- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷകരുടെ ട്രാക്ടർ റാലി അക്രമത്തിന് പാക് ബന്ധം; 300 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ട്വിറ്റർ; നടപടി വ്യാജ ഫോട്ടോകളും വിഡിയോയും പ്രചരിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ പരേഡ് അക്രമാസക്തമായതിന് പിന്നാലെ വ്യാജ പ്രചരണം നടത്തിയ മുന്നൂറിലധികം അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചു. ഇതിൽ ഭൂരിഭാഗവും പാക്കിസ്ഥാനിൽ നിന്നാണ് നിയന്ത്രിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ഫോട്ടോകളും വിഡിയോയും പ്രചരിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെയാണ് ട്വിറ്റർ വിലക്കേർപ്പെടുത്തിയത്.
കർഷകർ ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കയറുകയും കർഷക യൂണിയൻ കൊടികൾ ചെങ്കോട്ടയുടെ ഭാഗങ്ങളിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. നിയമങ്ങൾ ലംഘിക്കുന്ന ഒരാളെയും തുടരാൻ അനുവദിക്കില്ല എന്നതാണ് ട്വിറ്റർ നയം. അക്രമം, ദുരുപയോഗം, ഭീഷണികൾ എന്നിവയ്ക്ക് പ്രേരിപ്പിക്കുന്ന ഒന്നും തന്നെ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് ട്വിറ്റർ വക്താവ് പറഞ്ഞു. നിയമങ്ങൾ ലംഘിച്ച നൂറുകണക്കിന് ട്വീറ്റുകളും നീക്കം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വ്യാജ പ്രചാരണം നടത്തിയ 300ൽ അധികം അക്കൗണ്ടുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്തുവെന്നും ട്വിറ്റർ വക്താവ് അറിയിച്ചു. കർഷകരുടെ ട്രാക്ടർ റാലിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി 308 ട്വിറ്റർ ഉപയോക്താക്കൾ ശ്രമിച്ചതായി ഡൽഹി പൊലീസ് ആരോപിച്ചിരുന്നു.
ട്രാക്ടർ റാലിക്കിടെ സംഘർഷമുണ്ടാകുമെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെയും മറ്റ് ഏജൻസികളുടെയും മുന്നറിയിപ്പ് സന്ദേശങ്ങൾ നിരന്തരം ലഭിച്ചിരുന്നു. കർഷകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച 308 ഓളം ട്വിറ്റർ അക്കൗണ്ടുകൾ പാക്കിസ്ഥാനിൽ നിന്നുള്ളതാണെന്നും ഡൽഹി ഇന്റലിജൻസ് സ്പെഷ്യൽ കമ്മീഷണർ പൊലീസ് ദീപേന്ദ്ര പഥക് പറഞ്ഞു. മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രാക്ടർ റാലിക്കിടെ ഉണ്ടായ അക്രമത്തിൽ പൊലീസ് 22 കേസ് ഫയൽ ചെയ്തു. അക്രമത്തിൽ 153 പൊലീസുകാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേർ ഐസിയുവിലാണ്. ചെങ്കോട്ടയിലെ സംഘർഷത്തിലാണ് കൂടുതൽ പൊലീസുകാർക്ക് പരിക്കേറ്റത്. പൊതുമുതൽ നശിപ്പിക്കൽ, ആയുധമുപയോഗിച്ച് പൊലീസുകാരെ ആക്രമിക്കൽ തുടങ്ങിയ കേസുകളാണ് പൊലീസ് ചാർജ് ചെയ്തിരിക്കുന്നത്.