പ്രതിഭാദാരിദ്ര്യം അതിന്റെ മൂർധന്യത്തിൽ എത്തുമ്പോൾ പ്രിയദർശനനും മോഹൻലാലും മമ്മൂട്ടിയും തൊട്ട് നമ്മുടെ മണിരത്‌നവും കമൽഹാസനും വരെ പരീക്ഷിച്ച് വിജയിപ്പിച്ച ഒരു ഫോർമുലയുണ്ട്. അതാണ് പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കൽ.

തങ്ങളുടെ വിജയിച്ച മുൻകാല ചിത്രങ്ങളിൽ പ്രേക്ഷകർ ആവർത്തിച്ച് കാണാൻ ഇഷ്ടപ്പെടുന്ന സീനുകൾ കൂട്ടിയോജിപ്പിച്ച് അവർ ഒരു പടം തട്ടിക്കൂട്ടും. ഒരു സംശയവും വേണ്ട സമയം നന്നെങ്കിൽ ചിത്രം ഹിറ്റുമാവും. അതേ തന്ത്രം തന്നെയാണ് അടിക്കടിയുണ്ടാവുന്ന ബോക്‌സോഫീസ് പരാജയങ്ങളിൽ നട്ടംതിരിഞ്ഞു നിൽക്കുന്ന നമ്മുടെ ദീലീപേട്ടൻ, പുതിയ ചിത്രമായ '2 കൺട്രീസിൽ 'ഉപയോഗിച്ചിരിക്കുന്നത്.

പഞ്ചാബി ഹൗസ്, കല്യാണരാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ പഴയ ഹിറ്റുചിത്രങ്ങളിലെ ചില സീനുകൾ വെട്ടിയെടുത്ത്, 'മൈബോസിന്റെ' കഥയിൽ ചാലിച്ച്, അടുത്തകാലത്ത് ഇറങ്ങിയ 'ലൈഫ് ഓഫ് ജോസൂട്ടിയിൽ' ലയിപ്പിച്ച് ക്ലൈമാക്‌സിനോട് അടുത്ത് അൽപ്പം 'സ്പാനിഷ് മസാല' ചേർത്താൽ '2 കൺട്രീസായി!' രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഒരു കോമഡി സിക്റ്റുപോലെയാണ് ഈ ചിത്രം തോനുന്നത്.

'ബാംഗ്‌ളൂർ ഡേയ്‌സ്', 'എന്ന് നിന്റെ മൊയ്തീൻ',' 22 ഫിമെയിൽ കോട്ടയം' എന്നീ സിനിമകളെ തമാശാ രംഗങ്ങളിലേക്ക് ഇടകലർത്തുന്നി പാരഡി സ്വഭാവം ചിത്രം നിലനിർത്തുന്നു. (മൊയ്തീൻ വാരിയ പ്രണയിനിയുടെ കാൽപാടുകൾ പതിഞ്ഞ മണ്ണും ബാംഗ്‌ളൂർ ഡേയ്‌സിൽ പഴയ കൂട്ടുകാരിയുടെ ഓർമകൾ അടച്ചുവച്ച മുറിയുമൊക്കെ മിമിക്രി സ്‌കിറ്റിലെന്നപോലെ ഈ പടത്തിൽ കയറിവരുന്നു).

പക്ഷേ കലാപരമായി വട്ടപൂജ്യമാണെങ്കിലും വാണിജ്യപരമായി വിജയമാണ് ഈ ചിത്രം. 'ഇവൻ മര്യാദരാമനും', 'ലൈഫ് ഓസ് ജോസൂട്ടി'യുമൊക്കെ പൊളിഞ്ഞ് പാളീസായി വെടി തീർന്ന് നിൽക്കുന്ന ദിലീപിന് ഓകസിജൻ നൽകുകയാണ് ഈ പടം. ചിലയിടത്തൊക്കെ ചളിക്കോമഡി കയറിവരുന്നുണ്ടെങ്കിലും ഭൂരിഭാഗവും ചടുലമായി എടുത്തതുകൊണ്ട് ഒരു അവധിക്കാല ഉൽസവ ചിത്രം പ്രതീക്ഷിച്ചത്തെുന്ന സാധാരണക്കാരായ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നുണ്ട് ഈ പടം. 2015ലെ തുടർച്ചയായ ബോക്‌സോഫീസ് തിരച്ചടികൾക്കിടയിൽ ദിലീപിന് ആശ്വാസ്വമാവുകയാണ് 2 കൺട്രീസിന് ഇരച്ചുകയറുന്ന ജനം.

