ആലപ്പുഴ: നൂറനാട്ട് സഹോദരങ്ങളെ കള്ളക്കേസിൽ കുടുക്കി പൊലീസ് ജയിലിൽ ഇട്ട സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. നൂറനാട് എസ്‌ഐയെയും സഹപ്രവർത്തകരെയും ന്യായീകരിച്ച് അന്വേഷണ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് പരാതിക്കാരുടെ വെളിപ്പെടുത്തൽ. തങ്ങളെ മർദ്ദിച്ച വിവരം മജിസ്‌ട്രേറ്റിനെ അറിയിക്കാതെ ഇരിക്കാൻ, പൊലീസ് ഭീഷണിപ്പെടുത്തി എന്നാണ് സഹോദരങ്ങൾ പറയുന്നത്.

മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ സ്റ്റഷനിൽ വെച്ച് മർദിച്ചുവെന്ന് പരാതിക്കാർ പറഞ്ഞില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പരാമർശം മർദ്ദിച്ചെന്ന് കോടതിയിൽ പറഞ്ഞാൽ കൂടുതൽ കേസുകളിൽ പെടുത്തി കളയുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടായാൽ ജയിലിൽ തങ്ങളുടെ ആളുകൾ 'സൽക്കരിക്കു'മെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാർ പറഞ്ഞു. പേടി കാരണമാണ് മർദ്ദനത്തെക്കുറിച്ച് മജിസ്‌ട്രേറ്റിനോട് പരാതി പറയാതിരുന്നത്. ദൃശ്യങ്ങളുടെ ആധികാരികത കോടതിയെ ബോധ്യപ്പെടുത്തും. പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഹൈക്കോടതിയിൽ ഹാജരാക്കും. പൊലീസിന് വീഡിയോയുടേയും ഓഡിയോയുടേയും കോപ്പി തെളിവായി കൈമാറിയിരുന്നുവെന്നും പരാതിക്കാർ അറിയിച്ചു.

പൊലീസിനെ ന്യായീകരിച്ച് അന്വേഷണ റിപ്പോർട്ട്

പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടെന്ന് ആരോപിച്ച് കോട്ടയം സ്വദേശികളായ സഹോദരങ്ങളാണ് കോടതിയെ സമീപിച്ചിരുന്നത്. ഷാന്മോൻ, സജിൻ റജീബ് എന്നിവരാണ് നൂറനാട് എസ്‌ഐ വി.ആർ. അരുണടക്കമുള്ള നാല് പൊലീസുകാർക്കെതിരെ കോടതിയെ സമീപിച്ചത്. പൊലീസിന് വീഴ്‌ച്ച പറ്റിയിട്ടില്ലെന്നാണ് സംഭവത്തിൽ അന്വേഷണം നടത്തിയ നർക്കോട്ടിക് ഡി.വൈ.എസ്‌പി ആലപ്പുഴ എസ്‌പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

യു.കെ ഡക്കർ എന്ന പേരിൽ സഹോദരങ്ങൾ ഒരു ഫർണിച്ചർ കട നടത്തിയിരുന്നു. ഇവരുടെ കടയിൽ നിന്ന് അബ്ദുറഹ്മാൻ എന്നയാൾ ഫർണിച്ചർ വാങ്ങുകയും എന്നാൽ പത്ത് ദിവസത്തിന് ശേഷം ഫർണ്ണിച്ചർ തിരിച്ചെടുത്ത് പണം തിരിച്ച് നൽകാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. ഇതിന് സഹോദരങ്ങൾ വിസമ്മതിച്ചതോടെ ഇയാൾ നൂറനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒരു ലക്ഷത്തി മൂവായിരം രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇയാൾ പരാതി നൽകിയിരുന്നത്.

എന്നാൽ, 45,000 രൂപ മാത്രമാണ് ഫർണിച്ചറിന്റെ വിലയെന്നും അത് മാത്രമേ തിരികെ നൽകാൻ കഴിയൂവെന്നും ഷാമോൻ എസ്‌ഐ അരുണിനോട് പറഞ്ഞിരുന്നു. ഇതിനെ തുടർന്നുള്ള തർക്കത്തിനിടയിൽ എസ്‌ഐ ഇവരെ മർദിക്കുകയായിരുന്നു.

ഷാന്മോനെ പൊലീസ് മർദിക്കുന്ന ദൃശ്യം സഹോദരൻ സജിൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽ പെട്ടതോടെ എസ്‌ഐ ഫോൺ വാങ്ങി പോക്കറ്റിലിട്ടിരുന്നെങ്കിലും ഫോൺ ഓഫ് ആയിരുന്നില്ല. സ്റ്റേഷനിൽ നടന്ന സംഭാഷണമെല്ലാം ഫോണിൽ റെക്കോഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു.

കൃത്യ നിർവ്വഹണം തടസപ്പെടുത്തൽ, എസ്‌ഐയെ കയ്യേറ്റം ചെയ്യൽ അടക്കമുള്ള വകുപ്പുകൾ ചേർത്ത് സഹോദരങ്ങളെ ജയിലിലാക്കിയില്ലെങ്കിൽ പെട്ടുപോകുമെന്ന് കൂടെയുള്ള ഉദ്യോഗസ്ഥർ എസ്‌ഐയെ ഉപദേശിക്കുന്ന സംഭാഷണങ്ങളും ഫോണിൽ റെക്കോഡ് ചെയ്യപ്പെട്ടിരുന്നു. ഇരുവരും ജാമ്യത്തിലിറങ്ങിയ ശേഷം ഫോൺ പരിശോധിച്ചപ്പോഴാണ് സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കിട്ടിയത്.

എന്നാൽ, സ്റ്റേഷനിൽ വെച്ച് മർദിച്ചുവെന്ന് പരാതിക്കാർ മജിസ്‌ട്രേറ്റിനോട് പറഞ്ഞിട്ടില്ലെന്നും പരാതിക്കാരുടെ കയ്യിലുള്ള മൊബൈൽ ഫോൺ ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം ഹൈക്കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം. കള്ളക്കേസിൽ കുടുക്കാൻ പൊലീസ് ഗൂഢാലോചന നടത്തുന്നതിന്റെയും പൊലീസ് മർദനത്തിന്റേയും ദൃശ്യങ്ങൾ ഇവർ കോടതിയിൽ ഹാജരാക്കിയിരുന്നു.ഡിസംബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.