സിഡ്‌നി: രാജ്യത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധ രൂക്ഷമായ കരിബീയയിൽ നിന്ന് തിരിച്ചെത്തിയ രണ്ടു പേർക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് സിക്ക വൈറസ് ബാധ ഗുരുതര പ്രശ്‌നം സൃഷ്ടിച്ചേക്കില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

സിക്ക വൈറസ് പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം ന്യൂ സൗത്ത് വേൽസിൽ ഇല്ലാത്തതിനാൽ രോഗം പരക്കാനുള്ള സാധ്യത തീരെ കുറവാണെന്നാണ് ഡയറക്ടർ ഓഫ് കമ്യൂണിക്കബിൾ ഡിസീസ് ഡയറക്ടർ ഡോ.വിക്കി ഷെപ്പേർഡ് വ്യക്തമാക്കുന്നത്. 2014-ൽ കുക്ക് ഐലൻഡിൽ യാത്ര ചെയ്ത് തിരിച്ചെത്തിയ നാലു പേർക്ക് ന്യൂ സൗത്ത് വേൽസിൽ സിക്ക വൈറസ് ബാധ കണ്ടെത്തിയിരുന്നു. സോളമൻ ഐലൻസിലേക്ക് യാത്ര ചെയ്ത മറ്റൊരാൾക്കും 2015-ൽ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

രോഗബാധ രൂക്ഷമായിട്ടുള്ള രാജ്യങ്ങളിൽ സന്ദർശനം നടത്തി വരുന്നവർക്ക് സിക്ക വൈറസ് ബാധ ഉണ്ടാകുമെങ്കിലും അത് രാജ്യത്ത് ഒരു പകർച്ചവ്യാധിയായി പിടിപെടാനുള്ള സാധ്യത തുലോം കുറവാണെന്നാണ് ആരോഗ്യവകുപ്പ് വെളിപ്പെടുത്തുന്നത്. ഗർഭിണികളായിട്ടുള്ളവരും ഉടൻ തന്നെ ഗർഭം ധരിക്കാൻ സാധ്യതയുള്ള സ്ത്രീകളും സിക്ക വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. സൗത്ത്, സെൻട്രൽ അമേരിക്ക, മെക്‌സിക്കോ, കരിബീയൻ രാജ്യങ്ങൾ, സമോവ, ടോംഗ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോൾ സിക്ക വൈറസ് ബാധ രൂക്ഷമായിരിക്കുന്നത്.

രോഗബാധിതരായ സ്ത്രീകൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളുടെ മസ്തിഷ്‌ക്ക വളർച്ച മുരടിക്കുന്നതാണ് സിക്ക വൈറസ് ബാധിച്ചാലുണ്ടാകുന്ന ഏറ്റവും വലിയ ആപത്ത്. മൈക്രോസെഫാലി എന്നു പേരുള്ള ഈ രോഗാവസ്ഥയുള്ള കുഞ്ഞുങ്ങൾക്ക് ബുദ്ധി വളർച്ച കുറവായിരിക്കും.

നിലവിൽ ലോകമെമ്പാടുമുള്ള നാലു മില്യൺ ജനങ്ങളെ സിക്ക വൈറസ് ബാധിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. സിക്ക വൈറസ് ബാധ മൂലം ബ്രസീലിൽ നാലായിരത്തോളം മൈക്രോ സെഫാലി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. അതേസമയം മൈക്രോസെഫാലിയും സിക്ക വൈറസും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും തെളിവുകൾ വച്ചുനോക്കുമ്പോൾ സിക്കവൈറസ് തന്നെയാണ് മൈക്രോസെഫാലിക്ക് ഉത്തരവാദിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.