ഈ ചിത്രത്തിന്റെ അസ്വാദനം നിങ്ങൾ എങ്ങനെ സിനിമയെ വിലയിരുത്തുന്നു എന്ന് അനുസരിച്ചുകൂടിയാണ്. വലിയ ലോജിക്കിലേക്കൊന്നും പോവാതെ വിനോദം മാത്രം പ്രതീക്ഷിച്ചു പോവുന്നവർക്ക് പൈസ വസൂലാകും. അല്ലെങ്കിൽ അതിലപ്പുറമൊന്നും ഒരു ദിലീപ് ചിത്രത്തിൽ നിന്ന് നാം പ്രതീക്ഷിക്കുന്നില്ലല്ലോ. അടുത്തകാലത്തെ ജനപ്രിയ നായകന്റെ ചിത്രങ്ങളൊക്കെ ഒരേ ടൈപ്പാണല്ലോല. ടൈറ്റിൽ കണ്ടില്ലെങ്കിൽ 'നാടോടി മന്നനേത്' 'ശൃംഗാരവേലനേത്', 'വില്ലാളിവീരനേത്' എന്നൊക്കെ പ്രേക്ഷകനോട് മാറിപ്പോവും.

ജ്യേഷ്ഠൻ റാഫിയുടെ തിരക്കഥയിൽ അനിയൻ ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് 2 കൺട്രീസ്. തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ് പോലുള്ള മെഗാഹിറ്റുകൾ ഒരുക്കിയ റാഫി-മെക്കാർട്ടിൻ ടീമിലെ റാഫിയിൽനിന്ന് നർമ്മം അകന്നിട്ടില്ലെന്ന് ഈ ചിത്രം തെളിയിക്കുന്നു. കല്യാണ രാമനും മേരിക്കുണ്ടൊരു കുഞ്ഞാടും ഒരുക്കിയ ഷാഫി പക്ഷേ ആ നിലവാരത്തിലേക്ക് ഉയർന്നിട്ടുമില്ല. പക്ഷേ ഷാഫിയുടെ തന്നെ പഴയ പടപ്പുകളായ 'മേക്കപ്പ്മാൻ', 'വെനീസിലെ വ്യാപാരി', '101 വെഡ്ഡിങ്ങ്' എന്നു ചിത്രങ്ങൾ എടുത്തുനോക്കുമ്പോൾ ഇത് ശരിക്കും സ്വർഗമാണ്.

ശരിക്കും രണ്ട് കൺട്രികളുടെ കഥ!

ന്ത്യയിലും കാനഡയിലുമായി നടക്കുന്ന കഥയാണിത്. ആ അർഥത്തിലും, രണ്ട് തല്ലിപ്പൊളികൾ എന്ന അർഥത്തിലും '2 കൺട്രീസ്' എന്നപേര് പടത്തിന് അന്വർഥമാണ്. (പാവം നാട്ടിൻപുറത്തുകാരൻ നാഗരികന് എന്നും 'കൺട്രിയാണല്ലോ'). ജീവിക്കാൻവേണ്ടി ഏത് തരികിടയ്ക്കും തയ്യാറുള്ള തനി 'കൺട്രിയാണ്' ചിത്രത്തിലെ നായകൻ ഉല്ലാസ് (ദിലീപ്). കുറുക്കുവഴിയിൽ പണമുണ്ടാക്കാനാണ് ഇയാൾക്കിഷ്ടം. തമിഴ്‌നാട്ടിൽ നിന്ന് ന്യായവിലയ്ക്ക് അരിവാങ്ങി കേരളത്തിലെത്തിച്ച് വിലകൂട്ടി വിൽക്കുകയാണ് പ്രധാന പണി. കൂട്ടിന് അജു വർഗ്ഗീസിന്റെ അവിനാശുമുണ്ട്.

