- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇതുപുതുപുത്തൻ കാലത്തെ ട്വന്റി ട്വന്റി; തദ്ദേശ തിരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്നത് സച്ചിൻ മോഡലിൽ സ്ട്രെയിറ്റ് ഡ്രൈവ് ഫോർ ഫോർ; കിഴക്കമ്പലം ട്വന്റി ട്വന്റി പുതുതായി നാല് പഞ്ചായത്തുകളിൽ മത്സരിക്കുന്നു; ഏതൊക്കെ പഞ്ചായത്തുകളെന്ന് ഉടൻ വെളിപ്പെടുത്തുമെന്ന് പ്രസിഡന്റ് സാബു ജേക്കബ്; തീരുമാനം പഞ്ചായത്തുകളിലെ വിശദപഠനത്തിന് ശേഷം; ട്വന്റി-ട്വന്റി സ്ഥാനാർത്ഥികളെ നിർത്തിയാൽ പുഷ്പം പോലെ ജയിക്കുമെന്ന് നാട്ടുകാർ; രാഷ്ട്രീയ പാർട്ടികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു
കൊച്ചി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പുതുതായി നാലു പഞ്ചായത്തുകളിൽ കിഴക്കമ്പലം ട്വന്റി ട്വന്റി മത്സരിക്കാൻ സാധ്യത. ഇത് സംബന്ധിച്ച അവസാന ഘട്ട ചർച്ചകൾ നടന്നു വരികയാണ്. ഏതൊക്കെയാണ് പഞ്ചായത്തുകളെന്ന് ഉടൻ വെളിപ്പെടുത്തുമെന്ന് ട്വന്റി ട്വന്റി നേതൃത്വം അറിയിച്ചു. നിലവിൽ മത്സരിക്കാൻ ആലോചിക്കുന്ന പഞ്ചായത്തുകളിൽ വിശദമായ പഠനം നടത്തി. ഈ പഠന റിപ്പോർട്ട് ട്വന്റി ട്വന്റി പ്രസിഡന്റും ചീഫ് കോർഡിനേറ്ററുമായ സാബു ജേക്കബിന്റെ നേതൃത്വത്തിൽ പരിശോധിച്ചു വരികയാണ്. പഞ്ചായത്തുകളിൽ ഏതൊക്കെ തരത്തിലുള്ള വികസനം നടത്തിയാലാണ് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നതെന്നും മറ്റുമുള്ള കാര്യങ്ങളാണ് പഠന റിപ്പോർട്ടിലുള്ളത്. ട്വന്റി ട്വന്റിയുടെ വെൽഫെയർ ഓഫീസർമാരാണ് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
കിഴക്കമ്പലം പഞ്ചായത്തിൽ വിജയം നേടിയ കൂട്ടായ്മയ്ക്ക് നാടൊട്ടുക്കുനിന്നും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. പല പഞ്ചായത്തുകളിൽ നിന്നും നിരവധിപേർ ട്വന്റി ട്വന്റി നേതൃത്വത്തെ നേരിൽകണ്ട് പഞ്ചായത്തിൽ സ്ഥാനാർത്ഥികളെ നിർത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതിനിടയിലാണ് നാലു പഞ്ചായത്തുകളിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥികളെ മത്സര രംഗത്തിറക്കാൻ ആലോചന നടത്തുന്നത്. ഇത് രാഷ്ട്രീയ പാർട്ടികൾക്ക് നെഞ്ചിടിപ്പ് കൂട്ടുകയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ നോക്കിയാൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥികളെ നിർത്തിയാൽ പുഷ്പം പോലെ വിജയിക്കുമെന്ന കാര്യത്തിൽ ഉറപ്പാണ്. അത്രമേൽ ജനങ്ങൾക്കിടയിൽ ചർച്ചാ വിഷയമായിരിക്കുകയാണ് കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി ട്വന്റിയുടെ ഭരണം.
കേരളത്തിൽ അങ്ങോളമിങ്ങോളം ട്വൻരി ട്വന്റി എന്ന പേരിൽ പല കൂട്ടായ്മകളും രൂപപെട്ടിരിക്കുകയാണ്. എന്നാൽ ഇവർക്ക് കിഴക്കമ്പലം ട്വന്റി ട്വന്റിയുമായി ബന്ധമില്ല. ഇവരെല്ലാം കിഴക്കമ്പലം ട്വന്റി ട്വന്റിയുമായി ബന്ധപ്പെട്ട് തങ്ങളെ സഹായിക്കണെ എന്ന് ആവശ്യപ്പെടുന്നുണ്ട്. ഇവരെയെല്ലാം തിരികെ ബന്ധപ്പെടാം എന്ന് അറിയിച്ച് മടക്കി വിടുകയാണ്. കാരണം ഈ പഞ്ചായത്തുകളിൽ വേണ്ടത്ര പഠനം നടത്തിയിട്ട് മാത്രമേ ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടാകൂ എന്നതിനാലാണ്. എറണാകുളം ചെല്ലാനത്ത് ചെല്ലാനം ട്വന്റി ട്വന്റി എന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. ഇവർ ഇത്തവണ പഞ്ചായത്തിൽ മത്സരിക്കുമെന്നാണ് അറിയുന്നത്. ചെല്ലാനത്തിന് പിൻതുണ നൽകുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.
അതേ സമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയിരിക്കുകയാണ് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി കൂട്ടായ്മ. പഞ്ചായത്തിലെ പത്തൊൻപത് വാർഡുകളിലേക്കായുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാർട്ടികളെയും മുന്നണികളേയും ഞെട്ടിച്ചതായിരുന്നു കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മ നേടിയ വിജയം. ആകെയുള്ള പത്തൊൻപത് വാർഡുകളിൽ പതിനേഴും ഇവർ പിടിച്ചെടുത്തു. ഇത്തവണ തെരഞ്ഞെടുപ്പിനായി നേരത്തെ ഒരുങ്ങുകയാണ് ട്വന്റി ട്വന്റി. മുഴുവൻ സ്ഥാനാർത്ഥികളേയും ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.
