കണ്ണൂർ: കണ്ണൂരിൽ വാർത്തയെ ചൊല്ലി ചാനൽ റിപ്പോർട്ടർമാർ തമ്മിലുണ്ടായ പരസ്യ വാക്കേറ്റം വീഡിയോയിൽ പകർത്തി സിപിഎം സൈബർ സഖാക്കളുടെ പ്രചാരണം. ഏഷ്യാനെറ്റ് കണ്ണൂർ ബ്യൂറോ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫും മീഡിയാവൺ റിപ്പോർട്ടർ സുനിൽ ഐസക്കും തമ്മിലാണ് വാക്കേറ്റവും ചെറിയ തോതിലുള്ള ഉന്തും തള്ളുമുണ്ടായത്. സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് സംഘാടക സമിതി ഓഫീസ് പരിസരത്താണ് ഇന്ന് രാവിലെ സംഭവം നടന്നത്. കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ലോഗോ പ്രകാശനം നടത്തിയതിനു ശേഷമാണ് സംഭവം. ഇരുവരെയും മറ്റു മാധ്യമ പ്രവർത്തകർ ചേർന്നാണ് ശാന്തരാക്കിയത്.

എന്നാൽ ഇവർ തമ്മിലുണ്ടായ വാക്കേറ്റം സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകരിൽ ചിലർ വീഡിയോയിൽ ചിത്രീകരിക്കുകയും സിപിഎം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയുമായിരുന്നു. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാർത്താ സമ്മേളനത്തിനിടെ സിപിഎം പാർട്ടി കോൺഗ്രസ് ഓമിക്രോൺ പടരുന്ന പശ്ചാത്തലത്തിൽ മാറ്റി വയ്ക്കാൻ സാധ്യതയുണ്ടെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

ഈ സംഭവം മീഡിയാവൺ റിപ്പോർട്ടർ സുനിൽ ഐസക്ക് കോടിയേരിയോട് വാർത്താ സമ്മേളനത്തിനിടെ ചോദിച്ചിരുന്നു. എന്നാൽ ചില ദോഷൈകദൃക്കുകളാണ് ഈ വാർത്തയ്ക്കു പിന്നിലെന്നായിരുന്നു കോടിയേരിയുടെ മറുപടി. പാർട്ടി കോൺഗ്രസ് മാറ്റി വയ്ക്കാനാണോ സംഘാടക സമിതി ഓഫീസ് തുറക്കുന്നതെന്നും കോടിയേരി തിരിച്ചു ചോദിച്ചു. അതല്ല ഒരു ചാനലിൽ ബ്രേക്കിങ് പോകുന്നുണ്ടെന്ന് മീഡിയാവൺ റിപ്പോർട്ടർ ചൂണ്ടിക്കാട്ടി.

ഏതു ചാനലാണെന്ന് കോടിയേരി ചോദിച്ചപ്പോൾ ഏഷ്യാനൈറ്റ് ന്യൂസെന്നായിരുന്നു മീഡിയാവൺ റിപ്പോർട്ടറുടെ മറുപടി. ഏഷ്യാനെറ്റ് ന്യുസുകാർ ഞങ്ങളുടെ പൊളിറ്റ് ബ്യൂറോയിലുണ്ടോ എന്നായിരുന്നു ഇതിന് കോടിയേരിയുടെ പരിഹാസം. ഈ സംഭവമാണ് ഇന്ന് നടന്ന പാർട്ടി കോൺഗ്രസ് ലോഗോ പ്രകാശന ചടങ്ങ് കഴിഞ്ഞപ്പോൾ ഏഷ്യാനെറ്റ് റിപ്പോർട്ടർ ചോദ്യം ചെയ്തത്. ഇതേ തുടർന്നാണ് ഇരുകൂട്ടരും വാക്‌പോരും ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന മറ്റു ദൃശ്യ മാധ്യമ പ്രവർത്തകർ പ്രശ്‌നത്തിൽ ഇടപെട്ട് ഇരുവരെയും ശാന്തരാക്കി മടക്കുകയായിരുന്നു. ഈ സംഭവമാണ് സൈബർ സഖാക്കൾ വീഡിയോയിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയാ ഗ്രുപ്പുകളിൽ പ്രചരിപ്പിക്കുന്നത്.