- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേണു ബാലകൃഷ്ണനു രാജ്യസുരക്ഷയെ സംബന്ധിച്ച അൽപ്പം സ്റ്റഡി ക്ലാസ്സ് ആവശ്യമാണ്; ശ്രീനാരായണ ഗുരു ദൈവം അല്ലെന്നു പറഞ്ഞ ജഡ്ജിക്കു ഭരണഘടനയെക്കുറിച്ചും ഒരു ക്ലാസ്സ് നൽകണം: മറുനാടൻ വിട്ടു പോയ രണ്ട് എഡിറ്റോറിയലുകൾ
എല്ലാ ദിവസവും ചടങ്ങ് തീർക്കാനായി മറ്റ് മാദ്ധ്യമങ്ങളെ പോലെ എഡിറ്റോറിയൽ എഴുതുന്ന ഒരു മാദ്ധ്യമം അല്ല മറുനാടൻ മലയാളി. വ്യക്തവും ശക്തവുമായ അഭിപ്രായങ്ങൾ വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടായാൽ മാത്രമേ സാധാരണ ഞങ്ങൾ അഭിപ്രായം പറയൂ. പലപ്പോഴും വാർത്തകളിൽ തന്നെ അഭിപ്രായങ്ങൾ ഉള്ളതുകൊണ്ട് കൂടിയാണ് ഈ താമസം. എന്നാൽ ചിലപ്പോഴൊക്കെ വളരെ പ്രധാനപ്പെട്ട വിഷയങ്ങളും ഇങ്ങനെ അവഗണിക്കപ്പെടാറുണ്ട്. വായനക്കാർ ചൂണ്ടിക്കാട്ടുമ്പോൾ മാത്രം ആയിരിക്കും അതിന്റെ പ്രാധാന്യം ശ്രദ്ധിക്കുന്നത്. ഇത്തരത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ വേണ്ടിയാണ് ഈ എഡിറ്റോറിയൽ എഴുതുന്നത്. ശ്രീനാരായണ ഗുരു ദൈവം അല്ല എന്നു ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ അതിശയിപ്പിക്കുന്ന വിധിയെക്കുറിച്ചാണ് ഒന്നെങ്കിൽ ഇപ്പോഴും കേരളം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വേണു ബാലകൃഷ്ണന്റെ ഇന്ത്യാവിരുദ്ധ ടിവി ചർച്ചയാണ് രണ്ടാമത്തെ വിഷയം. ഇപ്പോഴും പ്രസക്തമായ വിഷയം എന്ന നിലയിൽ വേണു ബാലകൃഷ്ണന്റെ ടിവി ചർച്ചാവിഷയത്തിൽ തന്നെ ആരംഭിക്കാം. വേണു ബാ
എല്ലാ ദിവസവും ചടങ്ങ് തീർക്കാനായി മറ്റ് മാദ്ധ്യമങ്ങളെ പോലെ എഡിറ്റോറിയൽ എഴുതുന്ന ഒരു മാദ്ധ്യമം അല്ല മറുനാടൻ മലയാളി. വ്യക്തവും ശക്തവുമായ അഭിപ്രായങ്ങൾ വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടായാൽ മാത്രമേ സാധാരണ ഞങ്ങൾ അഭിപ്രായം പറയൂ. പലപ്പോഴും വാർത്തകളിൽ തന്നെ അഭിപ്രായങ്ങൾ ഉള്ളതുകൊണ്ട് കൂടിയാണ് ഈ താമസം. എന്നാൽ ചിലപ്പോഴൊക്കെ വളരെ പ്രധാനപ്പെട്ട വിഷയങ്ങളും ഇങ്ങനെ അവഗണിക്കപ്പെടാറുണ്ട്. വായനക്കാർ ചൂണ്ടിക്കാട്ടുമ്പോൾ മാത്രം ആയിരിക്കും അതിന്റെ പ്രാധാന്യം ശ്രദ്ധിക്കുന്നത്.
ഇത്തരത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ വേണ്ടിയാണ് ഈ എഡിറ്റോറിയൽ എഴുതുന്നത്. ശ്രീനാരായണ ഗുരു ദൈവം അല്ല എന്നു ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ അതിശയിപ്പിക്കുന്ന വിധിയെക്കുറിച്ചാണ് ഒന്നെങ്കിൽ ഇപ്പോഴും കേരളം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വേണു ബാലകൃഷ്ണന്റെ ഇന്ത്യാവിരുദ്ധ ടിവി ചർച്ചയാണ് രണ്ടാമത്തെ വിഷയം. ഇപ്പോഴും പ്രസക്തമായ വിഷയം എന്ന നിലയിൽ വേണു ബാലകൃഷ്ണന്റെ ടിവി ചർച്ചാവിഷയത്തിൽ തന്നെ ആരംഭിക്കാം.
