ന്യൂഡൽഹി: കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നിലപാടാണ് തങ്ങളുടേതെന്ന് ട്വിറ്റർ വ്യക്തമാക്കി.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് കേസെടുത്തതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. ട്വിറ്ററിന്റെ നിയമങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം കർശനമായി നീക്കം ചെയ്യുമെന്നും നിയമ സംവിധാനവുമായും സംഘടനകളുമായും ഇക്കാര്യത്തിൽ ചേർന്ന് പ്രവർത്തിക്കുമെന്നും ട്വിറ്റർ വ്യക്തമാക്കി.

അശ്ലീലദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിപ്പിക്കുന്നതിൽ ദേശീയ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തു. ട്വിറ്ററിൽ പ്രചരിക്കുന്ന അശ്ലീലദൃശ്യങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ നീക്കംചെയ്യണമെന്ന് വനിത കമ്മീഷൻ നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കമ്മീഷണർക്കും കമ്മീഷൻ കത്തുനൽകി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നതിൽ പോക്സോ വകുപ്പ് പ്രകാരമാണ് ട്വിറ്ററിനെതിരെ കേസെടുത്തത്. എംഡിക്കെതിരെയാണ് ഡൽഹി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ വനിതാ കമ്മീഷനും ഇടപെട്ടു. ട്വിറ്റർ ഐഎൻസി, ട്വിറ്റർ കമ്മ്യൂണിക്കേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.

ഇന്ത്യയുടെ ഭൂപടം തെറ്റായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുവെന്ന കേസിലും ട്വിറ്റർ എംഡിയെ പ്രതി ചേർത്ത് പൊലീസ് കേസ് എടുത്തിരുന്നു. ലഡാക്കും ജമ്മുകാശ്മീരും ഇന്ത്യക്ക് പുറത്തായി കാണിച്ചായിരുന്നു ട്വിറ്റർ വെബ്സൈറ്റിൽ ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നത്. പരാതി ഉയർന്നതോടെ വെബ്സൈറ്റിൽ നിന്ന് ഭൂപടം ട്വിറ്റർ നീക്കം ചെയ്തു.