അടൂർ: മണിക്കൂറുകളുടെ ഇടവേളയിൽ ഒരേ സ്ഥലത്ത് കത്തി നശിച്ചത് രണ്ടു കാറുകൾ. ഒന്ന് പുതുപുത്തനെങ്കിൽ രണ്ടാമത്തേത് പഴഞ്ചൻ. തീ പിടിച്ച രീതികൾ കൂടി സമാനമായതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചിരിക്കുകയാണ്. പഴയ ടൗൺഹാൾ നിന്ന സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന അടൂർ നഗരസഭാ എൻജീനിയറുടെ ഹ്യുണ്ടായി കാറും ഇതേ ഗ്രൗണ്ടിൽ ഉപേക്ഷിക്കപ്പെട്ടു കിടന്ന ആരോഗ്യ വകുപ്പിന്റെ മാരുതി എസ്റ്റീം കാറുമാണ് മൂന്നു മണിക്കൂർ ഇടവേളയിൽ കത്തി നശിച്ചത്.

വൈകിട്ട് അഞ്ചരയോടെ അടൂർ നഗരസഭയിലെ അസിസ്റ്റന്റ് എൻജിനീയർ റഫീക്കിന്റെ കാറാണ് ആദ്യം കത്തിയത്. ഫയർഫോഴ്സ് എത്തി തീയണച്ചു. കാർ പൂർണമായും കത്തിനശിച്ചു. രാത്രി എട്ടു മണിയോടെയാണ് രണ്ടാമത്തെ കാർ കത്തിയത്. സമീപത്തായി കാടും പടലും പിടിച്ച് കിടന്ന ആരോഗ്യ വകുപ്പിന്റെ പഴയ മാരുതി എസ്റ്റീം കാർ ആണ് കത്തി നശിച്ചത്. വാഹനം ഏറെ നാളായി ഉപയോഗ ശൂന്യമായി കിടക്കു കയായിരുന്നു.

പൊലീസ് ഇൻസ്പെക്ടർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അടൂർ അഗ്നിശമന സേന സ്ഥലത്ത് എത്തി തീ അണച്ചു. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ സിയാദ്, ദീപേഷ്, അനീഷ്, സാനിഷ്, സന്തോഷ്, സുരേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ആദ്യം കാർ കത്തിയത് യാദൃശ്ചിക സംഭവമായിട്ടാണ് പൊലീസ് കണ്ടത്. എന്നാൽ, ഇതേ സ്ഥലത്ത് തന്നെ പഴയതാണെങ്കിലും മറ്റൊരു കാർ കത്തിയതിലുടെയാണ് ആരോ മനഃപൂർവം ചെയ്തതാണെന്ന സംശയം വന്നിരിക്കുന്നത്. രണ്ടാമത്തെ കാറിന് ഉൾവശത്താണ് തീ പടർന്നത്. ആരോ കാറിനകത്ത് തീവച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ്.

നഗരസഭാ എൻജിനീയറോട് വിരോധമുള്ള ആരോ ആകാം ഈ പ്രവർത്തിക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആദ്യ തീ പിടുത്തം യാദൃശ്ചികമെന്ന് എല്ലാവരും കണ്ടതാണ് രണ്ടാമതും കാർ കത്തിക്കാൻ കാരണമായതെന്ന് കരുതുന്നു. എൻജിനീയറുടെ കാർ കത്തിച്ചതാണ് എന്ന സന്ദേശമാണ് ഇതിലൂടെ നൽകിയിരിക്കുന്നത്.