- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല കേരളം ഇനി മുന്നോട്ട് ട്വന്റി20ക്കൊപ്പം മുന്നോട്ട് എന്ന തലക്കെട്ടോടെയാണ് പരസ്യം; അംഗത്വം എറണാകുളത്തുള്ളവർക്ക് മാത്രം; നിയമസഭയിൽ ആദ്യ ലക്ഷ്യം കിഴക്കമ്പലത്തിന് തൊട്ടു ചേർന്നുള്ള മണ്ഡലങ്ങളിലെ ജയം; ആംആദ്മി മോഡലുമായി കിറ്റക്സ് ഉടമ സാബു ജേക്കബ്
കൊച്ചി: നിയമസഭാ ഇലക്ഷന് എറണാകുളം പിടിക്കാൻ കിഴക്കമ്പലം ട്വന്റി20 രണ്ടും കൽപ്പിച്ച് രംഗത്ത്. അംഗത്വം എടുക്കാനായി പ്രമുഖ പത്രങ്ങളിൽ ഇത് സംബന്ധിച്ച് പരസ്യവും നൽകി കഴിഞ്ഞു. നിലവിൽ എറണാകുളം ജില്ലയിൽ നിന്നു മാത്രമാണ് അംഗത്വം എടുക്കാൻ കഴിയൂ. ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല കേരളം ഇനി മുന്നോട്ട് ട്വന്റി20ക്കൊപ്പം മുന്നോട്ട് എന്ന തലക്കെട്ടോടെയാണ് പരസ്യം നൽകിയിരിക്കുന്നത്. മെമ്പർഷിപ്പിനായി ക്യൂ ആർ കോഡ് സ്കാൻ ചെയ്യുകയോ www.twenty20janagalkoppam.com, www.twenty20party.com എന്നീ വെബ്സൈറ്റുകളിൽ കയറിയോ അംഗത്വം എടുക്കാമെന്നാണ് പരസ്യം.
നിയമ സഭാ ഇലക്ഷന് എറണാകുളം ജില്ലയിൽ മത്സരിക്കുന്നതിന് മുൻപായി ജനങ്ങളുടെ പ്രതികരണം അറിയാനായാണ് ഇത്തരം ഒരു കാംപെയിൻ സംഘടിപ്പിക്കുന്നതെന്ന് ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മറുനാടനോട് പറഞ്ഞു. പരസ്യം വന്ന് മണിക്കൂറുകൾക്കകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പലരും അംഗത്വം എടുത്തതിന് ശേഷം ലഭിക്കുന്ന ഡിജിറ്റൽ കാർഡ് അയച്ചു തരുന്നുണ്ട്. ജനങ്ങളുടെ പൂർണ്ണ പിൻതുണ ട്വന്റി20ക്കൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം ജില്ലയിൽ നിന്നുള്ള പ്രതികരണം അറിഞ്ഞതിന് ശേഷം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം പടിപടിയായി ചെയ്യുമെന്നും അതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു എന്നും സാബു ജേക്കബ് പറഞ്ഞു.
ട്വന്റി20 കൂട്ടായ്മയ്ക്ക് ജനങ്ങൾക്കിടയിൽ അഭൂതാവഹമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. അതിന്റെ തെളിവാണ് കിഴക്മ്പലം പഞ്ചായത്തിന് പിന്നാലെ എല്ലാ പ്രവചനങ്ങളെയും നിലംപരിശാക്കി, മൂന്ന് പഞ്ചായത്തുകളിലാണ് അവർ ഇത്തവണ ഭരണം പിടിച്ചത്. ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകൾ. ഇതിൽ ഐക്കരനാട് പഞ്ചായത്തിൽ മുഴുവൻ സീറ്റും അവർ തൂത്തുവാരി. ഇവിടെ പ്രതിപക്ഷമില്ല. എറണാകുളം ജില്ലാ പഞ്ചായത്തിലും ഇത്തവണ ട്വന്റി 20 പ്രതിനിധിയുണ്ട്. കോലഞ്ചേരി ഡിവിഷനിൽനിന്നാണ് അവരുടെ സ്ഥാനാർത്ഥി വിജയിച്ചത്. എൽ.ഡി.എഫും യു.ഡി.എഫും സംയുക്തമായി പലയിടങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയ സാഹചര്യത്തിലാണ് ട്വന്റി 20 യുടെ ഈ മുന്നേറ്റം എന്നതാണ് ഈ വിജയത്തെ ശ്രദ്ധേയമാക്കുന്നത്. 2020-ൽ ട്വന്റി 20 എന്ന പാർട്ടി തന്നെ ഇല്ലാതാവും''-കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെച്ചതിനു പിന്നാലെ മുൻ ട്വന്റി 20 നേതാവ് കെ.വി ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞതാണ് ഈ വാചകം. 2020 വർഷത്തിൽ കിഴക്കമ്പലത്തെ വികസന നെറുകയിലെത്തിക്കുക എന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയ ട്വന്റി 20 കൂട്ടായ്മ അതേ വർഷം തന്നെ ഇല്ലാതാവും എന്നായിരുന്നു അദ്ദേഹം പ്രവചിച്ചത്.
