കിഴക്കമ്പലം: വോട്ട് ചെയ്യാനെത്തിയ ദമ്പതികളെ പോളിങ് ബൂത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ച സംഭവം കേരള മന:സാക്ഷിയെ ഞെട്ടിച്ചിരുന്നു. വോട്ടെടുപ്പ് ദിനത്തിൽ കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് വാർഡിലെ ഒന്നാം ബൂത്തായ മദ്രസത്തുൽ ഇസ്ലാമിയയിൽ വോട്ട് ചെയ്യാനെത്തിയ പ്രിന്റുവും ഭാര്യയുമാണ് ക്രൂരമർദ്ദനത്തിനിരയായത്. പ്രിന്റുവും ഭാര്യയും ഇവിടുത്തുകാർ അല്ലെന്നും വാടകയ്ക്കു താമസിക്കുന്ന ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നുമായിരുന്നു ഭീഷണി. 'പഞ്ചായത്തിൽ ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു നിയമപാലകരെ നോക്കുകുത്തിയാക്കിയുള്ള മർദ്ദനം. ഏതായാലും, കിഴക്കമ്പലം അടക്കം നാല് പഞ്ചായത്തുകളിൽ അധികാരം പിടിച്ച ട്വന്റി-20 ഈ ദമ്പതികളെ ആദരിച്ചിരിക്കുകയാണ്. ദമ്പതികൾക്ക് ഒരുലക്ഷം രൂപ നൽകിയായിരുന്നു ആദരം.

വോട്ടേർസ് ലിസ്റ്റിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രവർത്തകരുടെ ആക്രമണമെന്ന് ട്വന്റി 20 ആരോപിച്ചിരുന്നു. ദമ്പതികളെ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. തുടർന്ന് പൊലീസിന്റെ സഹായത്തോടെയെത്തിയാണ് ദമ്പതികൾ വോട്ട് ചെയ്തത്. അക്രമം നേരിട്ടിട്ടും വോട്ട് ചെയ്യാൻ ധൈര്യം കാണിച്ച ദമ്പതികളെ ട്വന്റി 20 ചീഫ് കോർഡിനേറ്ററും അന്നാ-കിറ്റക്സ് എം.ഡിയുമായ സാബു ജേക്കബിന്റെ നേതൃത്വത്തിലാണ് ആദരിച്ചത്. ദമ്പതികൾ ട്വന്റി20യുടെ വളർച്ചയുടെ പ്രതീകങ്ങളാണെന്നും, ഈ സംഭവത്തിലെ മധുര പ്രതികാരമാണ് കിഴക്കമ്പലത്തിന് പുറമെ സമീപ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്ജ്വല വിജയമെന്നും ട്വന്റി20 പ്രസ്താവനയിൽ വ്യക്തമാക്കി.

വയനാട് സ്വദേശിയായ പ്രിന്റു 14 വർഷമായി കിഴക്കമ്പലം പഞ്ചായത്തിൽ വാടകയ്ക്കു താമസിച്ചു ജോലി ചെയ്യുകയാണ്. പ്രിന്റുവിനും ഭാര്യക്കും ഇവിടെമാത്രമാണ് വോട്ടുള്ളത്. അഞ്ചും രണ്ടും വയസുള്ള മക്കളോടൊപ്പമാണ് വാടകവീട്ടിലെ താമസം. സമ്മതിദാനാവകാശത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നതായും ഐ.ഡി. കാർഡ് ലഭിച്ചിരുന്നതായും പ്രിന്റു പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച രേഖകളും ഇവരുടെ കൈവശമുണ്ട്.

പോളിങ് ബൂത്തിലെ ക്യൂവിൽനിന്ന പ്രിന്റുവിനെ കഴുത്തിനു കുത്തിപ്പിടിച്ചു വീഴ്‌ത്തിയായിരുന്നു മർദ്ദനം. തടയാനെത്തിയ ഭാര്യയെും അക്രമികൾ വെറുതെവിട്ടില്ല. ഈ സമയം ആവശ്യത്തിനു പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നില്ല. കുമ്മനോടുള്ള പോളിങ് ബൂത്തിന്റെ 50 മീറ്ററിനുള്ളിൽ പാർട്ടിക്കാരുടെ നിയന്ത്രണത്തിലായിരുന്നു കാര്യങ്ങളെന്നും അനുകൂലമായി വോട്ട് ചെയ്യില്ലെന്നു തോന്നിയവരെയെല്ലാം ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് അവർ നടത്തിയതെന്നും ആക്ഷേപമുണ്ട്.

