- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ട്വന്റി 20 പഞ്ചായത്ത് പ്രസിഡന്റുമാർ; ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: പൊലീസ് സംരക്ഷണം തേടി ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രതിപക്ഷ പാർട്ടികൾ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചായിരുന്നു ഹർജി നൽകിയത്. ഐക്കരനാട്, കുന്നത്തുനാട്, മഴവന്നൂർ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ ഡീനാ ദീപക്, എംവി നിതമോൾ, ബിൻസി ബൈജു എന്നിവരാണ് തങ്ങൾക്കും ഭരണസമിതിയിലെ മറ്റ് അംഗങ്ങൾക്കും പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്.
പഞ്ചായത്ത് സമിതി യോഗമോ സ്റ്റാൻഡിങ് കമ്മിറ്റി, ആസൂത്രണ സമിതി, വർക്കിങ് ഗ്രൂപ്പ്, ഗ്രാമ സഭാ യോഗങ്ങളോ സമാധാനപരമായി നടത്താൻ ആവുന്നില്ലെന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. യോഗങ്ങൾ അലങ്കോലമാക്കുമെന്നു പ്രതിപക്ഷ അംഗങ്ങൾ ഭീഷണിപ്പെടുത്തുകയും ഹർജിയിൽ ആരോപിച്ചിരുന്നു.
ക്രമസമാധാന പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ പൊലീസ് സംരക്ഷണം അനുവദിക്കരുതെന്ന് എതിർകക്ഷികളായ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇന്നുവരെ ക്രമസമാധാന പ്രശ്നമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ അഭിഭാഷകനും കോടതിയെ അറിയിച്ചു. ക്രമസമാധാനപ്രശ്നം ഉണ്ടാവുമ്പോൾ പൊലീസിനെ സമീപിക്കാമെന്നും അപ്പോൾ പൊലീസ് നിയമപ്രകാരം നടപടിയെടുക്കുമെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു.
ക്രമസമാധാന പ്രശ്നം ഉണ്ടാവുന്ന സാഹചര്യം സംജാതമായാൽ ഹർജിക്കാർക്ക് പൊലീസ് സ്റ്റേഷനിലോ റൂറൽ എസ്പിയുടെ മുമ്പാകെയോ പരാതി നൽകാമെന്ന് കോടതി വ്യക്തമാക്കി. പരാതി ലഭിച്ചാൽ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസറും റൂറൽ എസ്പിയും ആവശ്യമായ നടപടികളിലേക്കു കടക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഭരണസമിതിയുടെ നയങ്ങൾക്കോ നടപടികൾക്കോ എതിരെ പ്രതിഷേധിക്കാൻ പ്രതിപക്ഷ അംഗങ്ങൾക്ക് അവകാശമുണ്ടെന്നും എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവരുതെന്നും കോടതി പറഞ്ഞു.
മറുനാടന് ഡെസ്ക്