മൂഹത്തിന്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിച്ചാൽ അത് മാദ്ധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു വാർത്തയാണ്. അതുകൊണ്ടാണ് ഡ്രൈവർ സ്വന്തം ഇഷ്ടപ്രകാരം സ്പീക്കർ ശക്തന്റെ കാലിലെ ചുരിപ്പിന്റെ വാറ് കെട്ടിയ സംഭവം ഒരു വലിയ വിവാദമായി മാറിയത്. ജൂനിയർ ഐപിഎസുകാരിയായ മെറിൻ ജോസഫ് പറയുകപോലും ചെയ്യാതിരുന്നിട്ടും അവർക്ക് പൊലീസുകാരൻ കുടപിടിച്ചപ്പോൾ വാർത്ത ആയതും അതുകൊണ്ട് തന്നെയാണ്. എന്നിട്ടും യാതൊരു നീതിയുമില്ലാതെ ഒരു ജഡ്ജി രണ്ട് പൊലീസുകാരോട് മൃഗങ്ങളെ പോലെ പെരുമാറിയിട്ടും അതിനെതിരെ ചെറുശബ്ദം പോലും ഉയർത്താൻ എന്തുകൊണ്ടാണ് മാദ്ധ്യമങ്ങളും ചാനലുകളും ഭയപ്പെടുന്നത്? ആ നെറികേടിനെ ന്യായീകരിച്ച് കൊണ്ട് വാർത്ത എഴുതാൻ മാദ്ധ്യമങ്ങൾക്ക് എങ്ങനെയാണ് സാധിച്ചത്?

തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ഭാര്യയെ വിളിക്കാൻ പോയ ജഡ്ജിയെ രണ്ട് പൊലീസുകാർ അപമാനിച്ചു എന്നാണ് ഇന്നലെ പത്രങ്ങളിൽ വന്ന വാർത്ത. അപമാനിച്ചു എന്ന് തലക്കെട്ട് കൊടുത്ത പത്രങ്ങൾ സംഭവത്തിന്റെ വിശദാംശങ്ങൾ കൊടുത്തപ്പോൾ എഴുതുന്നത് ജഡ്ജിയാണ് എന്നറിയാതെയാണ് പൊലീസുകാർ സംസാരിച്ചതെന്നും ചേട്ടാ എന്നു വിളിച്ചാണ് സംസാരിച്ചതെന്നുമാണ്. തന്റെ ഭാര്യ കൂടിയ മെഡിക്കൽ ഓഫീസറെ വിളിച്ചു കൊണ്ട് വരാൻ പൊലീസുകാരനോട് പറഞ്ഞപ്പോൾ ചേട്ടാ ഞങ്ങൾ തിരക്കിലാണ് ചേട്ടൻ തന്നെ പോയി വിളിക്കരുതോ എന്ന് പറഞ്ഞു എന്നതാണത്രേ അപമാനം. മേലുദ്യോഗസ്ഥർ ഏൽപ്പിച്ചിരിക്കുന്ന ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് ഇതല്ലാതെ ഒരു ഉത്തരവും പറയാൻ സാധിക്കുമോ? എടാ.. വാടാ കൂട്ടിയോ ധിക്കാരം കലർന്നോ സംസാരിച്ചു എന്ന പരാതി ഇപ്പറയുന്ന ജസ്റ്റിസ് പോലും ഉന്നയിച്ചിട്ടില്ല.

വഴിയെ നടന്നു പോകുന്ന എല്ലാവരും പറയുന്ന എല്ലാ ജോലിയും ചെയ്യാൻ പൊലീസിന് ചുമതല ഉണ്ടെങ്കിൽ ധിക്കാരമായി കണക്കാക്കാം. പൊലീസിന്റെ ഡ്യൂട്ടിയിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ ഉന്നത ഉദ്യോഗസ്ഥർ തന്നെ അത് വ്യക്തമാക്കണം. കേരളത്തിലെ പൊലീസുകാരിൽ നിന്നും പ്രതീക്ഷിക്കാത്തത്ര മാന്യമായ ഭാഷയിൽ ഇവർ പെരുമാറിയിട്ടും ഇവരെ കോടതിയിൽ വിളിച്ചു വരുത്തുകയും കോടതി പിരിയും വരെ എമ്പോസിഷൻ എഴുതിക്കുകയും എന്നിട്ടും കലി തീരാത്ത കമ്മീഷണറെ വിളിച്ചു വരുത്തുകയും ചെയ്ത ജസ്റ്റിസ് ജീവിച്ചിരിക്കുന്നത് ഫ്യൂഡലിസ്റ്റ് യുഗത്തിൽ ആണ് എന്ന് പറയേണ്ടി വരുന്നതിൽ ഖേദം ഉണ്ട്.