അങ്ങനെയിരിക്കെ വിവാഹം ചെയ്ത് കോടീശ്വരനാവാൻ ഉല്ലാസ് പദ്ധതിയിടുന്നു. അതിനായി അയാൾ ഒരു വികലാംഗയായ കോടീശ്വരിയെ കണ്ടുവെക്കുന്നു. ഈ ഭാഗത്തൊക്കെ തിരക്കഥ പഞ്ചാബി ഹൗസിലാണ് കിടന്ന് കറങ്ങുന്നത്. പഞ്ചാബി ഹൗസിലെ ബധിരയും മൂകയുമായ മോഹിനിയെയും ജോമോളിനെയും ഓർമിപ്പിക്കും. വീൽ ചെയറിലുള്ള ഇഷ തൽവാറും മംമ്ത മോഹൻദാസും(ലയ).

എന്നാൽ അപ്രതീക്ഷിതമായെത്തുന്ന ചില സംഭവങ്ങൾ കാനഡയിലുള്ള ലയയുടെ വരനാകാൻ ഉല്ലാസിനെ പ്രേരിപ്പിക്കുകയാണ്. (ഇവിടെ നമുക്ക് ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി ഓർമ്മവരും. രണ്ടു ചിത്രങ്ങളിലും ഏതാണ്ട് ദിലീപിന് ഏതാണ്ട് ഒരേ സ്വഭാവമാണ്. ലൈഫ് ഓഫ് ജോസൂട്ടിയിൽ നർമ്മമില്ലെന്ന് മാത്രം).

ഒന്നോർത്താൽ ഉല്ലാസിനേക്കാൾ തറയാണ് ഫുൾടൈം തണ്ണിയായ ലയ. ആദ്യരാത്രി രംഗങ്ങളൊക്കെ ശരിക്കും ചിരി ഉയർത്തുന്നുണ്ട്. വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസനെപ്പോലെ വിദൂരതയിൽ കണ്ണും നട്ട് പാലു ഗ്ലാസുമായി മന്ദംമന്ദം നടന്നുവരുന്ന ഭാര്യയെ പ്രതീക്ഷിച്ചിരിക്കുന്ന നായകൻ കാണുന്നത്, പാലിനുപകരം ഗ്ലാസിൽ ബ്ലാക്ക് ലേബൽ മദ്യമൊഴിച്ചുവരുന്ന ലയയെയാണ്. ഇത്തരത്തിലുള്ള നിരവധി രംഗങ്ങളിലൂടെ മൽസരിച്ച് അഭിനയിക്കയാണ് ദിലീപും മമ്താ മോഹൻദാസും.

മലയാളിയുടെ എക്കാലത്തെയും വലിയ അപകർഷതാബോധമായ ഇംഗ്ലീഷ് വച്ചാണ് അടുത്ത നർമ്മക്കൂട്ട്. തട്ടിമുട്ടി ആംഗലേയം പറഞ്ഞൊപ്പിക്കുന്ന നായകനും, ഒന്നാന്തരം ആക്‌സൻഡിൽ സംസാരിക്കാൻ കഴിയുന്ന നായികയും തമ്മിലുള്ള ഏറ്റുമുട്ടൽ മാസ് ഓഡിയൻസിന് പിടിക്കുന്ന രീതിയിലാണ് ഷാഫി ചിത്രീകരിച്ചിരിക്കുന്നത്. ഇവിടെ പലയിടത്തും മൈബോസിലെ രംഗങ്ങൾ പ്രേക്ഷന് ഓർമ്മവരും.

ഇനി ഇമ്മാതിരി സിനിമകളിലൊക്കെ അവസാനം എന്തുസംഭവിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നായകന് നമ്മുടെ നായികയേ നന്നാക്കി എടുത്തല്ലേ പറ്റൂ. പ്രത്യേകിച്ചും പുരുഷൻ കരണക്കുറ്റിക്ക് നോക്കി ഒന്നുകൊടുത്താൽ സ്ത്രീ പിന്നെ ഞെട്ടിത്തരിച്ച് അനുസരിച്ചോളും എന്ന ആൺ കോയ്മയുടെ പൈങ്കിളി ധാരണകൾ നിറഞ്ഞ പടമാണ് ഇത്.

