- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തുകൊണ്ട് ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിക്കാൻ തയാറായില്ല?; വിവാദ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിലുള്ള നയം വിശദീകരിക്കണം; ട്വിറ്റർ അധികൃതരെ മുൾമുനയിൽ നിർത്തി പാർലമെന്ററി സമിതി; ഇന്ത്യൻ നിയമങ്ങൾ പരമോന്നതം; ട്വിറ്റർ അത് അനുസരിച്ചേ മതിയാകൂവെന്നും നിർദ്ദേശം
ന്യൂഡൽഹി: വിവാദ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള നയം വിശദീകരിക്കണമെന്ന് ട്വിറ്ററിനോട് ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി. ഇന്ത്യയിൽ എന്തുകൊണ്ട് ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിക്കാൻ തയാറായില്ല എന്നതുൾപ്പെടെയുള്ള ചോദ്യങ്ങളാണ് 95 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ സമിതി ഉന്നയിച്ചത്. പാർലമെന്ററി സമിതിക്കു മുന്നിൽ ട്വിറ്ററിനു നേരിടേണ്ടി വന്നത് കടുകട്ടി ചോദ്യങ്ങളാണ്.
ഇന്ത്യൻ നിയമങ്ങൾ പരമോന്നതമാണെന്നും ട്വിറ്റർ അത് അനുസരിച്ചേ മതിയാകൂ എന്നും പാർലമെന്ററി പാനൽ തറപ്പിച്ചു പറഞ്ഞു. ട്വിറ്റർ ഇന്ത്യയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരാണ് പാർലമെന്ററി പാനലിനു മുന്നിൽ ഹാജരായത്. കമ്പനിയിൽ തങ്ങൾ വഹിക്കുന്ന ചുമതലകളെക്കുറിച്ചും സുപ്രധാന തീരുമാനങ്ങളെടുക്കാനുള്ള അധികാരത്തെക്കുറിച്ചും രേഖാമൂലം അറിയിക്കണമെന്ന് പാനൽ ഇവരോട് ആവശ്യപ്പെട്ടു.
മെയ് 26 മുതൽ നടപ്പാക്കിയ പുതിയ ഡിജിറ്റൽ നിയമങ്ങൾ പാലിക്കാൻ ട്വിറ്റർ ഇതുവരെ തയാറായിട്ടില്ല. തൽക്കാലത്തേക്ക് ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചുവെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നുമാണ് ട്വിറ്റർ വ്യക്തമാക്കിയത്. എന്നാൽ മുഴുവൻ സമയ ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് പാർലമെന്ററി സമിതി ചോദിച്ചു. ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് കമ്പനിയുടെ ഭാഗത്തുനിന്ന് ലഭിച്ചതെന്നാണ് റിപ്പോർട്ട്.
ട്വിറ്റർ പുതിയ ഐടി ചട്ടങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ അവർക്കുള്ള നിയമപരിരക്ഷ നഷ്ടപ്പെട്ടുവെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ട്വിറ്ററിനെതിരെ ഉത്തർപ്രദേശിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ട്വിറ്ററും കേന്ദ്രസർക്കാരുമായി ആഴ്ചകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഐടി മന്ത്രാലയം കടുത്ത നടപടികളിലേക്കു കടന്നത്. തുടക്കത്തിൽ ഐടി ചട്ടങ്ങൾക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ച ട്വിറ്റർ പിന്നീട് സർക്കാരിനു വഴങ്ങുന്ന നിലയിലേക്കു അയഞ്ഞിരുന്നു.
ബിജെപി നേതാക്കളിൽ ചിലരുടെ ട്വീറ്റുകളിൽ മാനിപ്പുലേറ്റഡ് മീഡിയ എന്ന ടാഗ് ചാർത്തുകയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവരടക്കം ചില പ്രമുഖരുടെ ബ്ലൂ ടിക് നീക്കം ചെയ്യുകയും ചെയ്തതോടെ കേന്ദ്രം ട്വിറ്ററിനെതിരായ നിലപാട് കൂടുതൽ കടുപ്പിച്ചു. പൊതുപ്രാധാന്യമുള്ള പ്രമുഖരുടെ അക്കൗണ്ട് ആധികാരികമെന്നു സൂചിപ്പിക്കുന്നതാണു ബ്ലൂ ടിക്. എന്നാൽ, സജീവമല്ലാത്ത അക്കൗണ്ടുകളുടേതാണു നീക്കിയതെന്നു വിശദീകരിച്ച ട്വിറ്റർ അത് പുനഃസ്ഥാപിക്കുകയും ചെയ്തു.
പുതിയ ഐടി ചട്ടം
സമൂഹമാധ്യമങ്ങൾ, ഓൺലൈൻ വാർത്താ പോർട്ടലുകൾ, ഒടിടി (ഓവർ ദ് ടോപ്) കമ്പനികൾ എന്നിവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കൊണ്ടുവന്ന പുതിയ ഐടി ചട്ടം (ഗൈഡ്ലൈൻസ് ഫോർ ഇന്റർമീഡിയറീസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ഫെബ്രുവരി 25നാണു വിജ്ഞാപനം ചെയ്തത്. സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരായ അശ്ലീല സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവയെക്കുറിച്ചു പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ അവ നീക്കം ചെയ്യണം,
അധികൃതർ വിലക്കുന്ന, അധിക്ഷേപകരവും വിവാദപരവുമായ ഉള്ളടക്കങ്ങൾ 36 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം, ഓരോ പ്ലാറ്റ്ഫോമും ഇന്ത്യയിൽ താമസിക്കുന്ന ഒരാളെ ചീഫ് കംപ്ലയൻസ് ഓഫിസറായി നിയമിക്കണം, നിയമ സംവിധാനങ്ങളുമായുള്ള ഏകോപനത്തിനായി ഒരു നോഡൽ ഓഫിസറെയും പരാതി പരിഹാരത്തിനായി ഗ്രീവൻസ് ഓഫിസറെയും നിയമിക്കണം. ഇവ നടപ്പാക്കാൻ അനുവദിച്ച 3 മാസത്തെ സമയപരിധി മെയ് 25നാണ് അവസാനിച്ചത്.
വിദ്വേഷപരമോ നിയമവിരുദ്ധമോ ആയ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഉപയോക്താവായ ആരെങ്കിലും ഇട്ടാൽ അതിന്റെ പേരിൽ സമൂഹമാധ്യമങ്ങളെയും ഡിജിറ്റൽ സ്ഥാപനങ്ങളെയും പ്രതിക്കൂട്ടിലാക്കാൻ പറ്റില്ലെന്നുള്ളതാണ് 'സേഫ് ഹാർബർ' ചട്ടം. ഐടി നിയമം 2020 ലെ 79-ാം വകുപ്പനുസരിച്ചാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
സേഫ് ഹാർബർ പരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്റർ ഇന്ത്യയിൽ വിലക്കപ്പെടാൻ സാധ്യതയില്ലെങ്കിലും ഒട്ടേറെ നിയമ വ്യവഹാരങ്ങളിൽപെടാനാണു സാധ്യത. ഇതിനിടെ, രാജ്യത്തു പ്രവർത്തിക്കുന്ന വിദേശ മാധ്യമ സ്ഥാപനങ്ങളിൽ 74% നിക്ഷേപം ഇന്ത്യയിൽ നിന്നാകണമെന്ന വ്യവസ്ഥ ട്വിറ്ററിനു ബാധകമാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ന്യൂസ് ഡെസ്ക്