ട്വന്റി-20 വളരുന്നു

കിഴക്കമ്പലത്തിനൊപ്പം ഐക്കരനാട്ടിലേക്കും കുന്നത്തു നാട്ടിലേക്കും മഴവന്നൂരിലേക്കും വളരുകയാണ് ട്വന്റി ട്വന്റി. നാല് പഞ്ചായത്തുകളിൽ ഭരണമുള്ള പാർട്ടിയായി ട്വന്റി ട്വന്റി മാറി എല്ലായിടത്തും തൂത്തുവാരി ഭരണം പിടിക്കുകയാണ് ട്വന്റി ട്വന്റി. കിഴക്കമ്പലത്തെ ഭരണ മികവ് സമീപ സ്ഥലങ്ങളിലേക്കും എത്തുന്നു. അവിടം കൊണ്ടും നിർത്തുന്നില്ല പടയോട്ടം.

അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബ്. കിഴക്കമ്പലം ആസ്ഥാനമായ ട്വന്റി20 ജനകീയ കൂട്ടായ്മ ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷം പോലുമില്ലാതെ 14 സീറ്റുകളും തൂത്തുവാരി. 'ട്വന്റി20യുടെ കിഴക്കമ്പലത്തെ വിജയം കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലാണ്. പലരും കളിയാക്കിയെങ്കിലും ജനങ്ങൾ അതെല്ലാം തള്ളിക്കളഞ്ഞ് ഇതാണ് ശരിയായ ജനാധിപത്യ ഭരണമെന്ന് അംഗീകരിച്ചു. നാലു പഞ്ചായത്തുകളിലാണ് മത്സരിച്ചത്. അതിൽ ഐക്കരനാട് പഞ്ചായത്തിലെ വിജയം എടുത്തുപറയേണ്ടതാണ്. അവിടെയുള്ള 14 വാർഡുകളിലും അഞ്ഞൂറും അറുന്നൂറും വോട്ടിനാണ് ട്വന്റി20 സ്ഥാനാർത്ഥികൾ ജയിച്ചത്' സാബു ജേക്കബ് പറഞ്ഞു.

അന്നകിറ്റക്സ് ഗ്രൂപ്പിന്റെ സിഎസ്ആർ സംരംഭമാണ് ട്വന്റി20യെന്ന വിമർശനങ്ങളെ സാബു ജേക്കബ് തള്ളിക്കളഞ്ഞു. 2012ലാണ് ട്വന്റി20 പ്രവർത്തനം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് സിഎസ്ആർ ബിൽ പോലും പാസായിട്ടില്ല. ട്വന്റി20യുടെ പഞ്ചായത്ത് ഭരണവും സിഎസ്ആറും തമ്മിൽ യാതൊരു ബന്ധവുമില്ല. പഞ്ചായത്തിന്റെ ഫണ്ട് തന്നെ അഴിമതിയില്ലാതെ കാര്യക്ഷമമായി ഉപയോഗിക്കുകയാണ് ട്വന്റി20 ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മഴുവന്നൂർ പഞ്ചായത്തിൽ 19 വാർഡുകളിലും മത്സരിച്ചു. 14 സീറ്റുകളിൽ ജയിച്ചു. കുന്നത്തുനാട് പഞ്ചായത്തിൽ 19 വാർഡുകളിൽ 16 ഇടത്തു മത്സരിച്ചു. അതിൽ 11 വാർഡുകളിലും ജയിച്ചു. ഈ മൂന്നു പഞ്ചായത്തുകളിലും ഭരണം ഏറ്റെടുക്കും. കൂടാതെ വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ഏഴു ഡിവിഷനിലേക്ക് മത്സരിച്ചതിൽ ആറിലും ജയിച്ചു. ഇവിടെ 13 ഡിവിഷനുകളാണ് ആകെയുള്ളത്.

