മൂവാറ്റുപുഴ: ഒമാനിലെ സലാലയിൽ മലയാളി നഴ്‌സായ ചിക്കു റോബർട്ട്‌സിന്റെ ദുരൂഹ മരണത്തിന് ഉത്തരവാദികൾ ആരെന്ന് കണ്ടെത്താൻ ഇതുവരെ ഒമാൻ പൊലീസിന് സാധിച്ചിട്ടില്ല. ഈ മരണത്തിന്റെ കാരണം എന്തെന്ന് ഇതുവരെ ഉത്തരം ലഭിച്ചില്ല. കൊലപാതക കേസുമായി ബന്ധപ്പെട്ട ് ചിക്കുവിന്റെ ഭർത്താവ് ഏറെക്കാലും ദുരിതജീവിതം നയിക്കേണ്ടി വരികയും ചെയ്തു. സലാലയിലെ മലയാളികളെ ഞെട്ടിച്ച ഈ സംഭവത്തിന് ശേഷമാണ് ഇപ്പോൾ മലയാളി സമൂഹത്തെ ഞെട്ടിച്ച രണ്ട് കൊലപാതകങ്ങൾ കൂടി ഉണ്ടായിരിക്കുന്നത്.

മൂവാറ്റുപുഴ സ്വദേശികളായ മലയാളികൾ സലാലയിൽ കൊല്ലപ്പെട്ട സംഭവമാണ് പ്രവാസി മലയാളികൾക്കിടയിലെ ഞെട്ടിക്കുന്ന സംഭവമായി മാറിയത്. മൂവാറ്റുപുഴ ആട്ടായം മുടവനാശ്ശേരി വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് (52), സമീപവാസിയായ ഉറവക്കുഴി പുറ്റമറ്റത്തിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ നജീബ് (ബേബി-49) എന്നിവരാണ് മരണപ്പെട്ടത്. അയൽവാസികളും ബിസിനസ്സ് പങ്കാളികളാണ് ഇരുവരും. പരിചയക്കാർ നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന സംശയമാണ് കേസിൽ ബലപ്പെടുന്നത്. പണം തട്ടിയെടുക്കൽ ശ്രമം ഉണ്ടെന്നാണ് ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നത്.

സലാലയിൽ പുതിയ ക്രഷർ യൂണിറ്റിന്റെ നിർമ്മാണം കരാറെടുത്തിരുന്നെന്നും മാസങ്ങൾക്ക് മുമ്പു നിർമ്മാണം പൂർത്തിയായ ഇതിന്റെ ട്രയൽ റൺ ശനിയാഴ്ച നടന്നുവെന്നും ഈയിനത്തിൽ ഇവർക്ക് വൻതുക നിർമ്മാണ കരാർ കൈമാറിയ തദ്ദേശവാസിയിൽ നിന്നും ലഭിക്കാനുണ്ടെന്നും ഈ സാഹചര്യത്തിൽ ഇരുവരും മരിച്ചതിൽ ഏറെ ദുരൂഹതയുണ്ടെന്നും മരിച്ച മുഹമ്മദിന്റെ സഹോദരൻ സമദ് പറഞ്ഞു. ക്രഷർ യൂണിറ്റിന്റെ നിർമ്മാണത്തിന്റെ കരാർ തരപ്പെടുത്തിയത് മരണമടഞ്ഞ നജീബിന്റെ സുഹൃത്തും നാട്ടുകാരനുമായ കരീമാണ്. മരണമടഞ്ഞ മുഹമ്മദിന് നാട്ടിൽ സ്വന്തമായി ക്രെഷർ യൂണിറ്റുണ്ട്. ഇതുമൂലം ഈ രംഗത്തെ മുഴുവൻ കാര്യങ്ങളും അറിയാമെന്ന നിലയ്ക്ക് കരീമിന്റെ നിർദ്ദേശ പ്രകാരം നജീബ് മുഹമ്മദിനെ സലാലയിലെ ഇവിടെ തുംറൈത്ത് എന്ന സ്ഥലത്തെ ക്രെഷർ യൂണിറ്റ് നിർമ്മാണത്തിൽ പങ്കാളിയാക്കുകയായിരുന്നു.

ക്രെഷർ യൂണിറ്റിലേക്കുള്ള മുഴുവൻ യന്ത്രസാമഗ്രികളും നാട്ടിൽ നിന്നും സലാലയിൽ എത്തിക്കുകയായിരുന്നു. പണി പൂർത്തിയായതിനെത്തുടർന്ന് നാട്ടിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൊണ്ടുപോയിരുന്ന തൊഴിലാളികളെ ആഴ്ചകൾക്കു മുമ്പേ തിരിച്ചയച്ചിരുന്നു. 26-ാം തീയതി നാട്ടിലെത്താൽ പാകത്തിൽ ഇരുവരും ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്തിരുന്നതായി ഭാര്യമാരോട് പറയുകയും ചെയ്തിരുന്നു.

ഇതിനിടയിലാണ് ഇന്നലെ രാവിലെ ഒരാളെ സലാലയിൽ ദാരീസിലെ താമസസ്ഥലത്തും മറ്റൊരാളെ സമീപത്തുള്ള കെട്ടിടത്തിന് താഴെയും മരിച്ച നിലയിൽ കണ്ടെത്തിയതായി അറിയിപ്പ് വന്നത്. ഇരുവരും ഒന്നരവർഷം മുമ്പ് വിസിറ്റിങ് വിസയിലാണ് സലാലയിൽ എത്തിയത്. മരണവിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ച് കേസിന് തുമ്പുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു.

മരണത്തിനു പിന്നിലെ യഥാർത്ഥ കാരണമറിയാൻ ഇരുവരുടെയും ബന്ധുക്കൾ സലാലയിലെ പരിചയക്കാരെ നിരന്തരം ഫോണിൽ ബന്ധപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തൽ ഇനിയും കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. മൂഹമ്മദും നജീബും തമ്മിൽ യാതൊരു പ്രശ്‌നങ്ങളും ഉണ്ടാവാനിടയില്ലെന്നും ഇവരെ അടുത്തറിയാവുന്ന വരിലാരോ അപായപ്പെടുത്തിയതാണെന്നുമാണ് ബന്ധുക്കളും നാട്ടുകാരും പങ്കുവയ്ക്കുന്ന വിവരം.