പയ്യന്നൂർ: പയ്യന്നൂരിലെ ആർ. എസ്. എസ് കാര്യാലയമായ രാഷ്ട്രഭവന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ഡി.വൈഎഫ്.ഐ പ്രവർത്തകരായ പയ്യന്നൂർ കാറമ്മേൽ സ്വദേശി കശ്യപ്(23) പെരളം സ്വദേശി ഗനിൽ(25) എന്നിവരെയാണ് അറസ്റ്റു ചെയ്യതത്. ഇരുവരെയും ഇന്ന് രാവിലെ പൊലിസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.

സംഭവ ദിവസം മൊബൈൽ ടവർ ലൊക്കെഷൻ പരിശോധിച്ചതിന് ശേഷം സംശയം തോന്നിയാണ് രണ്ടുപേരെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. നിരീക്ഷണക്യാമറാ ദൃശ്യങ്ങളും പൊലിസ് പരിശോധിച്ചിരുന്നു. എന്നാൽ കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇതുവരെ പൊലിസ് രേഖപ്പെടുത്തിയിരുന്നില്ല. പ്രതികളെ വിട്ടയക്കുന്നതിന് ഉന്നത തല ഇടപെടലുണ്ടായിട്ടുണ്ടെന്ന ആരോപണമുയർന്നിരുന്നു.

കഴിഞ്ഞ ദിവസം ഈ കേസുമായി ബന്ധപ്പെട്ട് പത്തോളം സി.പി. എം, ഡി..വൈ. എഫ്. ഐ പ്രവർത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനു ശേഷം ബോംബെറിൽ പ്രഥമദൃഷ്ട്യാ പങ്കില്ലെന്ന് വ്യക്തമായ എട്ടുപേരെ കസ്റ്റഡിയിൽ നിന്നും വിട്ടയക്കുകയും രണ്ടുപേർക്കെതിരെ വിശദമായ അന്വേഷണം നടത്തുകയുമായിരുന്നു. ഇതിൽ രണ്ടുപേരാണ് പ്രതികളായി പിടിക്കപ്പെട്ടത്.

പയ്യന്നൂർ ഡി.വൈ. എസ്‌പിയുടെ നേതൃത്വത്തിലാണ് പൊലിസ് കേസ് അന്വേഷിച്ചുവരുന്നത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ നിരീക്ഷണക്യാമറയിൽ ബൈക്കിൽ സഞ്ചരിക്കുന്ന പ്രതികളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂലായ് പതിനൊന്നിന് പുലർച്ചെ ഒന്നരയോടെയാണ് ആർ. എസ് . എസ് ജില്ലാകാര്യാലയമായ രാഷ്ട്രഭവന് നേരെ ബോംബേറുണ്ടായത്. രണ്ട് സ്റ്റീൽ ബോംബുകളാണ് അക്രമികൾ ഉപയോഗിച്ചത്.

ഇരുചക്രവാഹനത്തിലെത്തിയ സംഘം ആർ. എസ്. എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞതിന് ശേഷം രക്ഷപ്പെടുകയായിരുന്നു. ബോംബേറിൽ കാര്യാലയത്തിന് സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഗ്രില്ലിൽ തട്ടി തെറിച്ചു ബോംബ് പൊട്ടിയതിനാൽ ഗ്രില്ലുകൾ വളഞ്ഞുപോയിരുന്നു. എന്നാൽ ഈസമയം ആരും കാര്യാലയത്തിലുണ്ടായിരുന്നില്ല. ബോംബിന്റെ ചീളുകൾ പൊട്ടിത്തെറിച്ച് ജനൽചില്ലുകൾ തകർന്നിരുന്നു.

ഓഫീസ് സെക്രട്ടറി നൽകിയ പരാതിയിലാണ് പയ്യന്നൂർ ഡി.വൈ. എസ്. പി കെ. ഇ പ്രേമചന്ദ്രൻ കേസെടുത്ത് അന്വേഷണമാരംഭിച്ചത്. അക്രമത്തെ തുടർന്ന് വ്യാപകമായ പ്രതിഷേധം സംഘപരിവാർ നടത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, വിശ്വഹിന്ദുപരിഷത്ത് വൈസ് പ്രസി. വത്സൻ തില്ലങ്കേരി തുടങ്ങിയ നേതാക്കൾ സ്ഥലം സന്ദർശിച്ചിരുന്നു. ആർ. എസ്. എസ് ജില്ലാകാര്യാലമായി പ്രവർത്തിക്കുന്ന മന്ദിരമാണ് പയ്യന്നൂരിലെ രാഷ്ട്രഭവൻ.