വികസനം, ക്ഷേമപ്രവർത്തനങ്ങൾ. ഇതാണ് ട്വന്റി 20 മുന്നോട്ടുവെയ്ക്കുന്ന മുഖ്യ വാഗ്ദാനം. കിഴക്കമ്പലത്ത് കഴിഞ്ഞ അഞ്ച് വർഷം നടത്തിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പരിപാടികളും മുൻനിർത്തിയാണ് കൂടുതൽ പഞ്ചായത്തുകളിലേക്ക് അവർ വ്യാപിച്ചത്. രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യാത്ത സാഹചര്യത്തിലാണ് ജനങ്ങൾ ട്വന്റി20യെ സ്വീകരിച്ചത് എന്നാണ് ഈ കൂട്ടായ്മ സ്വയം വിലയിരുത്തുന്നത്. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയും മൂന്ന് മുന്നണികളുടെയും എതിർപ്പും അരാഷ്ട്രീയ കോർപ്പറേറ്റ് ഗൂഢാലോചന എന്ന വിമർശനവും കിറ്റെക്സിനെതിരായി ഉയർന്ന ആരോപണങ്ങളും എല്ലാം നിലനിൽക്കെയാണ് മൂന്ന് പഞ്ചായത്തുകളിൽ അവർ വെന്നിക്കൊടി നാട്ടിയത്. കിറ്റെക്സ് ഫാക്റിയുടെ മലിനീകരണ പ്രശ്നത്തിനെതിരെ സമരം നടന്ന കിഴക്കമ്പലത്തെ രണ്ട് വാർഡുകളിൽ കഴിഞ്ഞ തവണ അവർ പരാജയം സമ്മതിച്ചിരുന്നു. എന്നാൽ ഇത്തവണ ആ വാർഡിുകളിലും വിജയം വരിച്ചു.
കിഴക്കമ്പലം പഞ്ചായത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കിറ്റക്സ് എന്ന വ്യവസായ ഗ്രൂപ്പാണ് ട്വന്റി 20 -ക്ക് രൂപം നൽകിയത്. 2013ലാണ് ട്വന്റി 20 ചാരിറ്റബിൾ സൊസൈറ്റി രൂപവൽകരിക്കുന്നത്. കിറ്റക്സ് കമ്പനിയുടെ ചെയർമാൻ സാബു എം ജേക്കബ് ആണ് ട്വന്റി 20 നിയന്ത്രിക്കുന്നത്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) പദ്ധതി പ്രകാരം കമ്പനി രൂപം നൽകിയ സൊസൈറ്റിയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. രാഷ്ട്രീയ-മത-സാമുദായിക സംഘടനകളുടെ പിന്തുണയോടെ മദ്യവർജ്ജനം അടക്കമുള്ള ആശയങ്ങൾ മുന്നോട്ടുവച്ചാണ് അവർ ജനങ്ങൾക്കിടയിലേക്ക് എത്തിയത്. കിഴക്കമ്പലത്തിന്റെ വികസനം എന്ന മുദ്രാവാക്യവുമായി മുന്നിട്ടിറങ്ങിയ ഈ കൂട്ടായ്മക്ക് അന്ന് ഇടതുപക്ഷവും ബിജെപിയും പിന്തുണ നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ മൽസരിക്കുക എന്ന പരിപാടിക്കില്ലെന്ന് പലതവണയായി കിറ്റെക്സ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നുവെങ്കിലും 2015-ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അവർ മൽസര രംഗത്തിറങ്ങുകയായിരുന്നു.
