കൊച്ചി: സിപിഎം മർദ്ദനമേറ്റ ട്വന്റി ട്വന്റി പ്രവർത്തകൻ സികെ ദീപു(37) കൊല്ലപ്പെട്ടു. ആശുപത്രിയിൽ ചികിൽസയിലായിരുന്ന ദീപു മർദ്ദനത്തിന്റെ ക്രൂരത കാരണം അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ദീപു കൊല്ലപ്പെട്ടത്. കിഴക്കമ്പലത്തെ രാഷ്ട്രീയ വൈരാഗ്യമാണ് ദീപുവിന്റെ ജീവനെടുത്തത്. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു സൈനുദ്ദീൻ സലാം, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ്, ബഷീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കൊലപാതകശ്രമത്തിനും പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരവുമാണ് കേസെടുത്തത്. ഇനി അതുകൊലപാതക കുറ്റമാകും.

കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിൽ പങ്കെടുത്തതിനെ തുടർന്നാണ് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന് മർദനമേറ്റത്. ഇദ്ദേഹം ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്ന് മരണവും സ്ഥിരീകരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ ചായാട്ടുഞാലിൽ സി കെ ദീപുവിന് നേരിടേണ്ടി വന്നത് ക്രൂരമർദ്ദനമായിരുന്നു. ആന്തരിക രക്തസ്രാവത്തിനൊപ്പം വയറ്റിൽ ഉൾപ്പെടെ പല ആന്തരിക മുറിവുകളുണ്ടായതും നില ഗുരതരമാക്കി.

ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന് കെഎസ്ഇബി തടസ്സം നിന്നത് എംഎൽഎയും സർക്കാരും കാരണമാണെന്ന് ചൂണ്ടിക്കാട്ടി വീടുകളിൽ 15 മിനിറ്റ് വിളക്കണച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടിൽ പ്രതിഷേധ സമരത്തിൽ പങ്കാളിയായി. ഇതിനിടെ സിപിഎം പ്രവർത്തകരായ ഒരുപറ്റം ആളുകൾ ദീപുവിനെ മർദിച്ചു. അവശനിലയിലായ ഇയാളെ വാർഡ് മെമ്പറും സമീപവാസികളും എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.

ട്വന്റി 20 പ്രവർത്തകനായ ദീപുവിനെ തേടി സിപിഎം പ്രവർത്തകർ എത്തിയതുകൊല്ലാനുറച്ചാണെന്ന് ട്വന്റി ട്വന്റി ആരോപിച്ചിരുന്നു. അതി മൃഗീയമായ മർദ്ദനത്തിനാണ് ദീപു ഇരയായത്. വീടിന് സമീപമുള്ള റോഡിൽ വച്ചാണ് ആക്രമിച്ചത്. സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് തള്ളി വീഴ്‌ത്തി. നിലത്ത് വീണ ദീപുവിനെ സൈനുദ്ദീൻ ചവിട്ടി. അബ്ദുറഹ്മാനും അസീസും ചേർന്ന് പുറത്ത് ചവിട്ടി. രണ്ടാംപ്രതി ബഷീർ അസഭ്യം പറഞ്ഞു. ദീപുവിനെ കൊലപ്പെടുത്തുമെന്ന് നാലുപേരും ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറിലുമുണ്ട്. ഇതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

സിപിഎം പ്രവർത്തകരായ നാലു പേർ ചേർന്നാണ് മർദിച്ചതെന്ന് ചൂണ്ടിക്കാട്ടി ദീപൂവിന്റെ കുടുംബം കുന്നത്തുനാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് സൈനുദ്ദീൻ, ബഷീർ, അബ്ദുറഹ്മാൻ, അസീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആളുകളിൽ നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ട്വന്റി ട്വന്റിയുടെ പദ്ധതിക്കെതിരെ പി വി ശ്രീനിജൻ എം എൽ എ രംഗത്ത് വന്നതാണ് സമരത്തിന് കാരണം. ട്വന്റി ട്വന്റിയുടെ സജീവ പ്രവർത്തകനായ ദീപുവും പ്രതിഷേധം ഏകോപിപ്പിക്കാൻ മുന്നിൽ ഉണ്ടായിരുന്നു.

ലൈറ്റണയ്ക്കൽ സമരം നടക്കുന്നതിനിടെ വീട്ടിലെത്തിയ നാല് സിപിഎം പ്രവർത്തകർ ദീപുവിനെ മർദിക്കുകയായിരുന്നു. അന്ന് ദീപു ചികിത്സ തേടിയിരുന്നില്ല. തിങ്കളാഴ്ച പുലർച്ചേ രക്തം ഛർദിച്ചതോടെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.