ജില്ലാ പഞ്ചായത്തിൽ രണ്ട് ഡിവിഷനുകളിലാണ് മത്സരിച്ചത്. കോലഞ്ചേരി ഡിവിഷനിൽ ഞങ്ങളുടെ സ്ഥാനാർത്ഥി വിജയിച്ചു. വെങ്ങോല ഡിവിഷനിൽ വലിയ ലീഡുണ്ട്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ നാലു ഡിവിഷനിൽ മത്സരിച്ചതിൽ രണ്ടിടത്തെ ഫലം വന്നു. ബാക്കി രണ്ട് ഡിവിഷനിലെ ഫലം കാത്തിരിക്കുന്നു. കേരളത്തിലെ പ്രധാന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്ന് ജനങ്ങൾ അകന്നുപോകുകയാണ്.

മറ്റു ചില പഞ്ചായത്തുകളിലും ഞങ്ങൾ ചർച്ചകൾ നടത്തുകയും നിർദ്ദേശങ്ങളും സഹായങ്ങളുമൊക്കെ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഈ പഞ്ചായത്തുകളിൽ മത്സരിച്ചവർ ഞങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല. ഞങ്ങളുമായി അവർക്ക് ബന്ധവുമില്ല. അവരൊക്കെ സ്വന്തമായി സംഘടന രൂപീകരിച്ചാണ് മത്സരിച്ചത്. അവരിൽ പലരും ജയിച്ചിട്ടുണ്ട്.

രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്നു ജനങ്ങൾ അകന്നു പോകുകയാണെന്ന് ഇതൊക്കെ അടിവരയിടുന്നു. ബദൽ സംവിധാനങ്ങൾ ഇല്ലാത്തതിനാലാണ് പല സ്ഥലങ്ങളിലും ആളുകൾ രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടു ചെയ്യുന്നത്. കുന്നത്തുനാടും ഐക്കരനാട്ടിലുമൊക്കെ ട്വന്റി20 രംഗത്തു വന്നപ്പോൾ അതിനെ ഏറ്റെടുക്കാനും വിജയിപ്പിക്കാനും ജനങ്ങൾ തയാറായത് മാറ്റം ആഗ്രഹിക്കുന്നതു കൊണ്ടാണ് സാബു ജേക്കബ് അവകാശപ്പെട്ടു.

മുന്നണികൾക്ക് വെല്ലുവിളിയുയർത്തിയാണ് കിഴക്കമ്പലത്തും സമീപ പ്രദേശത്തും ട്വന്റി ട്വന്റി കരുത്തുകാട്ടുന്നത്. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം ബ്ലോക്കിൽ കിഴക്കമ്പലം, പട്ടിമറ്റം എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് കിഴക്കമ്പലം. 19 വാർഡുകളാണ് ഇവിടെ ആകെയുള്ളത്. എല്ലാം അവർക്ക്. കിഴക്കമ്പലം പഞ്ചായത്തിൽ 1968ൽ പ്രവർത്തനമാരംഭിച്ച കിറ്റെക്സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി 2013ൽ സൊസൈറ്റി ആക്റ്റ്(Societies act) {പകാരം രജിസ്റ്റർ ചെയ്ത സംരംഭമാണ് ട്വന്റിട്വന്റി കിഴക്കമ്പലം അസോസിയേഷൻ. കിറ്റക്സ് ഗ്രൂപ്പ് ഉടമകളായ ബോബി എം ജേക്കബ്, സാബു എം ജേക്കബ് എന്നിവരാണ് ട്വന്റി ട്വന്റിക്ക് നേതൃത്വം നൽകുന്നത്. 2015-ലെ കേരളാ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ഈ പ്രസ്ഥാനം നേടുകയുണ്ടായി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത നടപ്പിലാക്കാൻ 2013-ൽ ഉണ്ടാക്കിയതാണ് ട്വന്റിട്വന്റി. 2020 വർഷമാകുമ്പോഴേക്കും കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റിട്വന്റി ഉണ്ടാക്കിയത്. അതു സംഭവിച്ചുവെന്ന് ജനം തിരിച്ചറിഞ്ഞു. ഇതാണ് ഇപ്പോഴത്തെ തകർപ്പൻ വിജയത്തിന് കാരണം.