ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് മലയാളിയുവാക്കളെ തമിഴ്‌നാട് പൊലീസ് അറസ്റ്റുചെയ്തു. മൂന്ന് വർഷമായി പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കുകയും ന​ഗ്നദൃശ്യങ്ങൾ കാമറയിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ചെന്നൈ എരുക്കഞ്ചേരി എസ്.എം. നഗർ ഒ.എസ്.സി. കോളനിയിൽ താമസിക്കുന്ന ചെങ്ങന്നൂർ സ്വദേശി സുബിൻ ബാബു (24), സുഹൃത്ത് സജിൻ വർഗീസ് (27) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. താംബരം ഓൾ വുമൻ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സ്വകാര്യകമ്പനിയിൽ മാനേജരാണ് മുഖ്യപ്രതിയായ സുബിൻ ബാബു. ചെന്നൈ സെമ്പാക്കത്ത് താമസിക്കുന്ന 19 വയസ്സുള്ള മലയാളി പെൺകുട്ടിയെ 2017-ലാണ് സുബിൻ പരിചയപ്പെടുന്നത്. അപ്പോൾ 16 വയസ്സുണ്ടായിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി പ്രതി പീഡിപ്പിച്ചു. പെൺകുട്ടിയുടെ എതിർപ്പ് വകവെക്കാതെ ഈ ദൃശ്യങ്ങൾ സുബിൻ ഫോണിൽ ചിത്രീകരിക്കുകയുംചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണപ്പെടുത്തി ഇയാൾ പണമാവശ്യപ്പെട്ടു. ഭയന്ന പെൺകുട്ടി പലപ്പോഴായി പണവും തന്റെ ആഭരണങ്ങളുമടക്കം പ്രതിക്ക് നൽകി. മൂന്നുലക്ഷത്തോളം രൂപ ഇത്തരത്തിൽ സുബിൻ തട്ടിയെടുത്തു.

വീണ്ടും പണമാവശ്യപ്പെട്ട് ശല്യം തുടർന്നതോടെ പെൺകുട്ടി ആത്മഹത്യശ്രമം നടത്തി. അപ്പോഴാണ് ഈ സംഭവങ്ങൾ പെൺകുട്ടിയുടെ മാതാപിതാക്കൾ അറിയുന്നത്. അവർ ഇടപെട്ടതോടെ പിന്നീട് കുറേനാളത്തേക്ക് ശല്യമില്ലായിരുന്നെങ്കിലും കഴിഞ്ഞവർഷം വീണ്ടും പ്രതി പെൺകുട്ടിയെ സമീപിച്ച് ഭീഷണിപ്പെടുത്തി. തന്നെ വിവാഹം ചെയ്യണമെന്ന് പെൺകുട്ടി സുബിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസമ്മതിക്കാതിരുന്ന പ്രതി സജിൻ വർഗീസിനെയും മറ്റൊരു സുഹൃത്തിനെയും ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്.

16 വയസ്സുമുതലുള്ള സ്വകാര്യവീഡിയോകൾ കൈവശമുണ്ടെന്നും അത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും തങ്ങളെ അനുസരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നുമാണ് സജിൻ വർഗീസ് ഭീഷണിപ്പെടുത്തിയത്. മാതാപിതാക്കളെ ഈ വിവരങ്ങളറിയിച്ച പെൺകുട്ടി പിന്നീട് താംബരം ഓൾ വുമൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതികളുടെ പേരിൽ പോക്സോ നിയമവകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ടുപ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.