- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ പ്രശ്നം കാരണം പെൺകുട്ടി വീടുവിട്ടിറങ്ങി; തട്ടിക്കൊണ്ടുപോയെന്ന് വീട്ടിൽ വിളിച്ച് പറഞ്ഞ് ഭയപ്പെടുത്തി; പൊലീസ് ഇടപെട്ടതോടെ പരിഭ്രമത്തിൽ ആയതോടെ ആളൊഴിഞ്ഞ സ്ഥലത്തെത്തി സ്വയം വസ്ത്രങ്ങൾ കീറി; തലയിൽ മുറിവും ഏൽപ്പിച്ചു; പീഡകരെ തേടി അലഞ്ഞ പൊലീസ് ഒടുവിൽ കള്ളം പൊളിച്ചു
ഹൈദരാബാദ്: വീടുവിട്ടിറങ്ങിയ ഫാർമസി വിദ്യാർത്ഥിനി മെനഞ്ഞ പീഡനക്കഥ പൊളിച്ച് പൊലീസ്. നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു പെൺകുട്ടി മെനഞ്ഞ കഥ. ഈ കഥ വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കുടുംബപ്രശ്നങ്ങൾ കാരണം വീടുവിട്ടിറങ്ങിയ പെൺകുട്ടി സ്വയം മെനഞ്ഞ കഥയാണെന്നും പീഡനത്തിന് ഇരയായില്ലെന്നം പൊലീസ് വ്യക്തമാക്കി.
ഫെബ്രുവരി പത്തിനാണ് ബി.ഫാം വിദ്യാർത്ഥിനിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്നും ഒന്നര മണിക്കൂറിനുള്ളിൽ വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തിയെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ കേസിൽ വിശദമായ അന്വേഷണം നടത്തിയതോടെ പെൺകുട്ടി പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയുകയായിരുന്നു.
ഗട്ട്കേസറിലെ കോളേജിൽനിന്ന് വീട്ടിലേക്ക് മടങ്ങിയ 19-കാരിയെ ഓട്ടോ ഡ്രൈവറും മറ്റുമൂന്നുപേരും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്നവിവരം. തന്നെ തട്ടിക്കൊണ്ടുപോയതായി പെൺകുട്ടി തന്നെയാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് സംഘം മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് ഒന്നരമണിക്കൂറിനുള്ളിൽ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു.
തലയ്ക്ക് മുറിവേറ്റ്, വസ്ത്രം കീറിയനിലയിലാണ് ആളൊഴിഞ്ഞസ്ഥലത്തുനിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കേസിൽ പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണവും ആരംഭിച്ചു.
ഓട്ടോ ഡ്രൈവർമാരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് സംഘം ആദ്യം അന്വേഷണം നടത്തിയത്. ഇതിനിടെ ചില ഓട്ടോ ഡ്രൈവർമാരുടെ ഫോട്ടോകൾ പൊലീസ് പെൺകുട്ടിക്ക് കാണിച്ചുനൽകി. ഇതിൽനിന്ന് ഒരാളെ പെൺകുട്ടി തിരിച്ചറിയുകയും ചെയ്തു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി പറഞ്ഞകാര്യങ്ങളും സാഹചര്യത്തെളിവുകളും ഒത്തുവന്നില്ല. മാത്രമല്ല, തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ സമയം പെൺകുട്ടി നഗരത്തിലെ മറ്റൊരിടത്തുകൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടർന്ന് പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകൽ കള്ളക്കഥയാണെന്ന് ബോധ്യപ്പെട്ടത്.
കുടുംബപ്രശ്നങ്ങൾ കാരണം വീട് വിട്ടിറങ്ങാൻ പെൺകുട്ടി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തന്നെ തട്ടിക്കൊണ്ടുപോയെന്ന് വീട്ടിൽ വിളിച്ച് പറഞ്ഞത്. എന്നാൽ സംഭവത്തിൽ പൊലീസ് ഇടപെട്ടതോടെ പെൺകുട്ടി പരിഭ്രമിച്ചു. കള്ളം പറഞ്ഞത് പുറത്തറിയുമോ എന്ന ഭയത്താൽ ആളൊഴിഞ്ഞ സ്ഥലത്തെത്തി സ്വയം വസ്ത്രങ്ങൾ കീറി. തലയിൽ മുറിവേൽപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടതായും പെൺകുട്ടി പരാതിപ്പെടുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയും ഒടുവിൽ പെൺകുട്ടി തന്നെ അന്വേഷണസംഘത്തോട് സത്യം വെളിപ്പെടുത്തിയെന്നും റാച്ചക്കോണ്ട പൊലീസ് കമ്മീഷണർ മഹേഷ് ഭാഗവത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവസമയം പെൺകുട്ടി മറ്റൊരിടത്തുകൂടി നടന്നുപോകുന്ന വിവിധ സിസിടിവി ദൃശ്യങ്ങളും പൊലീസ് മാധ്യമപ്രവർത്തകരെ കാണിച്ചു.
മറുനാടന് ഡെസ്ക്