ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ ഐ ടി നിയമത്തിനെതിരെ തുറന്ന യുദ്ധത്തിന് ഒരുങ്ങി ട്വിറ്ററും. കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിൽ പ്രതികരണവുമായി ട്വിറ്റർ രംഗത്തുവന്നു. നിലവിലെ സാഹചര്യത്തിൽ ട്വിറ്റർ ആശങ്കയറിയിച്ചു. അഭിപ്രായ സ്വാതന്ത്യവും സ്വകാര്യതയും സംരക്ഷിക്കാൻ ട്വിറ്ററിന് ബാധ്യതയുണ്ട്, നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ ട്വിറ്റർ ജീവനക്കാരെക്കുറിച്ചും സേവിക്കുന്ന ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള ഭീഷണിയിലും ആശങ്കയുണ്ടെന്നാണ് ട്വിറ്റർ പറയുന്നത്. സുതാര്യതയാണ് ആദർശമെന്ന് പറഞ്ഞ സാമൂഹിക മാധ്യമം ഭയപ്പെടുത്താനുള്ള പൊലീസിന്റെ തന്ത്രങ്ങളിൽ ആശങ്കയറിയിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ചട്ടങ്ങളിൽ മാറ്റം വരുത്തണം എന്നാണ് നിലപാടെന്ന് വ്യക്തമാക്കിയ ട്വിറ്റർ സർക്കാരുമായുള്ള ക്രിയാത്മക സംഭാഷണം തുടരുമെന്നും വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും കമ്പനികൾക്കും സമൂഹത്തിനും പൊതുജന താൽപര്യം സംരക്ഷിക്കാനുള്ള കൂട്ടുത്തരവാദിത്വം ഉണ്ടെന്നാണ് ട്വിറ്ററിന്റെ നിലപാട്. കോവിഡ് വ്യാപനത്തിൽ ട്വിറ്റർ സഹായ കേന്ദ്രമായി പ്രവർത്തിച്ചുവെന്നും കമ്പനി ഓർമ്മപ്പെടുത്തി. പുതിയ ഐടി നിയമത്തെ കുറിച്ച് ഇതാദ്യമായാണ് ട്വിറ്റർ പ്രതികരിക്കുന്നത്.

അതേ സമയം സ്വകാര്യത ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് ആവർത്തിച്ച് കേന്ദ്രം രംഗത്തെത്തി. ഉപയോക്താക്കൾ പുതിയ ഐടി നിയമത്തിൽ ആശങ്കപ്പെടേണ്ടെന്നും സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് നിയമമെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിക്കുന്നു. ചില കുറ്റകൃത്യങ്ങളിലെ അന്വേഷണത്തിന്റെ ഭാഗമായി സന്ദേശം ആര് സൃഷ്ടിച്ചു എന്നത് കണ്ടെത്തുകയാണ് ഉദ്ദേശമെന്നും സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് നിയമമെന്നുമാണ് നിയമമന്ത്രിയുടെ ന്യായീകരണം. സർക്കാർ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും രവിശങ്കർ പ്രസാദ് പറയുന്നു.

അതിനിടെ സമൂഹ മാധ്യമങ്ങൾക്കെതിരെ കേസെടുത്ത് തുടങ്ങാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായാണ് വിവരം. ഐ ടി ചട്ടം നടപ്പാക്കുന്നതിൽ സർക്കാർ നിയമോപദേശം തേടി. സന്ദേശവാഹകർ എന്ന സംരക്ഷണം ഇനി സമൂഹ മാധ്യമങ്ങൾക്ക് നൽകാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സമൂഹ മാധ്യമ കമ്പനികൾക്കെതിരായ കേന്ദ്ര സർക്കാർ നടപടികളിൽ കോടതിയുടെ നിലപാട് നിർണായകമാകും. സ്വകാര്യതാ ലംഘനം ഉയർത്തിക്കാട്ടി വാട്ട്‌സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണിത്. അതേസമയം, കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനാൽ കമ്പനികൾ ഉടൻ റിപ്പോർട്ട് സമർപ്പിച്ചേക്കും.

പുതിയ ഉത്തരവ് അനുസരിച്ചുള്ള നിയമനങ്ങൾ നടത്തിയതിന്റെ റിപ്പോർട്ടാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ട്വിറ്റർ, ഫേസ്‌ബുക്ക്, വാട്സാപ്പ് അടക്കമുള്ള കമ്പനികൾ ഒന്നും ഇതുവരെയും സർക്കാർ പറഞ്ഞതനുസരിച്ചുള്ള ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല.