- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടകര കുഴൽപ്പണക്കേസ് ട്വിസ്റ്റ്! കവർച്ച ചെയ്യപ്പെട്ട മൂന്നര കോടിയും തങ്ങളുടേതെന്ന് ധർമ്മരാജനും സംഘവും; കണ്ടെടുത്ത പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജന്റെ ഹർജി; 25 ലക്ഷം ബിസിനസ് പങ്കാളിയായ സുനിൽ നായിക്കിന്റേത്; ഡൽഹിയിലെ ഗോവിന്ദ് എന്ന മാർവാഡിയാണ് പണം എത്തിക്കാൻ ആവശ്യപ്പെട്ടതെന്നും വാദം
തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ നിർണായക ട്വിസ്റ്റ്. കൊടകര കുഴൽപ്പണ കേസിൽ പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്ത പണം തിരികെ കിട്ടണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ ധർമരാജൻ കോടതിയെ സമീപിച്ചു. കവർച്ചക്കാരിൽനിന്ന് കണ്ടെടുത്ത പണം തന്റേതാണെന്നും അതിന് കണക്കുണ്ടെന്നുമാണ് ധർമ്മരാജൻ ആവശ്യപ്പെടുന്നത്. പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്.
പണം ഡൽഹിയിലെ മാർവാഡി തന്നതാണെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു. ഡൽഹിയിലുള്ള ഗോവിന്ദ് എന്ന മാർവാഡിയാണ് കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പണം എത്തിക്കണമെന്ന് ആവശ്യപ്പെട്ടതെന്നാണ് ധർമരാജൻ പറയുന്നത്. ഇതുപ്രകാരം ഒന്നാം തീയതി ഷംസീറിന്റെ വാഹനം കൊണ്ടുവരുകയും വാഹനത്തിന്റെ കാർപ്പെറ്റ് മാറ്റി അതിൽ 3.25 കോടി രൂപ സൂക്ഷിക്കുകയും ചെയ്തു. 25 ലക്ഷം രൂപ ബാഗിലാക്കിയാണ് വെച്ചത്. 25 ലക്ഷം മാത്രമേ വാഹനത്തിലൂള്ളൂ എന്നാണ് ഷംസീറിനോട് പറഞ്ഞിരുന്നത്.
ഏപ്രിൽ നാലിനാണ് 3.25 കോടി രൂപ ഷംജീറിന് ധർമ്മരാജൻ നൽകിയത്. പിന്നീട് ഷംജീറിനോട് സുനിൽ നായ്കിന്റെ പക്കൽ നിന്നും 25 ലക്ഷം രൂപ കൂടി വാങ്ങിയ ശേഷം ഇത് എറണാകുളത്ത് എത്തിക്കാൻ നിർദ്ദേശം നൽകി. കാറിലെ സീറ്റിനടിയിൽ പ്രത്യേകം തയ്യാറാക്കിയ പെട്ടിയിലാണ് 3.25 കോടി രൂപ സൂക്ഷിച്ചിരുന്നത്. 25 ലക്ഷം ബാഗിലായിരുന്നു.
ഒറ്റയ്ക്ക് പോകണം എന്ന നിർദ്ദേശം തെറ്റിച്ച് ഷംജീർ തന്റെ സുഹൃത്തായ റഷീദിനെ കാറിൽ കയറ്റി. പുലർച്ചെ 4.40 ന് കൊടകര പാലത്തിലെത്തിയപ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്ത പോലെ മൂന്ന് കാറുകൾ ഷംജീറിന്റെ കാറിനെ വളഞ്ഞു. ജനൽ ചില്ലുകൾ തകർത്തു. ഷംജീറിനെയും റഷീദിനെയും ആക്രമിച്ച ശേഷം കൊള്ളസംഘം ഇവരെ വഴിയിൽ തള്ളി. പിന്നീട് പണവും കാറുമായി കടന്നുകളഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കൊടകര പൊലീസ് സ്റ്റേഷനിൽ കേസ് നൽകി. 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാർ കണ്ടെത്തിയപ്പോഴാണ് സീറ്റിനടിയിലെ പെട്ടികൾ കൂടി തകർത്തെന്നും ആ പണവും അപഹരിക്കപ്പെട്ടുവെന്നും മനസിലായത്. ഇത് അറിഞ്ഞയുടൻ ധർമ്മരാജൻ സ്റ്റേഷനിലെത്തി പൊലീസിന് ഇക്കാര്യത്തിൽ രേഖാമൂലം പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിലും റെയ്ഡിലും 1.40 കോടി രൂപ പ്രതികളിൽ നിന്ന് കണ്ടെത്തി. ചില പ്രതികൾ പണം ഉപയോഗിച്ച് സ്വർണാഭരണങ്ങളും സ്വർണ നാണയങ്ങളും വാങ്ങിയെന്നും കടബാധ്യതകൾ തീർത്തെന്നും അറിയാൻ കഴിഞ്ഞു. ധർമ്മരാജന്റെയും സുനിൽ നായ്കിന്റെയും പണം ഉപയോഗിച്ചാണ് ഇവയൊക്കെ വാങ്ങിയത്.
അപഹരിച്ചതിൽ 90 ലക്ഷം രൂപ എന്ത് ചെയ്തെന്നത് സംബന്ധിച്ച് പ്രതികളിൽ ചിലർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. കുറച്ച് തുക ഇനിയും കണ്ടെത്താനുണ്ട്. കണ്ടെത്തിയ പണവും ആഭരണങ്ങളും കോടതിയിൽ സമർപ്പിച്ചതായി അറിയാൻ കഴിഞ്ഞു. ഈ പണവും സ്വർണാഭരണങ്ങളും ധർമ്മരാജന്റേതും സുനിൽ നായ്കിന്റേതുമാണെന്ന കാര്യത്തിൽ തർക്കമില്ല. അതിനാൽ തന്നെ ബിസിനസ് സജീവമാക്കി മുന്നോട്ട് കൊണ്ടുപോകാൻ ഈ തുക തിരിച്ച് കിട്ടിയേ പറ്റൂ. അതിനാൽ കണ്ടെത്തിയ പണമെങ്കിലും തിരികെ നൽകണം.
കണ്ടെത്തിയ എർട്ടിഗ കാറിന്റെ ഉടമ ഷംജീറാണ്. മറ്റാർക്കും പണത്തിലോ വാഹനത്തിലോ അവകാശമില്ല. പണത്തിന് കൃത്യമായ സ്രോതസുണ്ട്. ഇത് കോടതി ആവശ്യപ്പെടുന്ന പക്ഷം സമർപ്പിക്കാൻ തയ്യാറാണ്. അതിനാൽ വിചാരണയ്ക്ക് മുൻപ് കവർച്ച ചെയ്യപ്പെട്ട വസ്തുക്കൾ ധർമ്മരാജനും സുനിൽ നായ്കിനും ഷംജീറിനും തിരികെ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹനത്തിലുണ്ടായിരുന്ന പണത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന നിലപാടാണ് ധർമരാജൻ സ്വീകരിച്ചിരിക്കുന്നത്. ബിസിനസ് ആവശ്യത്തിന് ഡൽഹിയിൽനിന്ന് മാർവാഡി കൊടുത്തുവിട്ട പണമാണിതെന്നും കോഴിക്കോടുനിന്ന് എറണാകുളത്തേക്ക് കൊടുത്തുവിടുക മാത്രമായിരുന്നു തന്റെ ഉത്തരവാദിത്വമെന്നും അതിന് തനിക്ക് കമ്മീഷൻ ലഭിക്കുമെന്നും ധർമരാജൻ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