- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞായറാഴ്ച രാത്രി ഉമ്മയോട് ഒപ്പം മക്കളും 'ബിഗ്ബോസ്' കണ്ടു; സന്തോഷത്തോടെ ഉറങ്ങാൻ പോയ ഇരട്ടസഹോദരങ്ങൾ പിന്നെ ഉണർന്നില്ല; 'ജപ്തി നോട്ടീസ് പതിച്ചാൽ കുറച്ചിലാണുമ്മാ എന്ന് പല തവണ പറഞ്ഞെന്ന് ഉമ്മ ഫാത്തിമ ബീവി; കോട്ടയത്തെ ദുരന്തവും ലോക് ഡൗണിൽ പണി പോയതോടെ
കോട്ടയം: അടച്ചിടൽ കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുന്നു. ദിവസവരുമാനക്കാരും, ചെറുകിടവ്യവസായക്കാരും എന്നുവേണ്ട സമസ്ത മേഖലയും തളർത്തിയിരിക്കുന്നു കോവിഡിന്റെ ആഘാതം. ഒപ്പം, മനസുകളെയും. പലരും സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറി വിഷാദരോഗികളാകുന്നു. പലരും വിഷാദത്തെ മറികടക്കാനാവാതെ മരണത്തെ സ്വയം വരിക്കുന്നു. കോട്ടയം കടുവാക്കുള്ളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതാണ് ഒടുവിലത്ത സംഭവം. കൊല്ലാട് പുതുപ്പറമ്പിൽ നിസാർ ഖാൻ, നസീർ ഖാൻ എന്നിവരാണു രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും 34 വയസ്സായിരുന്നു.
വീട്ടിലെ ഇരു കിടപ്പുമുറികളിലായാണു മൃതദേഹം കണ്ടെത്തിയത്. ഇവരെ കൂടെ ഉമ്മ ഫാത്തിമയാണ് വീട്ടിലുണ്ടായിരുന്നത്.രാവിലെ ഒരു മകന് ചായ നൽകാൻ മുറിയിലേക്ക് ചെന്നപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.അമ്മയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടിയശേഷമാണ് രണ്ടാമത്തെ മകനും ആത്മഹത്യചെയ്തതായി കണ്ടത്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പടുകയും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.നാട്ടകത്ത് താമസിച്ചിരുന്ന ഇവർ മൂന്ന് വർഷം മുൻപാണ് കടുവാക്കുളത്ത് താമസത്തിന് വന്നത്. ക്രെയിൻ സർവ്വീസിലായിരുന്നു ഇരുവർക്കു ജോലി.
എന്നാൽ ക്രെയിൻ സർവീസ് ഉടമ മരിച്ചതോടെ ഇവർക്ക് ജോലി നഷ്ടപ്പെടുകയും മറ്റ് ജോലികൾ ചെയ്ത് ജീവിക്കുകയും ആയിരുന്നു.ലോക്ഡൗണിൽ കൂലിപ്പണിയും കുറഞ്ഞതോടെയാണ് സാമ്പത്തിക പ്രതിസന്ധി കടുത്തത്. ഇരുവരും ഒരു ബാങ്കിൽ നിന്ന് ലോൺ എടുത്തിരുന്നുവെന്നും ജപ്തി ഭീഷണിയെത്തുടർന്നാണ് ആത്മഹത്യയെന്നുമാണ് നാട്ടുകാർ പറയുന്നത്. സഹോദരങ്ങൾക്ക് മറ്റ് സാമ്പത്തിക ബാധ്യതകളുമുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.
വിഷമിപ്പിച്ചത് ബാങ്ക് ലോൺ തിരിച്ചടവ്
ബാങ്ക് അധികൃതർ കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു.തുടർന്ന് രണ്ട് ദിവസമായി ഇവർ പുറത്തേക്ക് ഒന്നും ഇറങ്ങാറില്ലായിരുന്നു. ജോലി ഇല്ലാത്തതിനൊപ്പം സാമ്പത്തിക പ്രതിസിധി കൂടിയായതാവാം ആത്മഹത്യക്ക് കാരണം എന്നാണ് നിഗമനം.. ഇരുവരും അവിവാഹിതരാണ്. വീട് വാങ്ങാൻ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാത്തതാണ് ഇവരെ വിഷമിപ്പിച്ചത് സഹകരണബാങ്കിൽ ഇരുവർക്കും 12 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്നു
ബാങ്കുകാർ വീട്ടിൽ വന്നത് നസീറിനെയും നിസാറിനെയും മനോവിഷമത്തിലാക്കിയിരിക്കുന്നു. ഇരുവരും സംഭവത്തെതുടർന്ന് അധികം പുറത്തിറങ്ങിയിരുന്നില്ല. വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചാൽ നാണക്കേടാവുമെന്ന് ഇരുവരും കൂട്ടുകാരോട് പറയുമായിരുന്നത്രെ. എന്നാൽ ജീവനൊടുക്കാൻ തക്ക മാനസിക വിഷമത്തിലായിരുന്നു ഇവരെന്ന് ആരും തിരിച്ചറിഞ്ഞില്ല.
'ജപ്തി നോട്ടീസ് പതിച്ചാൽ കുറച്ചിലാണുമ്മാ എന്ന് എന്നോട് പല തവണ പറഞ്ഞതാ. വീട് വിറ്റ് കടം വീട്ടാം മക്കളേ എന്ന് പറഞ്ഞിട്ടും എന്തിനാ ഇത് ചെയ്തത്'' എന്നുചോദിച്ച് പൊട്ടിക്കരയുകയാണ് നസീറിന്റെയും നിസാറിന്റെയും ഉമ്മ ഫാത്തിമാബീവി. 'ബാങ്കീന്ന് കഴിഞ്ഞയാഴ്ചയും വന്ന് ലോണടക്കാൻ പറഞ്ഞ്. വീട് വേണ്ടാട്ടാ... വിറ്റിട്ട് പൈസ എടുത്തോ, ബാങ്കിലെടുത്തോ.... ഞാന് മക്കളട്ത്ത് പറഞ്ഞതാ, വീട് വിറ്റോളാൻ. വീട് വിറ്റ് കടം വീട്ടാൻ.. എനിക്കീ വീട് വേണ്ടാ.. എന്റെ മക്കള് വേണം... വീട് വിറ്റ് പൈസ ബാങ്കെടുത്തോ... എനിക്കെന്റെ മക്കള് വേണം... മക്കള് വേണം...' ഫാത്തിമ ബീവിക്ക് കരച്ചിലടക്കാൻ കഴിയുന്നില്ല.
ഞായറാഴ്ച പകലെല്ലാം ഇരുവരും വീട്ടിലുണ്ടായിരുന്നു. രാത്രി ഉമ്മയും മക്കളും ചേർന്നിരുന്നാണ് ടി.വിയിൽ 'ബിഗ്ബോസ്' പരിപാടി കണ്ടത്. തുടർന്ന് സന്തോഷത്തോടെയാണ് മുറ്റത്തുതന്നെയുള്ള രണ്ടാമത്തെ വീട്ടിലേക്ക് കിടക്കാൻപോയതെന്ന് ഉമ്മ പറയുന്നു. പരസ്പരം വലിയ സ്നേഹമായിരുന്നു ഇരട്ട സഹോദരന്മാർ തമ്മിൽ. ഒരുമിച്ചായിരുന്നു എപ്പോഴും.
തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ് ഫാത്തിമ ബീവി. പത്തുവർഷത്തിലേറെ നാട്ടകം സിമന്റ് കവലക്കടുത്ത് വാടകക്ക് താമസിച്ചിരുന്നു. തുടർന്ന് മൂന്നുവർഷം മുമ്പാണ് കടുവാക്കുളത്തെത്തിയത്. നാട്ടുകാർക്ക് ഇവരുടെ ബന്ധുക്കളെകുറിച്ചോ സ്വദേശത്തെകുറിച്ചോ കാര്യമായ അറിവില്ല. വിവാഹിതരായ സഹോദരികൾ ഉണ്ടെന്നു മാത്രമേ അറിയൂ. ഈ വീട്ടിലേക്ക് അവരൊന്നും വന്നിട്ടില്ലെന്നും അയൽക്കാർ പറയുന്നു.
ആത്മഹത്യകൾ പെരുകുന്നു
മാവേലിക്കരയിൽ കടബാധ്യത മൂലം ഗ്രാഫിക് ഡിസൈനർ ജീവനൊടുക്കിയതാണ് മറ്റൊരു സംഭവം. ശ്രീഗായത്രി ഗ്രാഫിക് ഡിസൈനിങ് സെന്റർ ഉടമ കണ്ടിയൂർ ഗൗരീശങ്കരത്തിൽ വിനയകുമാർ (43) ആണു മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വായ്പ തിരിച്ചടയ്ക്കാനാകാതെ വിനയൻ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും ബാങ്കിൽ നിന്നു നോട്ടിസ് ലഭിച്ചിരുന്നതായും സുഹൃത്തുക്കൾ പറയുന്നു.
അടച്ചിടൽ അനിശ്ചിതമായി നീളുമ്പോൾ ഒന്നര മാസത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് ഇരട്ടസഹോദരങ്ങൾ അടക്കം 20 പേരാണ്. ശരാശരി 3 ദിവസം കൂടുമ്പോൾ കേരളത്തിൽ കോവിഡ് ലോക്ഡൗൺ ആത്മഹത്യകളുണ്ടാകുന്നു. ഗൗരീശപട്ടത്തെയും പാലക്കാട്ടെയും ലൈറ്റ് ആൻഡ് സൗണ്ട് ബിസിനസ് ഉടമകൾ, തിരുവനന്തപുരം നന്തൻകോട്ടെ മൂന്നംഗ കുടുംബം എന്നിവരെല്ലാം കോവിഡിലെ ആത്മഹത്യാ ഇരകളാണ്.
ഇടുക്കി വെള്ളിയാംകുടിയിലെ കർഷകൻ, അടിമാലിയിലെ ബേക്കറി ഉടമ, വയനാട്ടിലെ ബസ് ഉടമ, തൃശൂരിലെ ടിപ്പർ ഡ്രൈവറായ ചെറുപ്പക്കാരൻ, ഇയാളുടെ പിതാവ്, പാലക്കാട്ടെ കർഷകൻ, തിരുവനന്തപുരത്തെ ക്ഷീരകർഷകൻ, വടകരയിലെ ഹോട്ടൽ ഉടമ... ആത്മഹത്യാ പട്ടിക ഇങ്ങനെ നീളുന്നതിന് കാരണം വരുമാനമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഇതിന് പരിഹാരം ഉണ്ടാക്കാൻ കച്ചവടം സാധാരണ നിലയിലാക്കണം. അതുകൊണ്ടാണ് തുറന്നു കൊടുക്കൽ ചിന്തയിലേക്ക് സർക്കാർ നീങ്ങുന്നത്.
ബേക്കറി കട നടത്തിയിരുന്ന വിളവൂർക്കൽ പെരുകാവ് തേവിക്കോണത്ത് വിജയകുമാർ ആത്മഹത്യ ചെയ്തത് കോവിഡ് പ്രതിസന്ധിയെ തുടർന്നാണ്. പണം തിരികെ കൊടുക്കാനുള്ളവരുടെ പട്ടിക കടയ്ക്കുള്ളിലുണ്ട്,' എന്നെഴുതി വച്ച് വിജയകുമാർ യാത്രയായി. ബസിന്റെ ഓട്ടം നിലച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതോടെയാണ് വയനാട് പാമ്പാടി അമ്പലവയലിൽ പെരുമ്പാടിക്കുന്നിലെ ബസ് ഉടമ പി.സി.രാജാമണി വിഷം കഴിച്ചു മരിച്ചത്.പാലക്കാട് വെണ്ണക്കരയിലെ ലൈറ്റ്സ് ആൻഡ് സൗണ്ട് സ്ഥാപന ഉടമ പൊന്നുമണി മരിച്ചത് സമാന അവസ്ഥയിലാണ്.
മറുനാടന് മലയാളി ബ്യൂറോ