- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രയിലെ നക്‌സൽ ബാധിത മേഖലയിൽ കഞ്ചാവു കൃഷി; അവിടെ നിന്നും പതിവായി കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; അന്തർ സംസ്ഥാന കഞ്ചാവു കടത്തു കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ; ആന്ധ്രയിലെ മലയാളികളുടെ കഞ്ചാവു ലോബിയെ കുറിച്ചു കൂടുതൽ വിവരങ്ങൾ
ആലുവ: ആന്ധ്രാപ്രദേശിലെ നക്‌സൽ ബാധിത പ്രദേശത്തു നിന്നും കേരളത്തിലേയ്ക്ക് വൻതോതിൽ കഞ്ചാവ് കടത്തിയിരുന്ന സംഘത്തിലെ രണ്ട്‌പേരെ കൂടി പിടികൂടി. തൊടുപുഴ പെരുമ്പിള്ളിച്ചിറ പാലക്കുഴയിൽ വീട്ടിൽ അൻസാർ മുഹമ്മദ് (23), ഇടുക്കി പണിക്കൻ കൂടി കൊമ്പൊടിഞ്ഞാൽ ഭാഗത്ത് തടത്തിൽ വീട്ടിൽ രാജേഷ് (44) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയായ പാലക്കാട് ചോക്കാട് സ്വദേശി ഷറഫുദ്ദിനെ അന്വേഷണ സംഘം കഴിഞ്ഞ മാസം വിശാഖപട്ടണത്തിലെ ഗ്രാമത്തിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വിശാഖപട്ടണം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലെ രണ്ട് പ്രധാന കണ്ണികൾ കൂടി അറസ്റ്റിലായത്. ഈ കേസ്സിലെ പ്രതി രാജേഷ് ദീർഘനാളായി വിശാഖപട്ടണത്ത് കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ്.
ആന്ധ്രപ്രദേശിൽ പൊലീസ് കേസ്സിൽ ഉൾപ്പെട്ടതിനാൽ തിരികെ കേരളത്തിൽ എത്തി പഴയ വിശാഖപട്ടണ ബന്ധം ഉപയോഗപ്പെടുത്തി കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിന്റെ പ്രധാന ഏജന്റായി പ്രവർത്തിച്ചു വരികയായിരുന്നു. മറ്റൊരു പ്രതിയായ അൻസാർ കൗമാര കാലം തൊട്ട് കഞ്ചാവിനടിമയായി കഞ്ചാവു ലോബിയുടെ കണ്ണിയിൽ അകപ്പെട്ട ആളാണ്.
ആന്ധ്രയിൽ നിന്നും കൊണ്ടു വരുന്ന കഞ്ചാവ് തൊടുപുഴ, മുവാറ്റുപുഴ മേഖലകളിൽ വിതരണം നടത്തുന്നതിൽ പ്രധാനിയായിരുന്നു ഇയാൾ. കഴിഞ്ഞ നവംബറിൽ റൂറൽ പൊലീസ് 150 കിലോ കഞ്ചാവ് പിടികൂടുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്യത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ കഞ്ചാവ് വിതരണ ശൃംഖലയെകുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിരുന്നു.
ഇതേ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ കേരളത്തിലേയ്ക്കുള്ള കഞ്ചാവ് വിതരണത്തിന്റെ പ്രധാന കേന്ദ്രം ആന്ധ്രാപ്രദേശിലെ നക്‌സൽ ബാധിത പ്രദേശങ്ങളാന്നെന്ന് മനസ്സിലായി. ഉത്തര ആന്ധ്രയിലുള്ള ഒഡീഷ, ജാർക്കണ്ട്, അതിർത്തി പ്രദേശത്തുള്ള പാഡേരു എന്ന ഗ്രാമം ആണ് കേരളത്തിലേയ്ക്കുള്ള പ്രധാന ഗഞ്ചാവ് വിപണന വിതരണ കേന്ദ്രം. ഇവിടെ നിന്നാണ് കേരളം ,തമീനാടു്, കർണാടക ,ഉത്തർപ്രദ്ദേശ് ,രാജസ്ഥാൻ മുതലായ സംസ്ഥാനങ്ങളിലേയ്ക്ക് കഞ്ചാവ് കയറ്റി അയക്കുന്നത്.
ആന്ധ്ര കേന്ദ്രീകരിച്ചു കഞ്ചാവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മലയാളികളെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കി കടുത്ത നടപടികളിലേക്കും കൂടുതൽ അറസ്റ്റിലേക്കും കടക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ആലുവ നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്‌പി കെ.അശ്വകുമാർ ആണ് ഈ കേസ്സ് അന്വേഷിക്കുന്നത്. സബ് ഇൻസ്‌പെക്ടർ റ്റി.എം. സൂഫി, ജില്ലാ ഡാൻസാഫ് അംഗങ്ങളായ പി.എം ഷാജി, കെ.വി.നിസാർ, റ്റി.ശ്യാംകുമാർ , വി എസ് രഞ്ജിത്ത്, ജാബിർ, മനോജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സാധാരണ ഗതിയിൽ കഞ്ചാവും പ്രതികളേയും പിടികൂടിയാൽ അവിടെ വച്ച് കേസന്വേഷണം അവസാനിപ്പിക്കുകയാണ് പതിവ്. എന്നാൽ എറണാകുളം റൂറൽ പൊലീസ് വേരറ്റം വരെ പോയി മുഴുവൻ പ്രതികളേയും പിടികൂടുകയാണ്. വേഷം മാറി ആന്ധ്രയിൽ പോയി ദിവസങ്ങളോളം താമസിച്ച് സാഹസികമായാണ് പ്രതികളെ പിടികൂടുന്നത്. പലപ്പോഴും പൊലീസുദ്യോഗസ്ഥർക്കുനേരെ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. പൊലീസ് എത്തുമെന്നറിഞ്ഞാൽ സംഘം ഉൾപ്രദേശങ്ങളിലേക്ക് വലിയുകയാണ് പതിവ്. ഇവിടെയിവർക്ക് പ്രാദേശിക വാസികളുടെ പിന്തുണയുമുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് കാർത്തിക്കിന്റെ നേതൃത്വത്തിൽ വേട്ട തുടരുന്നത്.
മറുനാടന് മലയാളി ലേഖകന്.