വേണു ബാലകൃഷ്ണന് രാജ്യസുരക്ഷയെ കുറിച്ച് സ്റ്റഡി ക്ലാസ്സ് നൽകാൻ വൈകരുത്
വായിൽ എല്ലില്ലാത്ത മലയാള അവതാരകരിൽ പ്രമുഖനാണ് വേണു ബാലകൃഷ്ണൻ. മുൻപിൽ കിട്ടിയ ആളെ വലിപ്പച്ചെറുപ്പം നോക്കാതെ വലിച്ചു കീറാൻ വേണുവിന് നല്ല മിടുക്കാണ്. ഉമ്മൻ ചാണ്ടി പിണങ്ങി പോവുകയും കെ എം മാണി കോപാകുലനാവുകയും ചെയ്ത മുൻ അനുഭവങ്ങൾ വേണുവിനുണ്ട്. ജഡ്ജിയെ പോലെയാണ് വേണു ചർച്ചയിൽ പങ്കെടുക്കാൻ എത്തുന്നവരോട് സംസാരിക്കുന്നത്. മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ അതു ഒരു പരിധി വരെ നല്ല ഗുണമായി കാണേണ്ടിയിരിക്കുന്നു. വേണുവെന്ന സിംഹത്തിന്റെ മടയിൽ ചെല്ലാൻ പലരും ഭയപ്പെടുന്നത് അഭിമാനമായി തന്നെ കാണാം.
വേണു അടക്കം പല മാദ്ധ്യമ പ്രവർത്തകരും ഉന്നയിക്കുന്ന ചില ചോദ്യം ചെയ്യലുകൾക്ക് ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയാൻ അറിയാവുന്നവർ പോലും നാളെയും ചാനലുകളിൽ മുഖം കാണിക്കേണ്ടതുകൊണ്ട് മൗനം പാലിക്കുകയാണ്. രാജ്‌മോഹൻ ഉണ്ണിത്താനെ പോലെ അപൂർവ്വം ചിലർ മാത്രമാണ് അവസരം നഷ്ടപ്പെടുമോ എന്നു ഭയക്കാതെ അഭിപ്രായം പറയുന്നവർ. അതുകൊണ്ട് തന്നെ ജഡ്ജിമാരാകുന്ന ചാനൽ അവതാരകരെ പഴിച്ചിട്ട് ഒരു കാര്യവുമില്ല. ആത്മാഭിമാനം ഇല്ലാത്ത നേതാക്കൾ തന്നെയാണ് അതിന് ഉത്തരവാദികൾ.
ചാനൽ ചർച്ചകൾ പ്രേക്ഷകർക്ക് പ്രിയങ്കരം ആക്കാനായി പൊതുവെ ഒരുതരം നെഗറ്റീവ് സമീപനം ആണ് അവതാരകർ എടുക്കുക. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത പബ്ലിക് റിലേഷൻ ചോദ്യങ്ങളും ഉത്തരങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുകയില്ല. അതുകൊണ്ട് തന്നെ അവതാരകന്റെ പ്രധാനപ്പെട്ട ചുമതല ചോദ്യ കർത്താവിനെ പ്രകോപിപ്പിക്കുന്നതും ഉത്തരം പറയാൻ വിഷമിക്കുന്നതുമായ ചോദ്യങ്ങൾ ചോദിക്കുക എന്നത് തന്നെയാണ്. ഇതൊക്കെ സത്യം ആണെങ്കിലും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം വരുമ്പോൾ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിനേക്കാൾ കൂടുതൽ ഗൗരവം വേണം എന്ന കാര്യം വേണു മറന്നു പോവുകയായിരുന്നു എന്നു പറയാതെ വയ്യ.
