വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ഒരു കുഞ്ഞിക്കാലു കാണാനായില്ലെന്ന നിരാശയിലായുരുന്നു അവർ. ഏതുവിധേനയും ഗർഭം ധരിക്കുക എന്ന തീരുമാനത്തെത്തുടർന്നാണ് അവർ കൃത്രിമ ഗർഭധാരണ മുറകൾ സ്വീകരിക്കാൻ തയ്യാറായത്. ഐ.വി.എഫ് ക്ലിനിക്കിൽ എത്തിയ അവർ ഡോക്ടറുടെ നിർദേശപ്രകാരം ഡി.എൻ.എ ടെസ്റ്റിന് വിധേയരാവുകയായിരുന്നു. ഡി.എൻ.എ. പരിശോധനയുടെ ഫലം വന്നപ്പോൾ, ഞെട്ടിയത് ഈ ദമ്പതിമാർ മാത്രമല്ല, ഡോക്ടറും കൂടിയാണ്. കാരണം, ഈ ദമ്പതിമാർ ഇരട്ടകളാണെന്നതായിരുന്നു പരിശോധനാഫലം.

ഒരു സിനിമാക്കഥയെ വെല്ലുന്നതാണ് അവരുടെ ജീവിതകഥ. ചെറുപ്പത്തിലുണ്ടായ കാറപകടത്തിൽ മാതാപിതാക്കൾ മരിച്ചു. അനാഥരായ കുഞ്ഞുങ്ങളെ, രണ്ട് കുടുംബങ്ങൾ ദത്തെടുത്തു. പരസ്പരം അറിയാതെയും കാണാതെയും വളർന്നു. വലുതായപ്പോൾ, അവരിരുവരും കണ്ടുമുട്ടി. പ്രണയത്തിലായി. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. ഒരു കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പ് അവരുടെ ജീവിതത്തിൽ മറ്റൊരു ദുരന്തമായി മാറുകയും ചെയ്തു.

അമേരിക്കയിലെ മിസ്സിസ്സിപ്പിയിലാണ് സംഭവം. ഒന്നിച്ച് പിറക്കുകയും പിന്നീട് പിരിയുകയും, മുതിർന്നപ്പോൾ, വിവാഹത്തിലൂടെ ഒന്നിക്കുകയും ചെയ്ത ഈ സഹോദരങ്ങൾ ഇനിയെന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ്. ഇരട്ടകൾ തമ്മിൽ വിവാഹം കഴിക്കുന്നത് മിസ്സിസ്സിപ്പിയിൽ നിയമവിരുദ്ധമാണ്. അതിനെക്കാളേറെ, അതിൽ ധാർമികമായ പ്രശ്‌നവുമുണ്ട്. ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്ന് നിശ്ചയമില്ലാതിരിക്കുകയാണ് ഈ സഹോദരങ്ങൾ.

ചെറുപ്പത്തൽ ദത്തെടുത്ത കുടുംബങ്ങൾ, രണ്ടുപേരോടും അവർക്കൊരു സഹോദരനോ സഹോദരിയോ ഉണ്ടെന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല. കോളേജിൽ പഠിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നത്. കാഴ്ചയിലെ സാമ്യവും ജീവിതത്തിലുണ്ടായ ദുരന്തവും അവരെ പെട്ടെന്ന് സുഹൃതത്തുക്കളാക്കി. പതുക്കെ, അവർ പ്രണയികളുമായി. നേരത്തെതന്നെ അവർ സഹോദരങ്ങളാണെന്ന വിവരം അറിഞ്ഞിരുന്നെങ്കിൽ, ഇപ്പോഴത്തെ വേദന ഇല്ലാതാകുമായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.

സഹോദരങ്ങൾ തമ്മിലുള്ള വിവാഹം മിസ്സിസ്സിപ്പിയിൽ വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. പത്തുവർഷം തടവും 500 ഡോളർ പിഴയുമാണ് ശിക്ഷ. എന്നാൽ, തീർത്തും അപൂർവമായ സംഭവമായതിനാൽ, ഈ കേസിൽ സഹോദരങ്ങൾക്ക് ശിക്ഷ ലഭിച്ചേക്കില്ല. നിയമപരമായ കാരണങ്ങളാൽ, ദമ്പതിമാരുടെയോ ഇവരെ ചികിത്സിച്ച ഡോക്ടറുടെയോ പേരുവിവരം പുറത്തുവിട്ടിട്ടില്ല.