ന്യൂഡൽഹി: ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നതിൽ ട്വിറ്ററിനും പങ്കുണ്ടെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി ട്വിറ്റർ. തങ്ങൾ ഒരിക്കലും അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക് തങ്ങൾ തടസം സൃഷ്ടിക്കാറില്ലെന്ന് ട്വിറ്റർ രാഹുൽ ഗാന്ധിക്കുള്ള മറുപടി പോസ്റ്റിൽ വ്യക്തമാക്കി. എന്നാൽ കമ്പനിയുടെ നയങ്ങൾ ലംഘിച്ചാൽ തുടർ നടപടി സ്വീകരിക്കുമെന്നും ട്വിറ്റർ വക്താവ് പറഞ്ഞു.

ട്വിറ്ററിൽ തന്റെ ഫോളോവേഴ്സിന്റെ എണ്ണം കുറയുന്നതിൽ കൃത്രിമത്വം നടക്കുന്നുണ്ടെന്ന രാഹുലിന്റെ ആരോപണത്തിന് മറുപടിയായി ഫോളോവേഴ്സിന്റെ എണ്ണത്തിൽ ട്വിറ്റർ ഒരു ക്രമക്കേടും കാണിക്കുന്നില്ല എന്നും അതേസമയം നയങ്ങൾ ലംഘിക്കുന്ന നിരവധി അക്കൗണ്ടുകൾ തങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി.

പ്ലാറ്റ്ഫോമിൽ ക്രമക്കേട് നടത്തുന്നതിൽ ശക്തമായ നടപടിയെടുക്കും. വിദ്വേഷം ജനിപ്പിക്കുന്നതും മറ്റ് സ്പാം കണ്ടന്റുകളും ട്വിറ്റർ തടയുന്നുണ്ട്. നല്ല സർവീസും വിശ്വസനീയമായ അക്കൗണ്ടുകളും ഉറപ്പ് വരുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി ഫോളോവേഴ്സിന്റെ എണ്ണത്തിൽ മാറ്റം വരാമെന്നും കമ്പനി പ്രതിനിധി പറഞ്ഞു.

ഡിസംബർ 27ന് ട്വിറ്റർ സിഇഒ പരാഗ് അഗർവാളിന് എഴുതിയ കത്തിലായിരുന്നു പ്ലാറ്റ്ഫോം സംബന്ധിച്ച തന്റെ പരാതികൾ രാഹുൽ ഗാന്ധി ഉന്നയിച്ചത്. തന്റെ ട്വിറ്റർ അക്കൗണ്ടിനും ട്വീറ്റുകൾക്കും മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ടെന്നും ഫോളോവേഴ്സിന്റെ എണ്ണത്തിൽ കുറവുണ്ടാകുന്നുണ്ടെന്നും രാഹുൽ കത്തിൽ പറഞ്ഞിരുന്നു. ഇന്ത്യ എന്ന സങ്കൽപത്തെ നശിപ്പിക്കുന്നതിന് ഒരു കരുവായി ട്വിറ്റർ മാറരുതെന്നും ഇന്ത്യയിലെ 100 കോടിയിലധികം വരുന്ന ജനങ്ങൾക്ക് വേണ്ടിയാണ് താൻ ഈ കത്തെഴുതുന്നതെന്നുമാണ് രാഹുൽ പറഞ്ഞത്.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ട്വിറ്റർ തന്റെ അക്കൗണ്ട് നിയന്ത്രിക്കുന്നതെന്നും രാഹുൽ കത്തിൽ പറഞ്ഞിരുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിന്റെ വിശദാംശങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് ശശി തരൂർ എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളുമായും ഫോളോവേഴ്സുമായും താരതമ്യപ്പെടുത്തുന്ന ഡാറ്റ സഹിതമാണ് കത്ത് തയാറാക്കിയിരിക്കുന്നത്.

2021ലെ ആദ്യത്തെ ഏഴ് മാസങ്ങളിൽ ട്വിറ്ററിൽ തനിക്ക് നാല് ലക്ഷം അധികം ഫോളോവേഴ്‌സ് ഉണ്ടായപ്പോൾ പിന്നീടുള്ള മാസങ്ങളിൽ അത് കുത്തനെ ഇടിഞ്ഞെന്നും രാഹുൽ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. 2021 ആഗസ്റ്റിൽ തന്റെ അക്കൗണ്ട് എട്ട് ദിവസത്തേക്ക് ട്വിറ്റർ സസ്‌പെൻഡ് ചെയ്തതിന് ശേഷമാണ് ഈ ഇടിവ് ഉണ്ടായിരിക്കുന്നതെന്നും അതേസമയം മറ്റ് നേതാക്കൾക്ക് ഈ സമയങ്ങളിൽ തങ്ങളുടെ ഫോളേവേഴ്‌സിന്റെ വർധനവിൽ കുറവൊന്നും ഉണ്ടായിട്ടില്ലെന്നും കോൺഗ്രസ് നേതാവ് കത്തിൽ കൂട്ടിച്ചേർത്തിരുന്നു.

'ട്വിറ്ററിൽ എന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഇടിവുണ്ടായ ഇതേ മാസം തന്നെയാണ് ഞാൻ ഡൽഹിയിലെ പീഡനത്തിനിരയായ ഒരു പെൺകുട്ടിയുടെ മാതാപിതാക്കളുടെ അതിജീവനത്തെക്കുറിച്ച പറഞ്ഞത്. ഇതേസമയം തന്നെയാണ് ഞാൻ കർഷകർക്കൊപ്പം നിൽക്കുകയും വിവിധ മനുഷ്യാവകാശ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പോരാടുകയും ചെയ്തത്. ഇത് അത്ര യാദൃശ്ചികമല്ലെന്നുമായിരുന്നു രാഹുലിന്റെ ആരോപണം.