[BLURB#1-VL]ഉറിയിലെ ആക്രമണത്തെ കുറിച്ചുള്ള ചർച്ചയിൽ വേണു പതിവ് പോലെ ഉത്തരം പറയേണ്ടവരുടെ എതിർ പക്ഷത്ത് നിന്നാണ് സംസാരിച്ചത്. അതുകൊണ്ട് തന്നെ ചോദ്യങ്ങൾ എല്ലാം ഒറ്റ കേൾവിയിൽ രാജ്യവിരുദ്ധമായി പ്രേക്ഷകർക്ക് തോന്നുകയും ചെയ്തു. വാസ്തവത്തിൽ ചോദ്യ കർത്താവ് എന്ന നിലയിൽ ആ വിഷയത്തെക്കുറിച്ചു കൂടുതൽ ഉൾക്കാഴ്ചയുണ്ടാക്കാൻ വേണ്ടിയാണ് വേണു സംസാരിച്ചത്. എന്നാൽ പതിവ് ശൈലിയിലുള്ള ആ ചോദ്യം ചെയ്യലുകൾ രാജ്യവിരുദ്ധം എന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റുമായിരുന്നില്ല.
അപ്രതീക്ഷിതമായ ആക്രമണത്തിൽ ഇന്ത്യയുടെ 19 സൈനികരുടെ ജീവൻ നഷ്ടമായതിന്റെ ഷോക്ക് തീരും മുൻപ് ബോധപൂർവ്വം രാജ്യം പട്ടാളക്കാരുടെ ജീവൻ ബലി കൊടുത്തു എന്നു തോന്നിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കേണ്ടത് തന്നെയായിരുന്നു. അതു ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന കാര്യമല്ല. നേരെ മറിച്ചു ഭരണഘടന ഉറപ്പ് വരുത്തുന്ന ന്യായമായ നിയന്ത്രണങ്ങളുടെ പട്ടികയിൽ വരുന്നതാണ് എന്ന് ചൂണ്ടിക്കാട്ടട്ടെ. ഇന്ത്യ മഹാരാജ്യം അതിന്റെ ഓരോ പ്രജയുടെ ജീവനും വില കൽപ്പിക്കുന്ന ജനാധിപത്യ രാജ്യം തന്നെയാണ്. രാജ്യത്തെ പൗരന്മാരുടെ ജീവൻ രക്ഷിക്കാൻ നിയമിച്ചിരിക്കുന്ന പട്ടാളക്കാരന്റെ ജീവൻ മനഃപൂർവ്വം കളയും എന്ന സൂചന പോലും അപകടരമാണ്. ആ അബദ്ധമാണ് പക്ഷേ വേണു ചെയ്തത്.
അഭിപ്രായ സ്വാതന്ത്ര്യം നമുക്കുള്ളപ്പോൾ തന്നെ അതു വിനിയോഗിക്കുന്നതിൽ ചില മര്യാദകളും സാമാന്യ ബോധവും കാണിക്കാൻ ഓരോ പൗരനും ബാധ്യസ്ഥരാണ്. കാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാന്റെ കയ്യിൽ ആണെന്നും അവിടെ പ്രവേശിക്കാൻ ഒരിക്കലും സാധിക്കില്ല എന്നു ഉറപ്പായിട്ടും എന്തുകൊണ്ടാണ് ആ ഭാഗം കൂടി നമ്മൾ ഇന്ത്യയുടെ മാപ്പിൽ ഉൾപ്പെടുത്തുന്നത് എന്നാലോചിച്ചാൽ പിടികിട്ടും വേണു ബാലകൃഷ്ണൻ ചെയ്ത കുറ്റത്തിന്റെ ഗൗരവം. പാക് അധിനിവേശ കാശ്മീരിന്റെ ഭാഗം ഇല്ലാതെയുള്ള ഇന്ത്യയുടെ മാപ്പ് പ്രസിദ്ധീകരിച്ചാൽ അതു ജയിൽ ശിക്ഷ കിട്ടുന്ന കുറ്റമാണെന്ന് അറിയാത്തയാളാണ് വേണുവെന്ന് ഞങ്ങൾ കരുതുന്നില്ല.
സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാതെ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്. ഏതൊരു കുറ്റവും ശിക്ഷിക്കപ്പെടുന്നത് അത് ചെയ്യുന്നയാളുടെ ഉദ്ദേശ്യം കൂടി കണക്കിലെടുത്തായതിനാൽ വേണുവിന് ഈ വിഷയത്തിന്റെ പേരിൽ വധശിക്ഷ കൊടുക്കേണ്ട കാര്യമൊന്നുമില്ല. തെറ്റ് ചൂണ്ടിക്കാട്ടുകയും ജനരോഷം മനസ്സിലാക്കുകയും ചെയ്ത സ്ഥിതിക്ക് ആ തെറ്റ് സമ്മതിച്ച് അതു തിരുത്തി മുൻപോട്ട് പോകാനാണ് ശ്രമിക്കേണ്ടത്.
