തിരുവനന്തപുരം വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് കാരക്കോണം സ്വദേശി സുരേഷ് കുമാർ (62) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് മെല്ലപ്പോക്ക് തുടരുന്നു. സംഭവം പരമാധി തണുപ്പിക്കാൻ,
ശസ്ത്രക്രിയ വൈകിയത് ഉൾപ്പെടെയുള്ള സംഭവത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്കാണ് യൂറോളജി വിഭാഗം മേധാവി വാസുദേവൻ പോറ്റിയെയും നെഫ്രോളജി വിഭാഗം മേധാവി ജേക്കബ് ജോർജിനെയും സസ്പെൻഡ് ചെയ്തതായി പ്രഖ്യാപിച്ചത്.

എന്നാൽ 24 മണിക്കൂറുകൾക്ക് ശേഷം ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് ഉത്തരവിറങ്ങിയത്. സസ്പൻഷനോടൊപ്പം വിശദമായ അന്വേഷണം നടത്താൻ അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി മധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അതിന്റെ ഉത്തരവിറങ്ങിയത് 48 മണിക്കൂറിന് ശേഷം ബുധനാഴ്ച രാത്രി എട്ട് മണി കഴിഞ്ഞ്. അന്വേഷണ ഉത്തരവിറങ്ങാൻ വൈകിയാൽ അന്വേഷണവും ഇഴയും. റിപ്പോർട്ട് സമർപ്പിക്കുന്നതും അനന്തമായി നീളും. ഇത് വ്യക്തമായി അറിയാവുന്നവരാണ് സെക്രട്ടറിയേറ്റിലുള്ളത്.

മെഡിക്കൽ കോളേജിലെ വീഴ്ച ആശുപത്രിക്ക് പുറത്ത് സർക്കാരിന്റെ വീഴ്ചയായും ആരോഗ്യവകുപ്പിന്റെ പരാജയവുമായാണ് പ്രതിപക്ഷ കക്ഷികൾ ഉയർത്തിക്കാട്ടുന്നത്. സംഭവം ഇപ്പോൾ സമൂഹത്തിൽ ചൂടേറിയ ചർച്ചാവിഷയമാണ്. ഈ ഘട്ടത്തിൽ ഡോക്ടർമാരെ വെള്ളപൂശിക്കൊണ്ടുള്ള റിപ്പോർട്ട് വേഗത്തിൽ പുറത്ത് വന്നാൽ സർക്കാരിനെതിരെ വ്യാപകമായ ആക്ഷേപങ്ങൾക്ക് ഇടയാക്കും. വൈകിയാണ് റിപ്പോർട്ട് വരുന്നതെങ്കിൽ നിസാര വീഴ്ചയായി കണ്ട് ഡോക്ടർമാരെ ന്യായീകരിക്കുകയും നടപടികൾ ഒഴിവാക്കുകയും ചെയ്യാം. ഇതിനായുള്ള ഒത്താശയാണ് സെക്രട്ടറിയേറ്റിൽ നിന്ന് ചെയ്യുന്നതെന്നാണ് വിവരം.

ഞായറാഴ്ചയാണ് മെഡിക്കൽ കോളേജിൽ ഗുരുതരമായ വീഴ്ച സംഭവിച്ചത്. എറണാകുളത്ത് നിന്നും രണ്ടര മണിക്കൂറിനുള്ളിൽ എത്തിച്ച അവയവം നാല് മണിക്കൂർ കാത്തുവച്ച ശേഷം രാത്രി 9.30ന് ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ യൂറോളജി,നെഫ്രോളജി വിഭാഗം ഡോക്ടർമാരുടെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായതായി കണ്ടെത്തുകയും ചെയ്തു. യൂറോളജി വിഭാഗം മേധാവിയായ ഡോ.വാസുദേവൻ പോറ്റി ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷമാണ് ആശുപത്രിയിലെത്തിയതെന്നും നെഫ്രോളജി വകുപ്പിന്റെ മേധാവി ജേക്കബ് ജോർജ് കേരളത്തിലെ ഉണ്ടായിരുന്നില്ലെന്നും വ്യക്തമായി. അവധി നൽകുകയോ മറ്റൊരാൾക്ക് ചുമതല നൽകുകയോ ചെയ്യാതെ ഇദ്ദേഹം ഡൽഹിയിൽ കോൺഫറൻസിൽ പോകുകയായിരുന്നു.

