താമരശ്ശേരി: കുരുന്നു ജീവൻ അപഹരിക്കുന്ന അവധിക്കാര ദുരന്തങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊരു ദുഃഖകരമായ സംഭവം കൂടി. താമരശ്ശേരിക്ക് സമീപത്തെ പുതുപ്പാടിയിൽ വിവാഹത്തിനെത്തിയ ബന്ധുക്കളായ കുട്ടികൾ കയത്തിൽ വീണ് മുങ്ങി മരിച്ചതാണ് ദുരന്തങ്ങളുടെ കൂട്ടത്തിലെ ഒടുവിലത്തെ സംഭവം. ഏഴു വയസുകാരായ രണ്ട് കുട്ടികളുടെ ജീവനാണ് ഈ വിധത്തിൽ പൊലിഞ്ഞത്. പുതുപ്പാടി വനപർവം ജൈവ ഉദ്യോനം സന്ദർശിക്കാൻ എത്തിയ വേളയിലായിരുന്നു അപകടം.

പടനിലം കൊല്ലരുകണ്ടി മൂസയുടെ മകൻ മുഹമ്മദ് മെഹ്‌റൂഫ് (ഏഴ്), നരിക്കുനി കണ്ടോത്തുപാറ താഴെ ചുള്ളിയാട്ട് അഷ്‌റഫിന്റെ മകൻ അബ്ദുൽ ബാസിത് (ഏഴ്) എന്നിവരാണു മരിച്ചത്. അഷ്‌റഫിന്റെ ഭാര്യാ സഹോദരിയുടെ മകനാണ് മെഹ്‌റൂഫ്. വേനക്കാവിലുള്ള ബന്ധുവിന്റെ കല്യാണത്തിനു തന്റെ രണ്ടു മക്കളെയും ഭാര്യാ സഹോദരിയുടെ മകനെയും കൂട്ടി വന്ന അഷ്‌റഫ് കല്യാണത്തിനുശേഷം വനപർവം സന്ദർശിക്കാൻ പോയതായിരുന്നു. പാത്തിപ്പാറ തോട്ടിലെ പാറക്കെട്ടിനോടു ചേർന്ന കയത്തിലാണ് ഇരുവരും മുങ്ങിപ്പോയത്.

മുഹമ്മദ് മെഹ്‌റൂഫ് ചൂലാംവയൽ മാക്കൂട്ടം എഎംയുപി സ്‌കൂൾ വിദ്യാർത്ഥിയാണ്. ഉമ്മ: ഹഫ്‌സത്ത്. സഹോദരി: ആയിഷ മിൻഹ. ജനാസ നമസ്‌കാരം വിദേശത്തുള്ള പിതാവ് മൂസ നാട്ടിലെത്തിയതിന് ശേഷം. പള്ളിത്താഴം ഐപിസി എഎംഎൽപി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അബ്ദുൽ ബാസിത്. ഉമ്മ: സാറ. സഹോദരങ്ങൾ: അഹമ്മദ് ഫായിസ്, ഒരു മാസം പ്രായമുള്ള സഹോദരി. ജനാസ നമസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പിസിപാലം ജുമാ മസ്ജിദിൽ.

പാറക്കെട്ടിൽ നിന്ന് കാൽവഴുതിയ കുട്ടികളിലൊരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റേയാളും വെള്ളത്തിൽ വീണത്. തൊട്ടു പിന്നാലെ കയത്തിലേക്ക് ചാടിയ അഷ്‌റഫിനും ഇവരെ രക്ഷപ്പെടുത്താനായില്ല. കരയ്ക്കിരുന്ന ബാസിതിന്റെ സഹോദരൻ അഹമ്മദ് ഫായിസിന്റെ നിലവിളികേട്ട് എത്തിയ നാട്ടുകാർ അഷ്‌റഫിനു മുണ്ട് ഇട്ടുകൊടുത്ത് കരയ്‌ക്കെത്തിച്ചു. തുടർന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വനപർവത്തിൽ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായ ഈ കയം ഏറെ അപകട സാധ്യതയുള്ളതാണെങ്കിലും സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. ഇവിടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യങ്ങളും അപകടത്തെ തുടർന്ന് ശക്തമായിട്ടുണ്ട്.