ഒരു ജനകീയ കൂട്ടായ്മ പഞ്ചായത്ത് ഭരണം പിടിക്കുന്നത് കേരളത്തിൽ ആദ്യ കാഴ്ചയായിരുന്നു. കഴിഞ്ഞ തവണ വിജയിച്ച ഭരണ സമിതിയിലെ മൂന്ന് പേർക്ക് മാത്രമാണ് ഇത്തവണ മത്സരിക്കാൻ അവസരം നൽകിയിട്ടുള്ളത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പഞ്ചായത്ത് ഭരണത്തിന്റെ വിലയിരുത്തൽ കൂടിയാകും എന്നതിനാൽ പ്രചാരണം ശക്തമാക്കാനാണ് നീക്കം. നിലവിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്കെതിരെ ആക്ഷേപങ്ങളോ പരാതികളൊ ഉയർന്നാൽ അക്കാര്യം പരിശോധിക്കുമെന്നും ട്വന്റി ട്വന്റി വ്യക്തമാക്കി.
എറണാകുളത്തെ കിഴക്കമ്പലം പഞ്ചായത്തിൽ 1968ൽ പ്രവർത്തനമാരംഭിച്ച കിറ്റെക്സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി 2013ൽ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സംരംഭമാണ് ട്വന്റി ട്വന്റി കിഴക്കമ്പലം അസോസിയേഷൻ. കിറ്റക്സ് ഗ്രൂപ്പ് ഉടമ സാബു എം ജേക്കബാണ് ട്വന്റി ട്വന്റിക്ക് നേതൃത്വം നൽകുന്നത്. 2015-ലെ കേരളാ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ഈ പ്രസ്ഥാനം നേടുകയുണ്ടായി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത നടപ്പിലാക്കാൻ 2013-ൽ ഉണ്ടാക്കിയതാണ് ട്വന്റി ട്വന്റി. 2020 വർഷമാകുമ്പോഴേക്കും കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി ട്വന്റി ഉണ്ടാക്കിയത്. അത് ഏകദേശം പൂർത്തിയായിരിക്കുകയാണ്. 50 കോടിയോളം രൂപയാണ് കമ്പനി പൊതുജനങ്ങളുടെ ഉന്നമനത്തിനായി സി.എസ്.ആർ ഫണ്ടു വഴി ചെലവഴിച്ചത്.
2015 നവംബർ വരെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു കിഴക്കമ്പലം. കിറ്റെക്സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി രൂപീകരിച്ച ട്വന്റി ട്വന്റി കിഴക്കമ്പലം അസോസിയേഷൻ മാറി മാറി വന്ന രാഷ്ട്രീയ പ്രതിനിധികൾ തങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നതല്ലാതെ ആനുകൂല്യങ്ങളോ സഹായങ്ങളോ വേണ്ട രീതിയിൽ എത്തിക്കാതിരിക്കുന്നതിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാൻ തീരുമാനിച്ചു. പഞ്ചായത്തിലെ 19 വാർഡുകളിൽ ട്വന്റി ട്വന്റി എന്ന കൂട്ടായ്മയുടെ പേരിൽ സ്ഥാനാർത്ഥികളെ നിർത്തി. രണ്ട് നാർഡുകൾ ഒഴികെ 17 എണ്ണത്തിലും വമ്പൻ വിജയമാണ് നേടിയത്. ഒരുവാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയും മറ്റൊന്നിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുമാണ് വിജയിച്ചത്. ഭരണം പിടിച്ച ട്വന്റി ട്വന്റി പഞ്ചായത്തിൽ നടത്തിയത് ഞെട്ടിക്കുന്ന വികസന പ്രവർത്തനങ്ങളായിരുന്നു.
അവശ്യ സാധനങ്ങൽക്ക് വിലകുറച്ചു നൽകുന്ന ഭക്ഷ്യ സുരക്ഷാ മാർക്കറ്റ്, റോഡുകൾ ഉയർന്ന നിലവാരത്തിലേക്ക് മാറി, ലക്ഷം വീട് കോളനികൾ ഇല്ലാതാക്കി പകരം വില്ലകൾ നിർമ്മിച്ച് നൽകി, സ്വയം തൊഴിൽ പദ്ധതികൾ, പഠന സഹായം അങ്ങനെ നിരവധി വികസന പ്രവർത്തനങ്ങളാണ് ട്വന്റി ട്വന്റിയും കിഴക്കമ്പലം പഞ്ചായത്തും ഒന്നു ചേർന്ന് നടപ്പിലാക്കിയത്. രാഷ്ട്രീയ പാർട്ടികളെ പുറം കാലുകൊണ്ട് ചവിട്ടി തെറിപ്പിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത ട്വന്റി ട്വന്റി കൂട്ടായ്മ വരും തിരഞ്ഞെടുപ്പിലും വിജയിക്കുമെന്ന് കിഴക്കമ്പലത്തുകാർ പറയുന്നു. സമീപ പഞ്ചായത്തുകളിലും ട്വന്റി ട്വന്റി വിജയം കൈവരിച്ചാൽ ഇനി രാഷ്ട്രീയക്കാരുടെ കള്ളക്കളികൾ കേരളത്തിൽ നടക്കാതെ പോകുകതന്നെ ചെയ്യും.
മറുനാടൻ മലയാളി യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക് ചെയ്യുക.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.