ദിലീപ് അഥവാ മലയാള സിനിമയിലെ കാന്തപുരം!

രു വാണിജ്യ സിനിമ എന്ന നിലയിൽ വിജയമാണെങ്കിലും സാംസ്കാരികവും രാഷ്ട്രീയവുമായ വിലയിരുത്തലിൽ കുറ്റകരമായ ഒരു പടമാണിത്. ഈ സിനിമ മാത്രമല്ല, ദിലീപിന്റെ ഒട്ടുമിക്ക സിനിമകളും സ്ത്രീ വിരുദ്ധത, ലൈഗിക ന്യൂനപക്ഷങ്ങളോടുള്ള പരിഹാസം, കറുത്തവരെയും പാർശ്വവത്കൃതരായ ആളുകളെയും അപമാനിനുള്ള ത്വര എന്നിവ അതിശക്തമായി കടന്നുവരുന്നത് കാണം.ആ രീതിയിൽ നോക്കുമ്പോൾ മലയാള സിനിമയിലെ കാന്തപുരം മുസലിയാരാണ് ദിലീപ്. പുരുഷനു തുല്യമായി അഗീകരിക്കുന്നതുപോട്ടെ, അവന് ഭോഗിക്കാനും കൈക്കരുത്തുകൊണ്ട് നിയന്ത്രിക്കാനും കഴിയുന്ന യന്ത്രമാണ് സ്ത്രീയെന്ന ധാരണയാണ് ദിലീപ് ചിത്രങ്ങളുടെ പൊതു സ്വഭാവം. മഞ്ജുവാരിയറുമായുള്ള വിവാഹ ബന്ധം പിരഞ്ഞശേഷം ഈ അസുഖം വർധിച്ചിരിക്കയാണ്. റിങ്ങ്മാസ്റ്റർ എന്ന മുൻകാല ചിത്രത്തിലെ ഹണിറോസിന്റെ കഥാപാത്രം ഓർക്കുക. എത്ര മ്‌ളേഛമായാണ് വ്യക്തി ജീവിതത്തിലെ തന്റെ തിരച്ചടികൾക്ക് ദിലീപ് സിനിമയിലുടെ മറുപടി കൊടുക്കുന്നത് എന്ന് ഓർക്കുക.( പുരുഷന്റെ സഹായമില്‌ളെങ്കിലും സ്ത്രീക്ക് അസ്തിത്വമുണ്ടെന്ന് ബോധപുർവം പറയുന്ന പടങ്ങളാണ് മഞ്ജു വാരിയാർ രണ്ടാംവരവിൽ ഏറ്റെടുക്കുന്നത്!)ഈ ടിപ്പിക്കൽ സ്ത്രീവിരുദ്ധത 2 കൺട്രീസിലും നന്നായി കടന്നുവരുന്നുണ്ട്. ദിലീപ് ചിത്രങ്ങളിൽ പതിവായി കാണാറുള്ള ദ്വയാർഥപ്രായോഗങ്ങൾക്കും അശ്‌ളീല ചളികൾക്കും ഈ പടത്തിലും യാതൊരു മുട്ടുമില്ല. ദിലീപും സിൻഡ്ര ഷബാബും തമ്മിയുള്ള ഒരു സീനിലെ അശ്‌ളീല തമാശ ന്യൂജനറേഷനെയും തോൽപ്പിക്കുന്ന മട്ടാണ്.

കാനഡയിൽ ജനിച്ചു വളർന്ന വിദ്യാഭ്യാസമുള്ള, പെണ്ണിനെ അടിച്ചൊതുക്കാൻ തന്നെയാണ് ദിലീപിന്റെയും പുറപ്പാട്. വിമാനയാത്രയിലെ കരണത്തടി രംഗത്തുനിന്ന് ഇക്കാര്യം വ്യക്തമാവും. അതിർത്തി കടന്നാൽ ഞാൻ വേറെയൊരാളാവും എന്ന് ഉല്ലാസ് മുന്നറിയിപ്പു തരുന്നുണ്ട്. പുരുഷൻ എത്ര മദ്യപിച്ചാലും കുഴപ്പമില്ല സ്ത്രീ അങ്ങനെ ആവരുതെന്ന് ലാൽ ജോസിന്റെ 'നീന'യിലുള്ള സങ്കൽപ്പം തന്നെയാണ് ഈ പടവും പിന്തുടരുന്നത്. ലയ മദ്യപിക്കുന്നത് തെറ്റും ഉല്ലാസിന്റെ മദ്യപാനഘോഷങ്ങൾ ശരിയുമാണെന്നാണ് നീനയെപ്പോലെ 'കൺട്രികളും' പറയാതെ പറയുന്നത്.