ജനക്ഷേമപ്രവർത്തനങ്ങളിലൂടെ അതിനകം ജനങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിപ്രവർത്തിച്ചിരുന്നു ഈ കൂട്ടായ്മ. കമ്പനി നിയമിച്ച സോഷ്യൽ വർക്കർമാർ ഓരോ വീടുകളും കയറിയിറങ്ങി അവരുടെ ജീവിതനിലവാരവും ആവശ്യങ്ങളും രേഖപ്പെടുത്തി. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ താഴെ തട്ടിലുള്ളവർ, മധ്യവർഗക്കാർ, അതിനും മുകളിൽ നിൽക്കുന്നവർ എന്നിങ്ങനെ മൂന്നു തട്ടുകളായി തിരിച്ചു. ഇവർക്കെല്ലാം വെവ്വേറെ കാർഡുകൾ നൽകി. ഈ കാർഡുള്ളവർക്ക് പച്ചക്കറി-പലചരക്ക് സാധനങ്ങൾ തൊട്ട് ഗൃഹോപകരണ ഉത്പന്നങ്ങൾ വരെ പകുതി വിലയ്ക്കു ലഭ്യമാക്കി. പാടങ്ങൾ സൗജന്യമായി ഉഴുതു കൊടുത്തു. വീടുകൾ പുനർനിർമ്മിക്കാൻ സഹായിച്ചു. ലക്ഷംവീടു കോളനികളിൽ ഉൾപ്പെടെ സൗജന്യ കുടിവെള്ള ടാപ്പുകൾ നൽകി. റോഡുകൾ സഞ്ചാരയോഗ്യമാക്കി. തങ്ങളുടെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് നിലവിലുള്ള രാഷ്ട്രീയക്കാർ എതിരു നിൽക്കുന്നതിനാൽ, പഞ്ചായത്തിൽ അധികാരത്തിൽ എത്തണം എന്നൊരാവശ്യം ഈ കൂട്ടായ്മ പിന്നീട് ജനങ്ങൾക്കു മുന്നിലേക്കു വെച്ചു. അങ്ങനെയാണ്, ട്വന്റി 20 2015-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. ആ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തി 19-ൽ 17 വാർഡിലും ട്വന്റി 20 ജയിച്ചു.
ട്വന്റി 20 രൂപീകരിക്കുന്ന സമയത്ത് കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്നത് കോൺഗ്രസ് ആയിരുന്നു. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 15 സീറ്റ് നേടിയാണ് കോൺഗ്രസ് അധികാരത്തിലേറിയത്. എന്നാൽ, 2015-ൽ ട്വന്റി 20 കളം പിടിക്കുകയായിരുന്നു. ട്വന്റി 20 ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് കേവലം രണ്ട് വർഷം പൂർത്തിയാക്കുന്നതിന് മുമ്പാണ് റെക്കോർഡ് ഭൂരിപക്ഷത്തിൽ ട്വന്റി 20 പഞ്ചായത്ത് ഭരണമേറ്റെടുത്തത്. പതിനഞ്ച് സീറ്റുകൾ ഉണ്ടായിരുന്നിടത്തു നിന്ന് കോൺഗ്രസ് ഒരു സീറ്റിലേക്കു ചുരുങ്ങുകയായിരുന്നു. സിപിഐ.എം ചിത്രത്തിലില്ലാതായി. എസ് ഡി പി ഐയ്ക്കാണ് അന്ന് ഒരു സീറ്റ് ലഭിച്ചത്. കമ്പനിയുടെ മലിനീകരണം നടക്കുന്നുവെന്ന് ആരോപണമുള്ള രണ്ട് വാർഡുകളാണ് അന്ന് ട്വന്റി 20ക്ക് നഷ്ടമായത്.
ട്വൻരി20യുടെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങലിലും കൂട്ടായ്മ രൂപീകരിക്കണമെന്ന ആവശ്യവുമായി പൊതു പ്രവർത്തകർ സമീപിക്കുന്നുണ്ട്. നിലവിലെ ഭരണ വ്യവസ്ഥയിൽ ജനങ്ങൾ അസംതൃപ്തരാണ് എന്നതിന്റെ നേർക്കാഴ്ചയായിരുന്നു ഇത്. അതിനാലാണ് നിയമസഭാ ഇലക്ഷന് മത്സരിക്കാൻ തീരുമാനിച്ചതെന്ന് സാബു ജേക്കബ് പ്രതികരിച്ചു. ട്വന്റി20യുടെ നിയമ സഭ ലക്ഷ്യമാക്കിയുള്ള കാൽവെയ്പ്പ് രാഷ്ട്രീയ പാർട്ടീ നേതാക്കൾക്ക് നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.