ശബരിമല: ഫേസ്‌ബുക്കു പോസ്റ്റുകളുടെ പേരിൽ കർശന നടപടി സ്വീകരിക്കുകയും രാഷ്ട്രീയ പകപോക്കുകയും ചെയ്യുന്ന കാര്യത്തിൽ ഒരുപക്ഷേ കേരള സർക്കാറാകും മുൻപന്തിയിൽ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉന്നയിച്ചവരൊക്കെ അകത്തുപോകേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ അയ്യപ്പ ജ്യോതിയെ അനുകൂലിച്ചതിന്റെ പേരിൽ രണ്ട് പൊലീസുകാർക്ക് പണി പോയിരിക്കുന്നു.

അയ്യപ്പജ്യോതിയെ അനുകൂലിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനു രണ്ട് സിവിൽ പൊലീസ് ഓഫിസർമാരെ ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്തു. പമ്പ സ്റ്റേഷനിലെ റെജിൻ, കോന്നി സ്റ്റേഷനിലെ രാഹുൽ ജി. നാഥ് എന്നിവർക്കാണ് സസ്‌പെൻഷൻ. അയ്യപ്പജ്യോതി തെളിച്ച ചിത്രമാണ് റെജിൻ പോസ്റ്റ് ചെയ്തത്. ഇതിന്റെ പേരിൽ നടപടി കൈക്കൊണ്ടത് കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

ശബരിമല നട അടച്ച ശേഷം തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിക്കാതെ പൊലീസ് നീക്കുന്ന കാർട്ടൂൺ പോസ്റ്റ് ചെയ്തതാണ് രാഹുലിന്റെ പേരിലുള്ള കുറ്റം. സർക്കാരിന്റെ നയങ്ങളെ കളിയാക്കുകയും വിമർശിക്കുകയും ചെയ്യുന്ന പോസ്റ്റുകളിട്ടത് അച്ചടക്കലംഘനമാണെന്നാണ് പൊലീസ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്.

അതേസമയം, രണ്ടുപേരോടും വിശദീകരണം ചോദിക്കാതെയാണ് നടപടി. രണ്ടു പേരും സാലറി ചാലഞ്ചിൽ പങ്കെടുത്തിരുന്നില്ല. അതിന്റെ പകവീട്ടലാണ് ഇപ്പോഴത്തെ സസ്‌പെൻഷനെന്നും അറിയുന്നു. അതേസമയം പൊലീസ് അസോസിയേഷനിലെ ഔദ്യോഗിക പക്ഷത്തുള്ളവർ പ്രധാനമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നെന്നു. ഇതിനെതിരെ പരാതിയും ഉണ്ടായി. എന്നാൽ, ഇതിനെതിരെ ചെറുവിരൽ അനക്കാൻ തയ്യാറാകാത്തവരാണ് ഇപ്പോൾ നിർദേശകരമായ പോസ്റ്റിന്റെ പേരിൽ നടപടി കൈകൊണ്ടിരിക്കുന്നത്.