ശ്രീനഗർ: കാഷ്മീരിൽ വീണ്ടും പ്രകോപനം തുടർന്ന് പാക് പട്ടാളം. ജമ്മു കശ്മീരിലെ ജനവാസ കേന്ദ്രങ്ങളിൽ പാക് പട്ടാളം നടത്തിയ വെടിവയ്‌പ്പിൽ രണ്ടു നാട്ടുകാർ കൊല്ലപ്പെട്ടു. നൗഷേരെയിലുണ്ടായ പാക്ക് വെടിവയ്പിൽ മൂന്നുപേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. അതിർത്തിയിൽ വെടിവയ്പ് തുടരുകയാണ്.

രജൗരി ജില്ലയിലെ നൗഷേര മേഖലയിലാണ് പാക് റേഞ്ചേഴ്‌സ് വെടിവയ്പും ഷെല്ലാക്രമണവും നടത്തുന്നത്. ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നൽകുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസവും ഇതേ രീതിയിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയിരുന്നു, ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ജനവാസകേന്ദ്രങ്ങളിലേക്കു പാക്ക് പട്ടാളം നടത്തിയ ഷെല്ലാക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു.

ഇന്ത്യ നടത്തിയ തിരിച്ചടിയിൽ രണ്ടു പാക്ക് സൈനികർക്കു പരുക്കേറ്റു. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ലാം മേഖലയിലെ അക്തർബിയാണു (35) കൊല്ലപ്പെട്ടത്. ഭർത്താവ് മുഹമ്മദ് ഹനീഫിനു പരുക്കേറ്റു. കഴിഞ്ഞമാസം ആറുതവണ പാക്ക് സൈന്യം വെടിനിർത്തൽ ലംഘിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ റദ്ദാക്കിയ രാജ്യാന്തര കോടതിയുടെ ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ പാക്കിസ്ഥാൻ ഉറച്ചുനിൽക്കുകയാണ്.