മെറിൻ ജോസഫിനെയും സ്പീക്കറെയും വിവാദത്തിൽ ചാടിച്ച ചാനലുകളും പത്രങ്ങളും പുലർത്തിയ മൗനവും ജഡ്ജിക്കനുകൂലമായി നൽകിയ വാർത്തയും ആണ് ജനാധിപത്യത്തിന് ഏറ്റവും അപകടകരമായി മാറുന്നത്. ജഡ്ജിമാർക്ക് എന്തും ചെയ്യാം ചോദിക്കാനും പറയാനും ആരുമുണ്ടാവില്ല എന്ന അവസ്ഥായാണ് ഇത് സൃഷ്ടിക്കുന്നത്. ഏകാധിപതികളെയും സ്വജനപക്ഷപാതികളെയും അഴിമതിക്കാരെയും ഒക്കെ സൃഷ്ടിക്കുന്നത് ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥായാണ്. ഈ പൊലീസുകാർ ചെയ്തത് തെറ്റല്ല എന്ന ഉത്തമ ബോധ്യം ഉണ്ടായിട്ടും ജഡ്ജിയുടെ ഫ്യൂഡൽ മനസ്ഥിതിയിലുള്ള ശിക്ഷയോട് ഒരു ഉളുപ്പുമില്ലാതെ അതേപടി റിപ്പോർട്ട് ചെയ്യുകയാണ് ഈ മാദ്ധ്യമങ്ങൾ ചെയ്തത്.[BLURB#1-H]

കോടതി അലക്ഷ്യം എന്ന ഉമ്മാക്കി കണ്ടിട്ടാണോ മാദ്ധ്യമങ്ങൾ ഇങ്ങനെ നടുവ് കുനിക്കുന്നത്? എങ്കിൽ അവർ നിയമ പുസ്തകങ്ങൾ ഒന്ന് കൂടി അരിച്ച് പെറുക്കി വായിക്കണം. കോടതിയുടെ വിധിയെ ചോദ്യം ചെയ്യാൻ മാത്രമേ നിയമം വിലക്കുന്നുള്ളു. ഒരു ജഡ്ജി തന്റെ മുമ്പിൽ എത്തിയ തെളിവുകളുടെയും സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ഒരു തീരുമാനത്തിൽ എത്തി കഴിഞ്ഞാൽ അതിനെതിരെ ആരോപണം ഉയർത്തുന്നതും ചോദ്യം ചെയ്യുന്നതും നിയമവ്യവസ്ഥയ്ക്ക് തടസം ഉണ്ടാക്കുന്നതുകൊണ്ടാണ് അത് കോടതി അലക്ഷ്യമായി കണക്കാക്കുന്നത്. എന്നാൽ ജഡ്ജിമാരുടെ പ്രവർത്തികൾക്ക് എല്ലാം ഈ സംരക്ഷണം ലഭിക്കുകയില്ല. അവർ ക്രിമിനൽ കുറ്റം ചെയ്യുകയോ മനുഷ്യാവകാശ ലംഘനം നടത്തുകയോ പൊതു സമൂഹത്തിന് തെറ്റെന്ന് തോന്നുന്ന കാര്യം ചെയ്യുകയോ ചെയ്താൽ ഭരണഘടനയുടെ 19 1 (എ) അനുഛേദം അനുസരിച്ച് അതിനെ ചോദ്യം ചെയ്യാൻ ഏതൊരു പൗരനും അവകാശം ഉണ്ട്. അത് തന്നെയാണ് നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സുരക്ഷയും.

കോടതി വിധി പോലും വ്യക്തമായ നിയമ ലംഘനവും പക്ഷാതാപപരവും ആണ് എന്ന് തെളിയിക്കാൻ രേഖകൾ ഉണ്ടെങ്കിൽ ജനാധിപത്യത്തിന്റെ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് വിമർശനം ഉന്നയിക്കാൻ അവകാശം ഉണ്ട്. കോടതി തീർപ്പുകളെ ആർക്കും കയറി ചോദ്യം ചെയ്തു നിയമവാഴ്‌ച്ച ഉറപ്പു വരുത്താൻ തടസ്സം ഉണ്ടാകാതിരിക്കാൻ വേണ്ടി മാത്രമാണ് കോടതി ലക്ഷ്യം എന്ന് വകുപ്പ് ഭരണഘടന ശിൽപ്പികൾ കൊണ്ടു വന്നത്. രാഷ്ട്രീയ മേലാളന്മാരുടെ നിയന്ത്രണത്തിന് പുറത്ത് സ്വതന്ത്രമായി പ്രവർത്തിക്കാൻ ജുഡീഷറിയെ അനുവദിക്കാൻ ആണ് ജനാധിപത്യം നീതിപീഠങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയത്. രാഷ്ട്രീയക്കാരുടെ മൂടു താങ്ങി ജഡ്ജിമാരായി അവരുടെ സ്ഥാനാരോഹണത്തിന് കാരണക്കാരായവരെ സ്മരിക്കുന്ന ജഡ്ജിമാർ നമുക്ക് ഏറെയുണ്ട്. അതൊന്നും ചോദ്യം ചെയ്യാൻ വയ്യാത്ത വിധം നിയമങ്ങൾ കർക്കശമാണ്. എന്നാൽ ഇത്തരം നഗ്നമായ മുനഷ്യാവകാശ ലംഘനങ്ങൾ പോലും ചൂണ്ടിക്കാട്ടാൻ പറ്റുന്നില്ലെങ്കിൽ ഫോർത്ത് എസ്റ്റേറ്റ് എന്ന ജനാധിപത്യത്തിലെ സവിശേഷമായ ധർമ്മം പാലിക്കാൻ മാദ്ധ്യമങ്ങൾ പരാജയപ്പെടുകയാണ് എന്ന് പറയാതെ വയ്യ.[BLURB#2-VL] 

ജനാധിപത്യത്തിന്റെ അടിത്തൂണുകൾ പലരും കരുതുന്നതുപോലെ മൂന്നല്ല, പ്രത്യുത നാലാണ്. ലജിസ്ലേറ്ററിനും  എക്‌സിക്യൂട്ടിവ്‌സിനും ജുഡീഷ്യറിക്കും ഒപ്പം മാദ്ധ്യമങ്ങളും അതിൽ വലിയൊരു റോൾ വഹിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ തിരുത്തൽ ശക്തിയാവേണ്ടത് പ്രസ്സ് ആണ്. ആ ധർമ്മം അവർ പാലിക്കുമ്പോൾ മാത്രമെ  മുകളിൽ പറഞ്ഞ മൂന്ന് വിഭാഗങ്ങളും  അവരുടെ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കൂ. ജ്യുഡീഷറിയെ മാത്രം കോടതി അലക്ഷ്യത്തിന്റെ പേരിൽ മാദ്ധ്യമങ്ങൾ വിട്ട് കളഞ്ഞാൽ ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്ത ഉത്തരവാദിത്തം തന്നെയാണ് ഇല്ലാതാകുന്നത്. ആ ധർമ്മം നിറവേറ്റാൻ മാദ്ധ്യമങ്ങൾ മുമ്പോട്ട് വരണം.

പൊലീസുകാരോട് കാട്ടിയ അപമര്യാദ പോലെ ഇടയ്ക്കിടെ അനേകം ആരോപണങ്ങൾ ജഡ്ജിമാരെക്കുറിച്ച് ഉയർന്ന വരുന്നുണ്ട്. ചില വിധി തീർപ്പുകൾ പോലും സംശയാസ്പദമായി മാറുന്നുണ്ട്. റിട്ടയേഡ് ജഡ്ജി കൂടിയായ സോളാർ കമ്മിഷൻ ജഡ്ജ് ഇന്നലെ നടത്തിയ പരാമർശം അത്തരം തെറ്റുകളിൽ ഒന്നാണ്. അഴിമതി കേസിൽ വിചാരണ ചെയ്യാൻ ജഡ്ജിമാർക്ക് പ്രതിയുടെ കുട്ടി അവിഹിത ബന്ധത്തിൽ പിറന്ന കുട്ടിയാണോ എന്ന് തിരക്കേണ്ട യാതൊരു കാര്യവും ഇല്ല. ഭാര്യയെ കൊന്ന കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന ഒരാളെ തെളിവെടുപ്പ് എന്ന പേരിൽ ചാനൽ ക്യാമറയുടെ അകമ്പടിയോടെ കോയമ്പത്തൂരേക്ക് അയച്ച അതേ കമ്മിഷൻ തന്നെയാണ് ഒരു സ്ത്രീയോട് പരസ്യ വിചാരണയ്ക്കിടെ ഇങ്ങനെ ചോദിക്കുന്നത്.

