ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇൻറനാഷണലിന്റെ (ബി.കെ.ഐ) രണ്ട് പ്രവർത്തകർ ഡൽഹിയിൽ അറസ്റ്റിലായി. ഭുപേന്ദർ എന്ന ദിലാവർ, കുൽവന്ത് സിങ് എന്നിവരെയാണ് പിടികൂടിയത്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് ഭീകരരെ ഏറ്റുമുട്ടലിനൊടുവിൽ ജീവനോടെ പിടികൂടിയത്. വടക്ക് പടിഞ്ഞാറ് ഡൽഹിയിൽ നടന്ന വെടിവെപ്പിന് ശേഷമാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.പഞ്ചാബിൽ നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. ആറു തോക്കുകളും 40 ബുള്ളറ്റും ഭീകരരിൽ നിന്ന് പിടിച്ചെടുത്തു.

ലുധിയാനയിൽ താമസിച്ചിരുന്ന ഇവരെ നിരൺകാരി കോളനിക്ക് സമീപത്തുനിന്നാണ് പിടികൂടുന്നത്. പൊലീസിനെ കണ്ടതോടെ ഇവർ വെടിയുതിർക്കുകയായിരുന്നു. എന്നാൽ, ഏറ്റുമുട്ടലിനൊടുവിൽ പൊലീസ് ഇവരെ കീഴടക്കുകയായിരുന്നു.നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഡൽഹിയിലെയും പഞ്ചാബിലെയും പ്രമുഖ രാഷ്ട്രീയക്കാരെ വധിക്കുക ലക്ഷ്യമിട്ടാണ് ഇവരെത്തിയതെന്നാണ് സൂചന. നിരവധി കേസുകളിൽ പഞ്ചാബ് പൊലീസ് അന്വേഷിക്കുന്നവരാണ് പിടിയിലായത്.

ഖലിസ്താൻ എന്ന പേരിൽ സ്വതന്ത്ര്യ സിഖ് സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും സംഘടിതവുമായ ഭീകര സംഘടനയാണ് ബബ്ബർ ഖൽസ ഇൻറനാഷണൽ. സിഖ് നവോഥാന പ്രസ്ഥാനമായ നിരങ്കരി വിഭാഗവുമായി നടന്ന സംഘർഷങ്ങളെ തുടർന്ന് 1978ലാണ് ബബ്ബർ ഖൽസ സ്ഥാപിതമായത്.

1970കളിൽ പഞ്ചാബിൽ അരങ്ങേറിയ സായുധ കലാപത്തിൽ ബബ്ബർ ഖൽസ പങ്കാളികളായിരുന്നു. 1980കളിൽ സജീവമായിരുന്ന സംഘടന 1990കൾക്ക് ശേഷം ക്ഷയിച്ചു. പൊലീസ് നടത്തിയ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സംഘടനയുടെ പ്രധാന നേതാക്കളിൽ പലരും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ കൂടാതെ കാനഡ, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളും ബബ്ബർ ഖൽസയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.