- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട്ടെ പ്രവാസി യുവാവിന്റെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് ക്വട്ടേഷൻ നൽകിയ സംഘത്തിലെ അംഗവും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വ്യക്തിയും; പത്ത് പേർക്ക് കൃത്യത്തിൽ പങ്കുള്ളതായി പൊലീസ്
കാസർകോട്: ദുബായിലേക്കുള്ള ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പുത്തിഗെ മുഗു റോഡിലെ അബൂബക്കർ സിദ്ദീഖിനെ (31) ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ 2 പേർ അറസ്റ്റിൽ.മഞ്ചേശ്വരം ജെ എം റോഡിലെ കണ്ണപ്പ ബാക്ക് ഹൗസിലെ മൊയ്തീൻകുഞ്ഞിയുടെ മകൻ അബ്ദുൽ അസീസ് (36), മഞ്ചേശ്വരം ഉദയവാർ ജെ എം റോഡിലെ റഹീം മൻസിലിലെ അബൂബക്കറിന്റെ മകൻ അബ്ദുൽ റഹീം (41) എന്നിവരാണ് അറസ്റ്റിലായത് .
ഇതിൽ അബ്ദുൽ അസീസ് ക്വട്ടേഷൻ കൊടുത്ത സംഘത്തിലെ അംഗവും അബ്ദുറഹിം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വ്യക്തിയുമാണ്.മുഖ്യപ്രതി എന്ന് കരുതുന്ന പൈവളിക സ്വദേശി റൈസ് ബാംഗ്ലൂർ വഴി ദുബായിലേക്ക് കടന്നിട്ടുണ്ട്.പൊലീസ് പ്രതികളെ തിരിച്ചറിയുന്നതിന് മുമ്പാണ് ഇയാൾ രക്ഷപ്പെട്ടത്.
ക്വട്ടേഷൻ ഏൽപിച്ച 2 പേരും ക്വട്ടേഷൻ സംഘത്തിലെ 8 പേരുമടക്കം മൊത്തം 10 പേർ കുറ്റകൃത്യത്തിൽ പങ്കാളികളായെന്ന് കാസർകോട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ പറഞ്ഞു.3 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതികളിൽ ചിലർ കർണാടക വഴി ഗോവ, മഹാരാഷ്ട്ര ഭാഗങ്ങളിലേക്കു കടന്നതായും സൂചനയുണ്ട്.
ദുബായിലേക്കു കടത്തുന്നതിനായി ഉപ്പളയിലെ സംഘം സിദ്ദീഖിനെ ഏൽപിച്ച 40 ലക്ഷം രൂപ വില വരുന്ന ഡോളർ കാണാതായതാണു കൊലപാതകത്തിനു കാരണം.രഹസ്യമായി ഡോളർ തുന്നിപ്പിടിപ്പിച്ച ബാഗ് ദുബായിലെ ഏജന്റിനെ ഏൽപിച്ചുവെന്നാണു സിദ്ദീഖ് പറഞ്ഞത്.എന്നാൽ, പണം അവിടെ ലഭിച്ചില്ലെന്ന് ഏൽപിച്ചവരും പറഞ്ഞു. തുടർന്ന് സിദ്ദീഖിനെ ചർച്ചയ്ക്കെന്നു പറഞ്ഞ് ദുബായിൽ നിന്നു നാട്ടിലേക്കു വിളിച്ചുവരുത്തിയ ശേഷം മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മുഗു റോഡിലെ പരേതനായ അബ്ദുൽ റഹിമാൻ-ഖദീജ ദമ്പതികളുടെ മകനായ സിദ്ദീഖിനെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ഒരു സംഘം വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയത്. ഇതിനു 2 ദിവസം മുൻപ് സിദ്ദീഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും സംഘം തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ചിരുന്നു. ആൾ താമസമില്ലാത്ത വീട്ടിൽ താമസിപ്പിച്ച് 3 പേരെയും ക്വട്ടേഷൻ സംഘം മർദിച്ചു.
മർദനത്തിനിടെയാണ് സിദ്ദീഖ് മരിച്ചത്. പിന്നീട് കാറിൽ മൃതദേഹം കയറ്റി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ പരിശോധിക്കുമ്പോൾ കൂടെ വന്ന രണ്ടംഗ സംഘം കാറിൽ കടന്നുകളഞ്ഞു.സിദ്ദീഖിന്റെ സഹോദരൻ അൻവർ (45), സുഹൃത്ത് അൻസാരി (40) എന്നിവർ പരുക്കുകളോടെ ചികിത്സയിലാണ്. ഇവരെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയിൽ ഷാഫി, നുജി തുടങ്ങി 17 പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്. ക്വട്ടേഷൻ നൽകിയതായി കരുതുന്ന വ്യക്തിയുടെ കാർ കണ്വതീർത്ഥയിലെ വീട്ടിൽ നിന്നും, സിദ്ദീഖിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ച കാർ കർണാടകയിൽ നിന്നും കസ്റ്റഡിയിലെടുത്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്