കൊല്ലം: ഉത്രാട ദിനത്തിൽ വാൻ നിയന്ത്രണം വിട്ട് റോഡരുകിലെ കടയിലേക്കു പാഞ്ഞു കയറി രണ്ട് പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിൽ. ചടയമംഗലം പൂങ്കോട് സ്വദേശി ശശികുമാർ (48), കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി ഹരികുമാർ (47) എന്നിവരാണ് മരിച്ചത്. വാളകം അറയ്ക്കൽ സ്വദേശി ഷിജു,വയയ്ക്കൽ സ്വദേശി മോഹനൻപിള്ള എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം കിംസ് ഹോസ്റ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനപാതയിൽ ആയൂരിൽ പ്രവർത്തിക്കുന്ന ശ്രീ ഭദ്രാ ഫർണീച്ചർ ഷോപ്പിലേക്കാണ് ഈസ്റ്റേൺ ഗ്രൂപ്പിന്റെ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഓണകച്ചവടത്തിന്റെ ഭാഗമായി ഫർണീച്ചർ കയറ്റി അയയ്ക്കാൻനിന്ന കടയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.

പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കര ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഈസ്റ്റേൺ ഗ്രൂപ്പിന്റെ വാഹനം ഫർണ്ണീച്ചർ ഷോപ്പിലെക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം ജീവനക്കാർ കടയുടെ പുറത്ത് ഫർണ്ണീച്ചർ കയറ്റി അയക്കുവാനായി യായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ശശികുമാർ സംഭവസ്ഥലത്തും ഹരികുമാറിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയുമാണ് മരണപ്പെട്ടത്. 12 വർഷക്കാലമായി ഈ  ഫർണ്ണീച്ചർ ഷോപ്പിലെ ജീവനക്കാരാണ് മരിച്ച രണ്ടു പേരും. ഡ്രൈവർ ഉറങ്ങിയതാകാം മരണകാരണമെന്ന് പൊലീസ് പറയുന്നു. അപകടം നടന്നയുടൻ ഡ്രൈവർ ഓടി രക്ഷപെട്ടു. ചടയമംഗലം പൊലീസ് കേസെടുത്തു.