കാനഡയിലാണ് റിലീസ് ചെയ്തിരുന്നതെങ്കിൽ സംവിധായകൻ അകത്താവുമായിരുന്ന കറുത്ത വർഗ്ഗക്കാരെ താഴത്തിക്കെട്ടുന്ന, വംശവെറി വേണമെങ്കിൽ ആരോപിക്കാവുന്ന ചില രംഗങ്ങളും ഈ പടത്തിലുണ്ട്. സുരാജ് വെഞ്ഞാറമ്മൂടിന്റെ ഭാര്യ ഒരു കറുത്ത വർഗക്കാരിയാണ്. ഒരു പാർട്ടിയിൽ സുന്ദരിമാരായ പെൺകുട്ടികളെ കാണുമ്പോൾ, 'ഇമ്മാതിരിയോരോന്നിനെ കാണുമ്പഴാ വീട്ടിലിരിക്കുന്നതിനെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്' എന്ന് സുരാജ് പറയുന്നു. ചിത്രത്തിന്റെ ടീസറിലൊക്കെ ഈ ഡയലോഗിന് വലിയ പ്രാധാന്യം കൊടുക്കുന്നത് കാണാം. ഉറക്കത്തിനിടെ അൽപം തടിച്ച ഭാര്യ കാലെടുത്ത് ശരീരത്തിൽവച്ചപ്പോൾ 'മംഗള എക്‌സ് പ്രസിന്റെ അടിയിൽ കിടക്കുന്നതു പോലുണ്ട്' എന്നാണ് അയാൾ പറയുന്നത്.

ലൈംഗിക ന്യൂനപക്ഷങ്ങളോടും ചിത്രത്തിന്റെ അണിയറക്കാർക്ക് ഇതേ സമീപനമാണ്. റിയാസ് ഖാൻ അവതരിപ്പിക്കുന്ന ഗേ കഥാപാത്രം നായകനായ ഉല്ലാസിനെ, സൗഹൃദത്തിന്റെ പുറത്ത് കെട്ടിപ്പിടിക്കുന്ന രംഗം നോക്കുക. അപ്പോൾ ഉല്ലാസ് കരുതുന്നത് അവന്റെ സ്പർശനങ്ങളിൽ ഒരു സ്വവർഗരതിക്കുള്ള പ്രലോഭനങ്ങൾ ഉണ്ടായിരുന്നുവെന്നാണ്. തീയേറ്ററിൽ അപ്പോൾ കൂട്ടച്ചിരിയാണ്. ലൈഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി ലോകമെമ്പാടും നിയമ നിർമ്മാണങ്ങൾ നടക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് ഓർക്കണം. സമൂഹത്തോട് യാതൊരു ബാധ്യതയുമില്ലാതെ സിനിമയെന്നാൽ പണത്തിനും പ്രശസ്തിക്കും മാത്രമുള്ളതാണെന്ന് കരുതുന്നവരോട് വേദമോതിയിട്ട് കാര്യമില്‌ളെന്ന് അറിയാം. എന്നാൽ ദീലീപ് ചിത്രങ്ങളിൽ ആവർത്തിക്കുന്ന സ്ത്രീവിരുദ്ധതയും വംശീയതയും കണ്ട് സഹിക്കാതെ പറഞ്ഞുപോവുന്നതാണ്. സീരിയലുകൾ സമൂഹത്തെ വഴിതെറ്റിക്കുന്നുവൊക്കെ വലിയ ചർച്ചകൾ നടക്കുന്ന ഇക്കാലത്ത് കറുത്തവരെക്കുറിച്ചും,സ്ത്രീകളെ കുറിച്ചും, ലൈംഗിക ന്യൂനപക്ഷങ്ങളെകുറച്ചും എന്ത് ധാരണയാണ് ഈ സിനിമ വഴി കുട്ടികൾക്ക് കിട്ടുകയെന്നത് നമ്മുടെ സെൻസർബോർഡും, സാംസ്കാരിക പ്രവർത്തകരുമൊക്കെ ചിന്തിക്കേണ്ടതാണ്.