ശ്രീനാരായണ ഗുരു ദൈവം അല്ലെങ്കിൽ ആരാണ് ദൈവം എന്നു ജഡ്ജിമാർ ചൂണ്ടിക്കാട്ടട്ടെ
ഈ മാസം ആദ്യം ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ശ്രദ്ധേയമായ ഒരു വിധി പുറപ്പെടുവിച്ചിരുന്നു. അമ്പലപ്പുഴ കരുമാടിയിലെ ഗുരുമന്ദിരം ഉൾപ്പെട്ട തർക്കത്തിലെ അപ്പീൽ പരിഗണിക്കവേ ജഡ്ജിമാരായ വി ചിദംബരേഷും കെ ഹരിലാലുമാണ് ആ വിധി പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരു ദൈവമോ അവതാരമോ അല്ലെന്നും അദ്ദേഹം വെറും ഒരു സാമൂഹ്യ പരിഷ്‌കർത്താവ് മാത്രമാണ് എന്നുമായിരുന്നു ഡിവിഷൻ ബഞ്ചിന്റെ വിധി. ഗുരു വിഗ്രഹാരാധനയെ എതിർത്തിരുന്നെന്നും അതിനാൽ ഗുരുവിനെ ആരാധിക്കുന്നത് തെറ്റാണ് എന്നുമാണ് കോടതി വിധിച്ചത്.
[BLURB#2-VR]നിർഭാഗ്യവശാൽ ഈ വിധിക്കെതിരെ കാര്യമായ പ്രതികരണങ്ങൾ ഒന്നും ആരും നടത്തി കണ്ടില്ല. ഒറ്റയ്ക്കും പെട്ടയ്ക്കും ഉണ്ടായ ചില പ്രതികരണങ്ങൾ കാണാതെയല്ല ഇതു പറയുന്നത്. ശ്രീനാരായണ ഗുരുവിനെ ഇപ്പോഴത്തെ നേതാക്കൾ കുരിശിൽ തറച്ചു എന്ന ആശയം വ്യക്തമാക്കാൻ ആലങ്കാരികമായി നടത്തിയ ഒരു നിശ്ചല ദൃശ്യത്തിന്റെ പേരിൽ ആഴ്ചകളോളം നീണ്ടു നിന്ന കുപ്രചാരണം നടത്തിയ വെള്ളാപ്പള്ളി നടേശനോ മകനോ കമാന്നൊരക്ഷരം ഇതേക്കുറിച്ച് മിണ്ടിയില്ല. ശ്രീനാരായണ ഗുരുവിന്റെ കുത്തകാവകാശം സ്വയം ഏറ്റെടുത്തിരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയും ഇതു കണ്ടെന്ന് നടിച്ചില്ല.
അത്ര അനാവശ്യമായി അവഗണിക്കേണ്ട ഒരു വിഷയം ആയിരുന്നില്ല ഇത്. ശ്രീനാരായണ ഗുരുവിനെ ദൈവം ആക്കണമോ വേണ്ടയോ എന്നു നിശ്ചയിക്കേണ്ടത് കോടതികൾ അല്ല. വിശ്വാസികൾ മാത്രമാണ്. എന്താണ് ദൈവം എന്നും ആരാണ് ദൈവം എന്നും ഇന്ത്യയിലെ ഒരു നിയമത്തിലും ഭരണഘടനയിലും എഴുതി വച്ചിട്ടില്ലാത്തിടത്തോളം കാലം ഒരു കോടതിയും അതിൽ അഭിപ്രായം പറയാൻ പാടില്ല. കോടതികളുടെ ചുമതല എന്നു പറയുന്നത് എഴുതി വച്ചിരിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുന്നുണ്ടോ അല്ലെങ്കിൽ ഈ നിയമങ്ങൾ ഭരണഘടനയ്ക്ക് വിരുദ്ധമാണോ എന്നു പരിശോധിക്കുക മാത്രമാണ്. ഏതെങ്കിലും ഒരു നിയമം ഇങ്ങനെ വ്യക്തമായി നിർവ്വചിക്കാൻ വയ്യാതെ വന്നാൽ അതിന് വ്യാഖ്യാനം നൽകാനുള്ള അധികാരവും കോടതിക്കുണ്ട്.
