കൊച്ചി: സംസ്ഥാനത്ത് ഐഎസ് ബന്ധത്തിന്റെ പേരിൽ അടിക്കടിയുണ്ടാകുന്ന അറസ്റ്റുകളിൽ പ്രതിരോധത്തിലായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ കീഴിലുള്ള സംസ്ഥാന ഇന്റലിജൻസ്, പൊലീസ് സംവിധാനങ്ങളിലെ വീഴ്ച സംബന്ധിച്ച് കേന്ദ്രം റിപ്പോർട്ട് തേടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടും ശക്തമായ നടപടികൾ സംസ്ഥാനം സ്വീകരിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണിത്. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്നും ഐഎസ് ബന്ധത്തിന്റെ പേരിൽ എൻഐഎ കസ്റ്റഡിയിലെടുത്ത 5 പേരിൽ രണ്ടു പേർ മലയാളികളാണെന്നാണ് സൂചന.

കേരളത്തിലും കോയമ്പത്തൂരിലുമായി ജോലി നോക്കി വരവേയാണ് ഇവർ എൻഐഎയുടെ വലയിലാകുന്നത്. തിരുപ്പൂരിൽ തയ്യൽപ്പണിക്കാരനായിരുന്ന അബ്ദുൾ റസാഖ്(25) വിൻസെന്റ് റോഡിൽ പഴയ ബുക്കുകൾ വിൽക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന പിള്ളയാർപുരം കസ്തൂരി ഗാർഡനിലെ സനഫർ അലി(23), സദ്ദാം ഹുസൈൻ(25), കോയന്പത്തൂർ ഗാന്ധിപുരത്തെ ബാറ്റാ ഷോറൂം മാനേജർ വസീം ഖാൻ(24), ഇവിടെ സെയിൽസ്മാൻ ആയ തൗഫീഖ് റഹ്മാൻ(23), ഗാന്ധിപുരം സ്വദേശി നിസാർ അഹമ്മദ് എന്നിവരാണ് പിടിയിലായത്.

കേരളത്തിൽ ഉൾപ്പെടെ തൊഴിലെടുക്കുകയും രഹസ്യമായി പ്രവർത്തനം നടത്തി പോരുകയും ചെയ്ത ഇവരെപ്പറ്റി വിവരം ലഭിക്കുന്നത് ആലപ്പുഴയിൽ പിടിയിലായ ബാസിൽ ഷിഹാബിൽ നിന്നാണ്. ഇവരുടെ നേതൃത്വത്തിൽ നടന്നു വന്ന പ്രവർത്തനങ്ങളെപ്പറ്റി എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒപ്പം ഇവരിൽ നിന്നും പിടിച്ചെടുത്ത രേഖകളും മറ്റ് വസ്തുക്കളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് ഐഎസ് റിക്രൂട്ടിംഗിന്റെ പേരിൽ കേരളം വാർത്തകളിൽ നിറഞ്ഞിട്ടും ഇവരുടെ വ്യാപനം തടയാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളാത്തത് സംസ്ഥാന ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. ചില സൈറ്റുകളും, സംഘടനകളെയും നിരീക്ഷിക്കുന്നതൊഴിച്ചാൽ എൻഐഎ അറസ്റ്റ് ചെയ്യുമ്പോൾ മാത്രമാണ് ആഭ്യന്തര വകുപ്പ് പല കാര്യങ്ങളും അറിയുന്നതെന്നാണ് ആക്ഷേപം.

ഇതിനിടെ ആലപ്പുഴയിലെ അറസ്റ്റിന് പിന്നാലെ ബിജെപി ബാസിൽ ഷിഹാബിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ച് പൊലീസ് ഗൗരവത്തോടെയാണ്  കാണുന്നത്. വിഷയം ക്രമസമാധാന പ്രശ്‌നമായി മാറിയേക്കുമെന്ന കണക്ക്കൂട്ടലിലാണിത്.