ദിലീപ്-മമ്ത ജോഡിക്ക് കൈയടി

ങ്ങനെയൊക്കെയാണെങ്കിലും താരങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.ദിലീപുംമമ്തയും തമമിലുള്ള കൊണ്ടും കൊടുത്തുമുള്ള 'മോസ് ആൻഡ് കാറ്റ്' മോഡൽ അഭിനയം പ്രേക്ഷകർക്ക് പിടിക്കുന്ന രീതിയിയലാണ്. 'മൈ ബോസിനേക്കാൾ' നന്നായി അവരുടെ കെമസിസ്ട്രി ഈ സിനിമയിൽ കാണാം. ഇതിൽ മമ്ത പ്രകടിപ്പിക്കുന്ന മെയ്വഴക്കവും ശ്രദ്ധേയമാണ്.കാൻസറിനെ അതീജീവിച്ചുവന്ന ഈ നടിയെ ഇനിയും മികച്ച കഥാപാത്രങ്ങൾ കാത്തിരിക്കുന്നു.

നല്ല ടൈമിങ് ഉള്ള നടന്മാരായ മുകേഷിനെയും സുരാജിനെയും അജു വർഗീസിനെയും കൂട്ടിയാണ് ദിലീപ് ഇത്തവണ എത്തിയിരിക്കുന്നത്. ചിലപ്പോഴൊക്കെ കൈവിട്ട് പോവുന്നുണ്ടെങ്കിലും കാര്യമായ വെറുപ്പിക്കലുകളും കോമഡികൊണ്ടുള്ള ഭീകരാക്രമണവും ഇത്തവണ കുറവാണ്. അജു വർഗീസിന് നായകന്റെ നിഴൽപറ്റി നിൽക്കുന്ന സഹായിയാവാനാണ് എന്നും യോഗം. പക്ഷേ ഇത്തവണ അജുവിന്റെ ചളി കുറവാണ്.ജഗദീഷും, വിജയരാഘവും ഈ കോമഡി ടീമിന് ചെറുതല്ലാത്ത പിന്തുണ നൽകുന്നുണ്ട്.

ഗാനങ്ങൾക്കും കാമറക്കൊന്നും ഈ പടത്തിൽ വലിയ സ്വാധീനമില്ല. ദിലീപിന്റെ ഉൽസവകാല പാക്കേജായ ഒരു സ്‌കിറ്റ് കണ്ടുപോവുമ്പോൾ അതിൽ മറ്റ് ചേരുവകൾക്കൊന്നും പ്രസക്തിയില്ലല്ലോ?

വാൽക്കഷണം: ഏറിയഭാഗവും കാനഡയിൽവച്ച് ചിത്രീകരിച്ച സിനിമ എന്ന് കേൾക്കുമ്പോൾ ആ രാജ്യത്തിന്റെ സംസ്‌ക്കാരവും പൈതൃകവുമൊക്കെ ഇതിലുണ്ടാവും എന്നാണ് കരുതിയയത്. എന്നാൽ പേരിനു മാത്രമേ സിനിമയിൽ കാനഡയുള്ളൂ. കഥ നടക്കുന്നതു മുഴുവൻ കേരളത്തിലെ ഏതോ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിലാണ് എന്നു തോന്നും. ഇതും പുതിയൊരു ട്രെൻഡാക്കാം. കുറെ പഞ്ചനക്ഷത്ര ഹോട്ടൽമുറികളിൽ ചിത്രീകരിച്ചിട്ട്, അമേരിക്കയിൽ പൂർണമായി ചിത്രീകരിച്ച ചിത്രമെന്ന് അനൗൺസ് ചെയ്യുന്ന പുതിയ പടത്തിനായി നമുക്ക് കാത്തിരിക്കാം.