അവിടെ ഒതുങ്ങി നിൽക്കേണ്ടതാണ് കോടതിയുടെ വിധികൾ. ആരെ ദൈവം ആക്കണം എന്നു തീരുമാനിക്കാൻ ഇന്ത്യൻ ഭരണഘടന ഓരോ വ്യക്തിക്കും അധികാരം നൽകുന്നുണ്ട്. ശ്രീനാരായണ ഗുരു ദൈവം അല്ല എന്നു കോടതി പറയുമ്പോൾ ആരാണ് ദൈവം എന്ന ചോദ്യത്തിനു കൂടി ഉത്തരം നൽകേണ്ടതുണ്ട്. ഏക ദൈവ വിശ്വാസം ജഡ്ജിമാർക്കുണ്ട് എന്നു കരുതി എല്ലാ ഇന്ത്യാക്കാരനും അങ്ങനെയാവണം എന്നു ശഠിക്കുന്നത് നിരർത്ഥകമാണ്. ഇന്ത്യയിലെ ഹിന്ദു വിശ്വാസികൾ മുപ്പത്തിമുക്കോടി ദൈവങ്ങളെയാണ് ആരാധിക്കുന്നത്. മാതാവും പിതാവും ഗുരുവും ദൈവമാണ് എന്നു പഠിപ്പിക്കുന്ന മതമാണ് ഹിന്ദുവിന്റേത്.
അതുകൊണ്ട് തന്നെ ആർക്കും ആരെയും വിശ്വസിക്കാനും ആരാധിക്കാനും അവകാശം ഉണ്ടാവണം. ശ്രീനാരായണ ഗുരു തന്നെ തന്റെ എല്ലാ പ്രതിഷ്ഠകളിലൂടെയും വ്യത്യസ്തമായ ദൈവ സങ്കൽപ്പമാണ് മനുഷ്യ കുലത്തിന് നൽകിയത്. കണ്ണാടി പ്രതിഷ്ഠ വഴി ഗുരുദേവൻ അവനവനെ തന്നെ ദൈവമാക്കി പ്രഖ്യാപിക്കുക ആയിരുന്നു. ഖുശ്‌ബുവിനെയും സോണിയ ഗാന്ധിയെയും വരെ ദൈവമാക്കി ആരാധിച്ച ക്ഷേത്രങ്ങൾ തമിഴ്‌നാട്ടിൽ ഉണ്ടായിരുന്നു എന്നു മറക്കരുത്. ആ സ്ഥിതിക്ക് ഗുരുദേവൻ ദൈവം അല്ല എന്ന കോടതിയുടെ നിരീക്ഷണം അധികാരപരിധിക്കപ്പുറമുള്ള ഇടപെടലാണ് എന്ന് പറയാതെ വയ്യ.[BLURB#3-H]
എസ്എൻഡിപിയുമായി ബന്ധപ്പെട്ട സ്വത്തു തർക്കത്തിൽ നിയമം അനുശാസിക്കുന്ന വിധി പറയാനുള്ള പൂർണ്ണ അവകാശം കോടതിക്കുള്ളപ്പോൾ തന്നെ ദൈവത്തെക്കുറിച്ചുള്ള നിർവ്വചനം നടത്താൻ കോടതി നടത്തിയ ശ്രമം അപലനീയമാണ്. ജഡ്ജിമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ കോടതി വിധികളെ ബാധിക്കാൻ പാടില്ല. അവർ നിയമത്തിൽ എന്തെഴുതി വച്ചിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി മാത്രമേ അഭിപ്രായം പറയാൻ പാടുള്ളു. ഈ തെറ്റു കോടതി സ്വയം തിരുത്തണമെന്നും സ്വത്തു തർക്കവും വിശ്വാസ തർക്കവും രണ്ടായി കാണണം എന്നുമാണ് ഞങ്ങൾക്ക് പറയാനുള്ളത്. അല്ലെങ്കിൽ ഹിന്ദു ദൈവങ്ങൾ ഒന്നും ജീവിച്ചിരിക്കുന്നതിന് ചരിത്രപരമായി യാതൊരു തെളിവും ഇല്ല എന്നു പറഞ്ഞു ആരെങ്കിലും കോടതിയിൽ പോയാൽ അവരൊന്നും ദൈവം അല്ല എന്നു പ്രഖ്യാപിക്കേണ്ട ഗതികേടിലേക്ക് കോടതി മാറുമെന്ന് മറക്കരുത്.