മസ്‌കത്ത്: ഇന്ധനം നിറക്കവെ മിനി ബസിന് തീപിടിച്ചതിനെ തുടർന്നാണ് പെട്രോൾ സ്റ്റേഷനിൽ വൻ തീപിടുത്തം. ഒമാനിലെ അൽഗുബ്രയിലുള്ള പെട്രോൾ സ്‌റ്റേഷനിൽ ആണ് തിപിടിച്ചത്. അൽഗൂബ്ര ഇന്ത്യൻ സ്‌കൂളിന് സമീപമുള്ള അൽമഹാ പെട്രോൾ സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. സിവിൽ ഡിഫൻസ് അധികൃതരുടെ അവസരോചിതമായ ഇടപെടൽ കാരണം വൻദുരന്തം ഒഴിവായി. സംഭവത്തിൽ പമ്പിലെ ജീവനക്കാരായ കോഴിക്കോട് സ്വദേശി അബ്ദുറഹ്മാനും കാസർകോട് സ്വദേശി ഷാഫിക്കും പൊള്ളലേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീ പടരുന്നത് കണ്ടതോടെ ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം ഓടിരക്ഷപെട്ടു. അഗ്‌നിബാധയെ തുടർന്ന് ബസ് ഏതാണ്ട് പൂർണമായി കത്തിനശിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അഗ്‌നിബാധയിൽ പെട്രോൾ സ്റ്റേഷനിലെ രണ്ട് ഫില്ലറുകൾ കത്തിനശിച്ചു. മേൽക്കൂരയുടെ ഒരു ഭാഗത്തിനും നാശമുണ്ട്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.

വേനൽ കടുത്തതോടെ തീപിടിത്തങ്ങൾ തുടർക്കഥയാണ്. ഈ മാസം രണ്ടാം തവണയാണ് പെട്രോൾ സ്റ്റേഷനിൽ തീപിടിത്തമുണ്ടാകുന്നത്. ജൂൺ മൂന്നിന് ബിദ്ബിദിലെ പെട്രോൾ സ്റ്റേഷനിൽ എണ്ണ നിറക്കവേ കാറിന് തീപിടിച്ചിരുന്നു. വാഹനത്തിൽനിന്ന് പൊടുന്നനെ പെട്രോൾ സ്റ്റേഷനിലേക്ക് തീ പടരുകയായിരുന്നു. പെട്രോൾ സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള സുരക്ഷാ നിർദേശങ്ങൾ അനുസരിക്കണമെന്നും അപകടം ഒഴിവാക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും സിവിൽ ഡിഫൻസ് അധികൃതർ ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു.