- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാനിനെ കൊല്ലാൻ രണ്ടു മാസം ഗൂഢാലോചന; ഒരു നേതാവിന്റെ കൊലപാതകത്തിനു മറുപടി തുല്യ നിലയിലുള്ള മറ്റൊരു നേതാവിന്റെ കൊലപാതകം എന്ന കണക്കിൽ ആക്രമണം നടത്താൻ പട്ടികയും; സുരക്ഷ കർശനമാക്കിയ ശേഷം ചിങ്ങോലി ക്ഷേത്ര കവർച്ച; ഇരട്ട കൊല ആലപ്പുഴയിലെ പൊലീസിന് സംഭവിച്ച വീഴ്ചകളുടെ ബാക്കിപത്രം
ആലപ്പുഴ: ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങൾ തടയുന്നതിൽ പൊലീസ് ഇന്റലിജൻസിന് വീഴ്ചയുണ്ടായി എന്ന് വിലയിരുത്തൽ. ഇന്റലിജൻസിന് അല്ല പൊലീസിനാണ് വീഴ്ച ഉണ്ടായതെന്ന നിഗമനവും സജീവമാണ്. ഫെബ്രുവരിയിൽ വയലാർ നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുകൃഷ്ണയെ കൊലപ്പെടുത്തിയ സംഭവത്തിൽ തുടർ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും ആരും ഒന്നും ചെയ്തില്ല. ഇതിന്റെ തുടർച്ചയായിരുന്നു എസ് ഡി പി ഐ നേതാവിന്റെ കൊല. അതിവേഗം ബിജെപി നേതാവിനേയും മറുവിഭാഗം വകവരുത്തി.
ഒരു നേതാവിന്റെ കൊലപാതകത്തിനു മറുപടി തുല്യ നിലയിലുള്ള മറ്റൊരു നേതാവിന്റെ കൊലപാതകം എന്ന കണക്കിൽ ആക്രമണം നടത്താൻ പട്ടിക തന്നെ തയാറാക്കിയെന്ന വിലയിരുത്തൽ സജീവമാണ്. ഇത്തരത്തിലെ പട്ടികയെ കുറിച്ച് പൊലീസിന് വിവരമില്ല. ഇത് രഹസ്യാന്വേഷണ വീഴ്ചയാണെന്ന വിലയിരുത്തലും സജീവം. നിരോധനാജ്ഞ നിലനിൽക്കെ കൊലപാതകങ്ങൾ നടന്ന രാത്രിയിൽ തന്നെ ആര്യാട് നടന്ന ഗുണ്ടാ ആക്രമണവും പൊലീസിന് നാണക്കേടാണ്.
നാഗഗംകുളങ്ങരയിലെ കൊലയ്ക്ക് ശേഷമുള്ള ഇന്റലിജന്റ് റിപ്പോർട്ട് വേണ്ട ഗൗരവത്തിലെടുത്ത് കരുതൽ നടപടി ഉണ്ടായില്ല. സംഭവത്തിനു പിന്നാലെ സർവകക്ഷിയോഗവും സമാധാന ചർച്ചയുമൊന്നും ഉണ്ടായതുമില്ല. 18 ന് രാത്രി 8 മണിക്കാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിനെ ആക്രമിച്ചത്. രാത്രി പതിനൊന്നരയോടെ മരിച്ചു. ഈ സംഭവം ഉണ്ടായിട്ടും പൊലീസ് നിരീക്ഷണം ശക്തമാക്കിയില്ല. ഇതെല്ലാം ആലപ്പുഴയിൽ രണ്ടാം കൊലയ്ക്ക് കാരണമായി.
ഷാനിന്റെ മരണത്തിന് പിന്നിൽ ആരെന്നു സൂചനയുണ്ടായിട്ടും ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയില്ല. പ്രധാന റോഡുകളിലും ഇടറോഡുകളിലും കർശനമായ വാഹനപരിശോധന നടത്താനോ പട്രോളിങ് ഏർപ്പെടുത്താനോ കഴിഞ്ഞില്ല. മണിക്കൂറുകൾക്കുള്ളിൽ രണ്ടാമത്തെ കൊലപാതകമുണ്ടാവുകയും ചെയ്തു. 19 ന് പുലർച്ചെ ആറരയ്ക്കാണ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസ് കൊല്ലപ്പെട്ടത്. 6 ബൈക്കുകളിലായി ഒരു സംഘം മുഖംമൂടി ധരിച്ച് ഒന്നിച്ചാണെത്തിയത്.
