്ങിപ്പാർപ്പിച്ചിരുന്നത് വിവാദമായിരുന്നു. ഒരു മുറിയിൽ പതിനഞ്ചു പേർ വരെയാണ് തിങ്ങിപ്പാർത്തിരുന്നത്. സംഭവം കോർപറേഷൻ അധികൃതരെ ഞെട്ടിക്കുകയും ചെയ്തു. ജൂലൈയിൽ പോത്തീസിന്റെ ലൈസൻസ് റദ്ദാക്കിയ കോർപറേഷൻ തന്നെ ഓഗസ്റ്റ് ആദ്യവാരം വിൽപ്പനയ്ക്ക് അനുമതി നൽകുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