സരിത തന്റെ കുഞ്ഞിന്റെ അച്ഛൻ ആ ജഡ്ജി തന്നെയാണ് എന്ന് പറഞ്ഞാൽ അത് റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം മാദ്ധ്യമങ്ങളെ അനുവദിക്കുമായിരുന്നോ? അതല്ല ഇന്ത്യൻ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ പേര് പറഞ്ഞാൽ അതൊരു ബ്രേക്കിങ്ങ് ന്യൂസ് ആയി ലോകം ആഘോഷിക്കുമായിരുന്നില്ലേ? അത് ശരിയോ എന്ന് പോലും അന്വേഷിക്കാതെ സരിത പറയുന്ന വ്യക്തിയുടെ അന്തസ് ലോകത്തിന് മുമ്പിൽ ഇടിച്ച് താഴ്‌ത്താൻ അത് കാരണം ആകുമായിരുന്നില്ലേ? ഇത്തരം അനേകം കാര്യങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട് കോടതിയുമായി ബന്ധപ്പെട്ട്.

[BLURB#3-VR] കോടതിയിലെ ജീവനക്കാർ ജഡ്ജിമാരുടെ ഈ മാടമ്പിത്തരത്തിന് ഏറ്റവും അധികം ഇരയാകുന്ന വ്യക്തികളാണ്. ജോലിയിൽ നിന്നും ഒരു അവധി എടുക്കാൻ പോലും ജഡ്ജിമാരുടെ നിശിതമായ ചീത്തവിളി കേൾക്കേണ്ടി വരുന്ന വിഭാഗമാണിവർ. വാതിൽ തുറക്കുമ്പോൾ ശബ്ദം കേട്ടാൽ പിടിച്ച് ജയിലിൽ ഇടാൻ അധികാരം നൽകിയിരിക്കുകയാണ്. ജഡ്ജിമാരുടെ വീടുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന പൊലീസുകാരെ പോലെയുള്ളവരെ അടിമകളെ പോലെയാണ്‌ പലപ്പോഴും അവർ കണക്കാക്കുന്നത്. അവരുടെ ഉത്തരവുകളിൽ അണുവിട താമസം ഉണ്ടായാൽ ജയിലിൽ അടക്കാൻ പോലും അധികാരം ഉണ്ട് എന്നതാണ് വളരെ നിരാശാജനകവും ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്തതുമായ സത്യം.

ജസ്റ്റിസിന്റെ മാടമ്പി മനോഭാവത്തിന് ഇരയായ പൊലീസുകാരുടെ മേൽ അച്ചടക്ക നടപടി ഉണ്ടാവുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെ വന്നാൽ അത് ജനാധിപത്യത്തിന് ഏറ്റവും വലിയ കളങ്കമായി മാറും. ഒരു സാധാരണ പൗരൻ നീതി തേടി സമീപിക്കേണ്ട നീതിപീഠം തന്നെ ഇങ്ങനെ ചെയ്താൽ അവർക്ക് നിശബ്ദം ആ ശിക്ഷ ഏറ്റു വാങ്ങാനേ പറ്റൂ. ഏറ്റവും വലിയ മനുഷ്യാവകാശവും ഈ നീതി പീഠങ്ങളോട് സാധാരണക്കാർക്ക് വിശ്വാസം നഷ്ടപ്പെടുന്നതുമായ അത്തരം ഒരു നടപടിക്ക് പൊലീസ് ശ്രമിക്കുകയില്ല എന്നാണ് ഞങ്ങൾ കരുതുന്നത്. ചീഫ് ജസ്റ്റിസ് തന്നെ ഈ വിഷയത്തിൽ ഇടപെടുകയും ആ പൊലീസുകാർക്ക് നീതി നേടി കൊടുക്കുകയും ചെയ്യണം. ജഡ്ജിയുടെ പരാമർശങ്ങളും ശിക്ഷയും ഒഴിവാക്കി നൽകുകയും തുടർ നടപടികൾ ഉണ്ടാവാതിരിക്കാൻ ഇടപെടുകയും ചെയ്യേണ്ട ഉത്തരവാദിത്വം ചീഫ് ജസ്റ്റിസിന്റെയാണ്. അതു ചെയ്തില്ലെങ്കിൽ നീതിപീഠത്തിന്റെ വിശ്വാസ്യത ആയിരിക്കും നഷ്ടമാവുക എന്ന് മറക്കരുത്.