അവയവം എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയപ്പോൾ ഇരുവരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. അതേസമയം ഈ ഡോക്ടർമാക്കെതിരെ നേരത്തെ സ്വകാര്യപ്രാക്ടീസ് സംബന്ധിച്ച പരാതികൾ പലഘട്ടങ്ങളും ഉയർന്നുവന്നെങ്കിലും മേധാവിമാരായതിനാൽ തെളിവുകളില്ലെന്ന കാരണത്താൽ തുടർനടപടികളുണ്ടായില്ല. മുൻപും ഇത്തരം അവയവമാറ്റ ശസ്ത്രക്രിയകൾക്കായി മണിക്കൂറുകളോളം ഡോക്ടർമാരെ കാത്തിരിക്കേണ്ടിവന്നിട്ടുണ്ടെന്നും, വീട്ടിലെ പ്രാക്ടീസ് കഴിഞ്ഞുമാത്രമേ ആശുപത്രിയിലെത്തൂവെന്നും ആശുപത്രി ജീവനക്കാർ പറയുന്നു.

ഡോക്ടർമാരുടെ വീഴ്ച വിവാദമായതോടെ സംഭവത്തിൽ നിന്ന് തടിയൂരാൻ മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ പരാതിയും നൽകി.
എന്നാൽ അതിൽ ഇനിയും കേസെടുത്തിട്ടില്ല. സേവനമനോഭാവത്തോടെ പ്രവർത്തിച്ച ആംബുലൻസ് ജീവനക്കാർക്കെതിരെയാണ് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയത്. ഡോക്ടർമാരിൽ നിന്ന് അവയവം അടങ്ങിയ പെട്ടി തട്ടിപ്പറിച്ച് ഓടി. ആശുപത്രിക്കും സർക്കാരിനും ചീത്തപ്പേരുണ്ടാക്കാൻ രംഗങ്ങൾ ചിത്രീകരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ആശുപത്രി സൂപ്രണ്ടും പ്രിൻസിപ്പലും സംയുക്തമായി നൽകിയ പരാതിയിൽ പറയുന്നത്.

നെഫ്രോളജി വിഭാഗം സീനിയർ റസിഡന്റ് ഡോ.അക്ഷയ്, യൂറോളജി വിഭാഗം സീനിയർ റസിഡന്റ് ഡോ.ഹിമാൻഷു പാണ്ടേ എന്നിവരാണ് അവയവുമായി എത്തിയ ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ വാഹനം എത്തിയതിനു പിന്നാലെ വൃക്കയടങ്ങിയ കോൾഡ് ബോക്‌സുമായി ആംബുലൻസിൽ നിന്നു ഡോക്ടർമാർ ഇറങ്ങാൻ ശ്രമിക്കുമ്പോൾ അവരുടെ കൈയിൽ നിന്നു രണ്ടുപേർ പെട്ടി തട്ടിയെടുക്കുകയും ആശുപത്രിയിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

അതിക്രമിച്ചുകയറിയ ആളുകൾക്ക് ആശുപത്രിയുടെ വഴികളെയും വിവിധ ചികിത്സാമേഖലകളെയും കുറിച്ച് അറിയില്ലായിരുന്നു.അവർ എട്ടു തിയേറ്ററുകളിൽ അടച്ചിട്ടിരുന്ന ഒന്നിന്റെ മുമ്പിൽ നിന്നു വീഡിയോ ചിത്രീകരിക്കുകയും, സ്ഥാപനത്തിനും സർക്കാരിനും ചീത്തപ്പേരുണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും അവ മറ്റു മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തു. സ്ഥാപനത്തെ താറടിച്ചു കാണിക്കുന്നതിന് ആരുടെയൊക്കെയോ താത്പര്യപ്രകാരം നടത്തിയ ഇത്തരം ഹീനപ്രവൃത്തികളുടെ ഉദ്ദേശ്യം വെളിച്ചത്തുകൊണ്ടുവരുന്നതിനായി സമഗ്രമായ അന്വേഷണം നടത്തി മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് പരാതി.