ലക്‌നോ: നോട്ടുകൾ അസാധുവാക്കിയ നടപടിയിലെ ആശയക്കുഴപ്പം രാജ്യത്തു രണ്ടു ജീവൻ കവർന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ കുശിനഗർ, മഹുവമാഫി ജില്ലകളിലാണ് ഓരോ മരണം.

ചില്ലറ ലഭിക്കാത്തതിനെ തുടർന്ന് സമയത്ത് ആശപത്രിയിലെത്തിക്കാനാവാതെയാണു മഹുവമാഫിയിൽ എട്ടു വയസുകാരി മരിച്ചത്. പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ പെട്രോൾ അടിക്കാൻ വാഹനം പമ്പിലെത്തിയെങ്കിലും ആയിരം രൂപയായതിനാൽ പമ്പ് ജീവനക്കാർ പെട്രോൾ നൽകിയില്ല. ഇതു മൂലം പെൺകുട്ടിയും കുടുംബവും പമ്പിൽ കുടുങ്ങുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ ബാങ്കിലെത്തിയ സ്ത്രീ ആയിരം രൂപയുടെ നോട്ടുകൾ സ്വീകരിക്കില്ലെന്ന് അറിഞ്ഞതിനെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. കുശിനഗർ ജില്ലയിലാണു സംഭവം. ആയിരം രൂപയുടെ നോട്ടുകൾ സ്വീകരിക്കില്ലെന്ന് അറിഞ്ഞതിന്റെ ആഘാതത്തിൽ മരിച്ചെന്നാണ് റിപ്പോർട്ടു പുറത്തുവന്നത്.

നാൽപതുകാരിയായ തീർത്ഥരാജിയാണ് മരിച്ചത്. ശുചീകരണ തൊഴിലാളിയായ ഇവർ ആയിരം രൂപയുടെ രണ്ടു നോട്ടുകളും പാസ്ബുക്കുമായി നിലത്തു കിടക്കുന്ന ചിത്രം സോഷ്യൽമീഡിയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് സ്ത്രീയുടെ വീട്ടിലെത്തി അന്വേഷിക്കുന്നതിന് റവന്യൂ വിഭാഗത്തെ ചുമതലപ്പെടുത്തിയതായും പണം സ്വീകരിക്കില്ലെന്നതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.