വാഹന പരിശോധനയോ പട്രോളിങ്ങോ കർശനമായി ഏർപ്പെടുത്തിയിരുന്നെങ്കിൽ ഇതു തടയാനാകുമായിരുന്നു. ആദ്യ കൊലപാതകത്തിന് പിന്നാലെ വർഗീയ ധ്രുവീകരണവും തുടർ ആക്രമണങ്ങളും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ ചർച്ചകൾ സജീവമായി. ഇതു നിയന്ത്രിക്കാനും സമൂഹമാധ്യമ പ്രൊഫൈലുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാനും കഴിഞ്ഞില്ല.
എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ വധിക്കാൻ കൊലയാളികൾ കാത്തിരുന്നതു രണ്ടരമാസമാണ്. കാറിലെത്തിയ സംഘത്തിനു പുറമേ, ഒരു ബൈക്കിലും ഷാനിനെ പിന്തുടർന്നിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. വയലാറിലെ ബിജെപി. പ്രവർത്തകൻ നന്ദുകൃഷ്ണയെ കൊന്നതിനുള്ള പ്രതികാരമാണു ഷാനിന്റെ വധമെന്നു പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് മുൻകൂട്ടി അറിയാൻ പൊലീസിന് മാത്രം കഴിഞ്ഞില്ല.
ഷാനിനെ കൊലപ്പെടുത്തിയശേഷം പ്രതികൾ വാഹനമുപേക്ഷിച്ച് ചേർത്തല ഭാഗത്തേക്കു കടന്നു. പ്രതികളിൽ ഒരാളൊഴികെ മറ്റെല്ലാവരുടെയും പേരുവിവരങ്ങൾ പിടിയിലായ രണ്ടുപേരിൽനിന്ന് അന്വേഷണസംഘത്തിനു ലഭിച്ചതായാണു സൂചന. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായതിനാൽ പ്രതികളുടെ ഒളിത്താവളം കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ആർ.എസ്.എസ്. പ്രവർത്തകരായ രാജേന്ദ്രപ്രസാദ്, രതീഷ് എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയെ സമീപിക്കും.
പൊലീസ് നിരീക്ഷണം ശക്തമാക്കിയ ശേഷം ഹരിപ്പാട് ചിങ്ങോലി കാവിൽപടിക്കൽ ദേവീക്ഷേത്രത്തിൽനിന്നു മുക്കാൽ കിലോ സ്വർണവും രണ്ടര ലക്ഷത്തോളം രൂപയും അപഹരിച്ചതും പൊലീസിന് നാണക്കേടായി. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് മോഷണ വിവരമറിഞ്ഞത്. പ്രധാന ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്ക് മുകളിലൂടെ കയറി ഇരുമ്പ് നെറ്റ് ഇളക്കിയാണ് മോഷ്ടാക്കൾ ചുറ്റമ്പലത്തിനുള്ളിൽ കടന്നത്.
ഇതിനുള്ളിലെ ചെറിയ മുറിയിൽ സൂക്ഷിച്ചിരുന്ന ശ്രീകോവിലിന്റെ താക്കോൽ എടുത്ത് വിഗ്രഹത്തിൽ ചാർത്തുന്ന 10 പവനിലേറെ തൂക്കമുള്ള മാലയും ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന മേൽശാന്തി മനുവിന്റെ രണ്ടേകാൽ ലക്ഷത്തോളം രൂപയും അപഹരിച്ചു. വീടുപണിയെത്തുടർന്ന് ബാങ്കിൽനിന്ന് എടുത്ത് സൂക്ഷിച്ച പണവും ശമ്പളവും ദക്ഷിണയുമായി ലഭിച്ച പണവുമാണ് നഷ്ടമായത്.
പഴയ ജീവതയുടെ ഇരുവശത്തെയും സ്വർണക്കുമിളകൾ, വ്യാളീമുഖം, തിരുമുഖം തുടങ്ങിയവ അഴിച്ചു വച്ചിരുന്നതും അപഹരിക്കപ്പെട്ടു.വഴിപാട് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയും കവർന്നു. കായംകുളം ഡിവൈ.എസ്‌പി: അലക്സ് ബേബിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